'ഒരു വാതില്‍ അടയുമ്പോള്‍ പല വാതിലുകള്‍ തുറക്കും'; ദീപ്തിയെ വെട്ടിയവര്‍ക്ക് കുഴല്‍നാടന്റെ വക 'കൊട്ട്'! അരമനയും മെത്രാനും കണ്ണുരുട്ടി കാണിക്കുമ്പോള്‍ നിക്കറില്‍ മുള്ളുന്ന നേതാക്കളെന്ന് അണികള്‍ സോഷ്യല്‍ മീഡിയയില്‍; സര്‍ക്കുലര്‍ കാറ്റില്‍ പറത്തിയതില്‍ കൊച്ചിയില്‍ കോണ്‍ഗ്രസ് വെട്ടിലാകുമോ?

സര്‍ക്കുലര്‍ കാറ്റില്‍ പറത്തിയതില്‍ കൊച്ചിയില്‍ കോണ്‍ഗ്രസ് വെട്ടിലാകുമോ?

Update: 2025-12-23 16:53 GMT

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് ദീപ്തി മേരി വര്‍ഗീസിനെ ഡിസിസി നേതൃത്വം വെട്ടിമാറ്റിയത് കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണെന്ന ആരോപണം ശക്തമാണ്. ഇതിനിടെ ദീപ്തിക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നുണ്ട്. ദീപ്്തിക്ക് അനുകൂലമായ വികാരമാണ് അണികളും പ്രകടിപ്പിക്കുന്നത്.

ദീപ്തിയെ പിന്തുണച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ രംഗത്തെത്തി.

കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ്: 'ആരെയും മാറ്റിനിര്‍ത്താനാവില്ല'

'ഒരു വാതില്‍ അടയുമ്പോള്‍ ഒരുപാട് വാതിലുകള്‍ തുറക്കപ്പെടും; രാഷ്ട്രീയത്തില്‍ എന്നത്തേക്കും ആര്‍ക്കും ആരെയും മാറ്റിനിര്‍ത്താനാവില്ല' എന്ന മാത്യു കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.


Full View

കുഴല്‍നാടന്റെ പോസ്റ്റിന് കീഴെ നിരവധി പേര്‍ ദീപ്തിയെ പിന്തുണച്ച് കമന്റുകള്‍ ഇടുന്നുണ്ട്.

അരമനയും മെത്രാനും കണ്ണുരുട്ടി കാണിക്കുമ്പോള്‍ നിക്കറില്‍ മുള്ളുന്ന പാര്‍ട്ടിയും കുറെ നേതാക്കന്മാരും. ഒരു കോര്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിന് ഇതാണ് അവസ്ഥഎങ്കില്‍ സംസ്ഥാന ഭരണം കിട്ടിയാല്‍ എന്തായിരിക്കും സ്ഥിതി

ദീപ്തി മേരി വര്‍ഗീസിനോട് എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തത് നീതീകരിക്കാന്‍ പറ്റാത്ത തെറ്റ് തന്നെയാണ്, എന്നിട്ടും മാപ്രകളുടെ നെറികെട്ട ചോദ്യങ്ങള്‍ക്ക് തന്റെ പ്രസ്ഥാനത്തെ കുറ്റപ്പെടുത്തിയ ഒരു വാക്ക് പോലും പറയാത്ത ദീപ്തി ചേച്ചിയോട് ബഹുമാനം മാത്രം

താക്കോല്‍ സ്ഥാനത്തിനും അഞ്ചാം മന്ത്രി സ്ഥാനത്തിനും വഴക്കിക്കൊടുത്ത കോണ്‍ഗ്രസ് 10 വര്‍ഷം പ്രതിപക്ഷത്തിരുന്നത് മറക്കാതിരിക്കുന്നത് നല്ലതായിരിക്കും ജനം വോട്ട് ചെയ്തത് സമുദായങ്ങള്‍ക്ക്അടിമപ്പെടാനല്ല നല്ല ഭരണം കാഴ്ചവയ്ക്കാന്‍ കഴിവുള്ളവരെ നേതൃസ്ഥാനത്ത് കൊണ്ടുവരാനാണ് അത് കോണ്‍ഗ്രസ് പാര്‍ട്ടി മറക്കാതിരുന്നാല്‍ നല്ലതായിരുന്നു




 

മഹാഹാജാസില്‍  സഹപാഠിയായിരുന്ന നടന്‍ ടിനി ടോമും ദീപ്തിയെ പിന്തുണച്ച് പോസ്റ്റിട്ടിട്ടുണ്ട്.

With you always my maharajas college mate

നഷ്ടപെടുമ്പോള്‍ ഓര്‍ത്തോ അതിലും വലുത് കാത്തിരിക്കുന്നു . ..സാവധാനം വരുന്നവര്‍ക്ക് simhasanam


Full View

മേയറെ കണ്ടെത്താന്‍ രഹസ്യ ബാലറ്റിലൂടെ കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടണമെന്ന ആവശ്യം അവസാന നിമിഷം അട്ടിമറിക്കപ്പെട്ടു. പകരം, എ ഗ്രൂപ്പ് നേതാവ് ഡൊമിനിക് പ്രസന്റേഷനും ഐ ഗ്രൂപ്പ് നേതാവ് എന്‍. വേണുഗോപാലും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കൗണ്‍സിലര്‍മാരെ വ്യക്തിപരമായി കണ്ട് അഭിപ്രായം തേടുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് നേതാക്കളുടെ കണ്ണിനു മുന്‍പില്‍ വെച്ച് ദീപ്തിയെ പിന്തുണയ്ക്കാന്‍ പലരും ഭയപ്പെട്ടു. ഫലമായി 20 പേര്‍ ഷൈനിയെയും 17 പേര്‍ മിനിമോളെയും പിന്തുണച്ചപ്പോള്‍ ദീപ്തിക്ക് വെറും 4 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഈ കണക്കുകള്‍ വിശ്വസനീയമല്ലെന്ന് ദീപ്തി തുറന്നടിച്ചു.

സംഘടനയില്‍ ഉന്നത സ്ഥാനമുള്ളവര്‍ക്ക് മേയര്‍ പദവിയില്‍ മുന്‍ഗണന നല്‍കണമെന്ന കെപിസിസി സര്‍ക്കുലര്‍ മറികടക്കാനാണ് കൗണ്‍സിലര്‍മാരുടെ തലയെണ്ണിയത്. സഭാ സമ്മര്‍ദ്ദം വഴങ്ങിയെന്ന പഴി കേള്‍ക്കാതിരിക്കാന്‍ ലത്തീന്‍ സഭയുടെ നോമിനിയായ ഷൈനി മാത്യുവിനെ രണ്ടാം ടേമിലേക്ക് മാറ്റി മിനിമോള്‍ക്ക് ആദ്യ ഊഴം നല്‍കുകയായിരുന്നു.

പരാതി നല്‍കിയിട്ടില്ലെന്ന് ദീപ്തി; എങ്കിലും തിരുത്തല്‍ വേണം

മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതില്‍ തനിക്ക് പരിഭവമില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. 'മേയര്‍ ആക്കാത്തതില്‍ പ്രതിഷേധിച്ച് താന്‍ കെപിസിസിക്ക് പരാതി നല്‍കിയിട്ടില്ല. പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചത്,' ദീപ്തി പറഞ്ഞു. എന്നാല്‍, പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് നേതൃത്വമാണെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

ദീപ്തിയുടെ വാക്കുകള്‍:

'സര്‍ക്കുലറില്‍ ഏതൊക്കെയാണ് പാലിച്ചതെന്നും ഏതാണ് പാലിക്കപ്പെടാത്തതെന്നുമൊക്കെയുള്ള കാര്യങ്ങള്‍ കെപിസിസിക്ക് അറിയാമല്ലോ. ഗ്രൂപ്പ് ഇടപെടലുണ്ടായോ എന്ന് നോക്കിയിട്ടേ പറയാനാകൂ. ഇപ്പോള്‍ പറയാന്‍ പറ്റില്ല. എന്നെ ആരും അവഗണിച്ചിട്ടില്ല. എന്നെ പാര്‍ട്ടി വലിയ ഉത്തരവാദിത്തമാണ് നല്‍കിയത്. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുപ്പിന്റെ ചാര്‍ജ് ഏറ്റെടുത്ത് വിഡി സതീശന്‍ വന്ന ദിവസം തന്നെ തന്നോട് മത്സരിക്കണമെന്ന് പറഞ്ഞു. അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും പറഞ്ഞു. പുതുതായി മത്സരിക്കാന്‍ വരുന്നവര്‍ക്ക് എല്ലാ പിന്തുണയും ഞാന്‍ നല്‍കിയിട്ടുണ്ട്,' ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

താന്‍ ഇരിക്കുന്നത് പാര്‍ട്ടിയുടെ ഉന്നത സമിതിയിലാണ്. ഇപ്പോള്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കീഴില്‍ ഇരിക്കേണ്ടി വരുന്നതില്‍ ഒരു ബുദ്ധിമുട്ടുമില്ല. അവര്‍ ഒക്കെ സഹപ്രവര്‍ത്തകരാണെന്നും ദീപ്തി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് വലിയ പിന്തുണ ലഭിച്ചു. അതാണ് തന്റെ ശക്തി. ആ പിന്തുണ പാര്‍ട്ടിക്ക് ലഭിക്കുന്നതാണ്. ദീപ്തിക്കെന്ന വ്യക്തിക്കല്ല. മേയറാകുന്നതോ പാര്‍ലമെന്ററി രംഗത്ത് മത്സരിക്കുന്നതോ ഒന്നുമല്ല വലിയ കാര്യം. പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ അതിശക്തമായി മുന്നോട്ട് പോകും. ആരോടും പരിഭവമില്ല.

നിലവിലെ പ്രഖ്യാപനത്തില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തരത്തില്‍ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് നേതൃത്വം ആലോചിക്കട്ടെ. അത്രമാത്രമേ പറയാന്‍ കഴിയൂ. തെറ്റുകള്‍ എപ്പോഴും നമ്മള്‍ തിരുത്തണം. പാര്‍ട്ടിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ടത് നേതൃത്വത്തില്‍ ഇരിക്കുന്നവരാണ്. അങ്ങനെ തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ കൂടിയാലോചിച്ച് വേണം തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് വിശകലനം ചെയ്യാന്‍ എന്നും ദീപ്തി പറഞ്ഞു.

പാര്‍ട്ടി എന്ത് തീരുമാനിച്ചാലും അതിനൊപ്പമാണ് താന്‍ നിലകൊള്ളുന്നത്. അതില്‍ പാര്‍ട്ടിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കേണ്ട സ്ഥലത്ത് ചൂണ്ടിക്കാണിക്കും. മത്സരിക്കാനിറങ്ങുമ്പോള്‍ നഗരസഭ എല്‍ഡിഎഫില്‍ നിന്നും തിരിച്ചുപിടിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അത് ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്നും ദീപ്തി പറഞ്ഞു.

ഡിസിസി നിലപാട്

മിനിമോളിനെ മേയറാക്കാനുള്ള തീരുമാനം നൂറ് ശതമാനം ശരിയാണെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പ്രതികരണം. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യ ടേമില്‍ മിനിമോളും പിന്നീട് ഷൈനി മാത്യുവും മേയറാകുന്ന രീതിയിലാണ് നിലവിലെ ധാരണ.

Tags:    

Similar News