'മോഹന്‍ലാല്‍ പറഞ്ഞതുപോലെ, അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; എങ്കിലും എല്ലാവര്‍ക്കും അറിയാം; ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യം; ഇനിയും പലതും പുറത്തുവരാനിരിക്കുന്നു: തന്നെ അപമാനിച്ച മാങ്കൂട്ടത്തിലിന് എതിരെ പത്മജ വേണുഗോപാല്‍

മുന്നറിയിപ്പുമായി പത്മജ വേണുഗോപാല്‍

Update: 2025-08-21 11:20 GMT

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. നിലവില്‍ പുറത്തുവന്നിരിക്കുന്ന കാര്യങ്ങള്‍ ചെറുതാണെന്നും, ഇനിയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു. ആരോപണവിധേയനായ വ്യക്തിയെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തെയും അവര്‍ വിമര്‍ശിച്ചു.

'ഇപ്പോഴും ഈ വിഷയത്തില്‍ പ്രതിയായ വ്യക്തിയുടെ പേര് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം, മോഹന്‍ലാല്‍ പറഞ്ഞതുപോലെ, 'അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത'. എങ്കിലും എല്ലാവര്‍ക്കും അറിയാം,' പത്മജ പറഞ്ഞു. കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് പല കോണ്‍ഗ്രസ് നേതാക്കളും സ്വീകരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതികരണത്തെക്കുറിച്ചും പത്മജക്ക് അതൃപ്തിയുണ്ട്. 'എനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്ത്രീയും പരാതി നല്‍കാതെ പരസ്യമായി സംസാരിക്കില്ല. നേതാക്കള്‍ക്ക് പരാതി നല്‍കിയ ശേഷമായിരിക്കും ഇവര്‍ പുറത്തുപറഞ്ഞിട്ടുണ്ടാവുക. എന്നിട്ടും ഇപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന രീതിയിലുള്ള സമീപനമാണ് കോണ്‍ഗ്രസ് കാണിക്കുന്നത്,' പത്മജ ആരോപിച്ചു.

'ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യമാണ്. ഇനിയും പലതും പുറത്തുവരാനിരിക്കുന്നു. ഇതിനൊക്കെ മുകളില്‍ വേറെയും ആളുകളുണ്ട്. അവരൊന്നും നല്ല വ്യക്തികളല്ല. അതുകൊണ്ട് പലതും പുറത്തുവരും,' പത്മജ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

യുവനടിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്നാണ് രാഹുല്‍ വ്യക്തമാക്കിയത്.

Tags:    

Similar News