'കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ തുടരും; ഇക്കാര്യം തനിക്ക് ഉറപ്പുണ്ട്'; ഭരണം തിരിച്ചു പിടിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വിയര്‍പ്പൊഴുക്കി പരിശ്രമം തുടരുമ്പോള്‍ പിന്നില്‍ നിന്നും കുത്തി മണിശങ്കര്‍ അയ്യരുടെ പ്രസ്താവന; ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനം കേരളമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പുകഴ്ത്തല്‍
'കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയന്‍ തന്നെ തുടരും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളെല്ലാം ചേര്‍ന്ന് കേരളത്തില്‍ ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമം ശക്തമാക്കവേ പിന്നില്‍ നിന്നും കുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. അടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് പറഞ്ഞാണ് മുന്‍ കേന്ദ്രമന്ത്രി രംഗത്തുവന്നത്. ആസൂത്രണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന വേളയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചും മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയത്.
പഞ്ചായത്തീ രാജ് സംവിധാനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയെ കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് 'അടുത്ത മുഖ്യമന്ത്രിയും ഇദ്ദേഹം തന്നെയായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന' ആമുഖത്തോടെ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി നിലനിര്‍ത്താന്‍ നിയമത്തില്‍ ഭേദഗതികള്‍ വരുത്തണമെന്ന ആവശ്യം ഉന്നയിച്ചത്.
രാജ്യത്ത് പഞ്ചായത്തീരാജ് വ്യവസ്ഥക്ക് വേണ്ടി വാദിക്കാന്‍ ഇന്ന് മറ്റാരുമില്ല. കോണ്‍ഗ്രസ് കൈവിട്ട ആ ബാറ്റണ്‍ ദയവായി ഏറ്റെടുക്കണമെന്നാണ് തനിക്ക് മുഖ്യമന്ത്രിയോട് അപേക്ഷിക്കാനുള്ളത്. ഏറ്റവും പാവപ്പെട്ടവന് പോലും ഇത് തന്റെ രാജ്യമാണെന്നും രാജ്യ നിര്‍മ്മാണത്തില്‍ തനിക്ക് നിര്‍ണ്ണായകമായ ശബ്ദമുണ്ടെന്നും തോന്നുന്ന ഒരു ഇന്ത്യ എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ഗാന്ധിജിയുടെ ആ ലക്ഷ്യത്തിലേക്കെത്തിയ ഇന്ത്യയിലെ ഏക സംസ്ഥാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളമാണ്.
ഇതൊരു പുകഴ്ത്തലാണോ അതോ ആക്ഷേപമാണോ എന്ന് തനിക്കറിയില്ല. പക്ഷേ, സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിപാടിയായിട്ടും ദേശീയ പ്രാധാന്യമുള്ളതായിട്ടും തന്റെ പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകര്‍ ഇവിടെ ഇല്ലാത്തതില്‍ തനിക്ക് വലിയ ഖേദവും കുറ്റബോധവുമുണ്ട്. പഞ്ചായത്തീരാജ് സംവിധാനത്തില്‍ ഇന്ത്യയുടെ നേതാവാണ് കേരളം. രാജീവ് ഗാന്ധിയുടെ പ്രതീക്ഷകള്‍ മറ്റാരെക്കാളും മികച്ച രീതിയില്‍ നടപ്പിലാക്കിയത് കേരളമാണ് എന്നത് ഒരു വൈരുദ്ധ്യമായി തോന്നാം. പ്രായോഗികതലത്തില്‍ കേരളം ഒന്നാമതാണെങ്കിലും കര്‍ണാടകയുമായി താരതമ്യം ചെയ്യുമ്പോള്‍ നിയമനിര്‍മ്മാണത്തില്‍ കേരളം രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം കഴിഞ്ഞെത്തിയ മണിശങ്കര്‍ അയ്യറെ മുഖ്യമന്ത്രി എഴുന്നേറ്റ് ഹസ്തദാനം ചെയ്താണ് സ്വീകരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാന സര്‍ക്കാര്‍ പ്രതിഛായ നിര്‍മ്മിതിക്ക് വേണ്ടി നടത്തുന്ന പരിപാടിയാണിതെന്നും പങ്കെടുക്കരുതെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മണിശങ്കര്‍ അയ്യര്‍ക്ക് കത്തയച്ചിരുന്നു. കത്ത് തള്ളിയാണ് അദ്ദേഹം പങ്കെടുത്തത്. മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയേക്കുമെന്നാണ് സൂചന.
മണിശങ്കര്‍ അയ്യരുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
'1931-ല്‍ ഭാരതത്തെക്കുറിച്ചുള്ള സ്വപ്നം എന്താണെന്ന ചോദ്യത്തിന് ഗാന്ധിജി നല്‍കിയ മറുപടി ഇതായിരുന്നു: 'ഏറ്റവും പാവപ്പെട്ടവര്‍ക്കും ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, അതിന്റെ നിര്‍മ്മാണത്തില്‍ തങ്ങള്‍ക്ക് ഫലപ്രദമായ ശബ്ദമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു ഇന്ത്യയ്ക്കായി ഞാന്‍ പ്രവര്‍ത്തിക്കും.' ഗാന്ധിജിയുടെ ഈ പ്രഖ്യാപിത ലക്ഷ്യത്തിനായി യഥാര്‍ത്ഥ പുരോഗതി കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളമാണ് എന്നത് കൗതുകകരമാണ്. ഇതൊരു പ്രശംസയാണോ അതോ പരിഹാസമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, ഇതൊരു ദേശീയ പ്രാധാന്യമുള്ള സംസ്ഥാന സര്‍ക്കാര്‍ ചടങ്ങായിട്ടും എന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഇവിടെ ഇല്ലാത്തതില്‍ ഞാന്‍ ഖേദിക്കുന്നു.
സമയം പരിമിതമായതിനാല്‍ ഞാന്‍ പ്രധാന കാര്യത്തിലേക്ക് കടക്കാം. ത്രിതല പഞ്ചായത്തീരാജ് ഭരണനിര്‍വ്വഹണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങള്‍ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ 'പ്രയോഗത്തില്‍' കേരളം ഒന്നാമതാണെങ്കിലും, 'നിയമത്തിന്റെ' കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ തവണ ഞാന്‍ ഇവിടെ വന്നപ്പോള്‍ ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. രമേഷ് കുമാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകയില്‍ വളരെ മികച്ചതും ആധുനികവുമായ പഞ്ചായത്തീരാജ് നിയമനിര്‍മ്മാണം നിലവിലുണ്ട്. ആ കമ്മിറ്റിയില്‍ ഞാന്‍ നിര്‍ദ്ദേശിച്ച 38 ഭേദഗതികളും അവര്‍ പൂര്‍ണ്ണമായി അംഗീകരിച്ചിരുന്നു. കൂടാതെ, പഞ്ചായത്തീരാജിന്റെ ഗുരുവെന്ന് വിശേഷിപ്പിക്കാവുന്ന വി.കെ. രാമചന്ദ്രന്‍ ഇന്ന് ഈ വേദിയിലുണ്ട്. ഡോ. തോമസ് ഐസക്ക് ക്ഷമിക്കുമല്ലോ, പക്ഷേ രാമചന്ദ്രന്‍ തന്നെയാണ് ഈ വിഷയത്തിലെ യഥാര്‍ത്ഥ ഗുരു. അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള വിദഗ്ധര്‍ അന്ന് ഇവിടെ ഉണ്ടായിരുന്നതുകൊണ്ട് ആ കമ്മിറ്റിയില്‍ ആരെല്ലാം ഉണ്ടാകണമെന്നും ഞാന്‍ സൂചിപ്പിച്ചിരുന്നു.
പിണറായി വിജയന്‍ തന്നെയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഞാന്‍ ഒന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്: പഞ്ചായത്തീരാജ് രംഗത്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം പൂര്‍ണ്ണമായി ഉറപ്പിക്കാന്‍ നമ്മുടെ അനുഭവങ്ങളുടെയും, തോമസ് ഐസക്കിന്റെ ഉള്‍ക്കാഴ്ചകളുടെയും, ഞാന്‍ അധ്യക്ഷനായിരുന്ന അഞ്ച് വാല്യങ്ങളുള്ള റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സംസ്ഥാന നിയമ ഭേദഗതി കൊണ്ടുവരണം. എല്ലാറ്റിനുമുപരി, ആസൂത്രണ കമ്മീഷന്‍ പഞ്ചായത്തീരാജില്‍ വിശ്വസിച്ചിരുന്ന കാലത്ത് വി.കെ. രാമചന്ദ്രന്‍ തയ്യാറാക്കിയ ജില്ലാ ആസൂത്രണത്തെക്കുറിച്ചുള്ള കുറിപ്പും ഇതിനായി പരിഗണിക്കണം. രാജ്യത്ത് ഇന്ന് പഞ്ചായത്തീരാജിനായി ശബ്ദമുയര്‍ത്താന്‍ അധികം ആരും അവശേഷിക്കുന്നില്ല. അതിനാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ പക്കല്‍ ഞാന്‍ അപേക്ഷിക്കുന്നു: സര്‍, ദയവായി കോണ്‍ഗ്രസ് കൈവിട്ട ആ ദൗത്യം അങ്ങ് ഏറ്റെടുക്കുക.
നന്ദി, കേരളം ഐശ്വര്യപൂര്‍ണ്ണമാകട്ടെ.'
