ആ കേസിൽ ഇനി അന്വേഷിക്കാൻ ഒന്നുമില്ല; അത് കോടതി വ്യക്തമാക്കിയതാണ്; മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ് ലഭിക്കുകയും ചെയ്തിരുന്നു; മാസപ്പടി വിഷയത്തിൽ മന്ത്രി പി.രാജീവ്
മധുര:മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് നിലപാട് അറിയിച്ച് മന്ത്രി പി.രാജീവ്. മാസപ്പടിക്കേസിൽ ഇനി അന്വേഷിക്കാൻ ഒന്നുമില്ലെന്ന് നാല് കോടതികൾ വ്യക്തമാക്കിയതാണെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് കോടതിയുടെ ക്ലീൻ ചിറ്റ് ലഭിച്ചതാണ്. ഇപ്പോഴത്തെ അന്വേഷണത്തിലെ രാഷ്ട്രീയം വ്യക്തമാണെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ ടി.വീണയെ എസ്എഫ്ഐഒ പ്രതി ചേർത്തതോടെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യം ശക്തമാക്കിയിരിക്കുകയാണ് പ്രതിപക്ഷം.മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ എന്ന നിലയിലാണ് പണം ലഭിച്ചതെന്നും. അതിനാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് പ്രതിപക്ഷ നിലപാട്. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് പ്രോസിക്യൂഷൻ നടപടി നേരിടുന്ന മകളെ പിണറായി വിജയൻ എങ്ങനെ ന്യായീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ചോദിച്ചു.