പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി; കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചോ? കോണ്‍ഗ്രസിനോട് ചോദ്യങ്ങളുമായി മന്ത്രി മുഹമ്മദ് റിയാസ്

പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Update: 2026-02-16 08:22 GMT

കോഴിക്കോട്: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമാണ് യുഡിഎഫിന്റെ മതനിരപേക്ഷ നിലപാടെന്ന് മന്ത്രി കുറ്റപ്പെടുത്തി. പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സര്‍ക്കാര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചോയെന്നും ഇത് വഞ്ചനാപരമാണെന്നും റിയാസ് പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സര്‍ക്കാരിനെയും നേതൃത്വത്തേയും വക്രീകരിച്ച് ചിത്രീകരിച്ച് എങ്ങനെയെങ്കിലും അധികാരത്തില്‍ വരണമെന്നുള്ള കനഗോലു സിദ്ധാന്തമാണ് നടന്നുകൊണ്ടിരിക്കുന്നത്. അസംബന്ധം പ്രചരിപ്പിക്കുകയാണ്. ഒരു നുണ ആയിരം പേര്‍ ഒരുപോലെയാണെന്ന് പ്രചരിപ്പിച്ച് അത് സത്യമാണെന്ന് വിശ്വസിപ്പിക്കുകയെന്ന ഹിറ്റ്ലറിന്റെ ഗീബല്‍സിന്റെ തന്ത്രം ഇന്ന് യുഡിഎഫിന്റെ കനഗോലുവിന്റെ തന്ത്രമായി മാറിയിരിക്കുകയാണ്.

2021 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നതിന് പല കാരണങ്ങളുണ്ട്. അതില്‍ ഒന്ന് ഭരണഘടന സംരക്ഷിക്കാന്‍, മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനും നയിക്കുന്ന മുഖ്യമന്ത്രിക്കും സാധിച്ചു എന്നുള്ളതാണ്. ആ വിശ്വാസ്യതയെ തകര്‍ത്താല്‍ മാത്രമേ അധികാരത്തിലെത്തൂ എന്ന കാഴ്ചപ്പാടില്‍ ബോധപൂര്‍വമായ പ്രചാരണമാണ് നടക്കുന്നത്.'- റിയാസ് പറഞ്ഞു.

'എന്‍പിആര്‍ നടപ്പാക്കില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാര്‍ ഇന്ത്യയില്‍ കേരളമല്ലാതെ എതാണുള്ളത്. പൗരത്വ രജിസ്റ്റര്‍ ഭരണഘടനാ വിരുദ്ധമാണ്, അത് ഒരു പ്രത്യേക ജനവിഭാഗത്തെ ഇല്ലാതാക്കും എന്ന നിലപാട് മുഖ്യമന്ത്രി ശക്തമായി പറഞ്ഞുവെന്ന് മാത്രമല്ല അത് സര്‍ക്കാര്‍ വിജ്ഞാപനമായി വന്നു. ഇവിടെ കര്‍ണാടകയുള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്ലേ. അവിടെ എന്തുകൊണ്ട് എന്‍പിആര്‍ നടപ്പിലാക്കില്ല എന്ന വിജ്ഞാപനം പുറപ്പെടുവിക്കുന്നില്ല. ഈ കുപ്രചരണം നടത്തുന്ന യുഡിഎഫ് ഇതിന് മറുപടി പറയേണ്ടതാണ്.'

നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്നത് ഭരണഘടന ജനങ്ങള്‍ക്ക് നല്‍കുന്ന ഉറപ്പ് പാലിക്കപ്പെടാന്‍ കൂടിയാണ്. എന്താണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതില്ലാത്തത്? തിരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ ഇല്ലയോ എന്നതല്ല ഞങ്ങളെ സംബന്ധിച്ച് പ്രശ്നം. നിലപാടാണ്. മതനിരപേക്ഷത കാത്തുസംരക്ഷിക്കാന്‍ തലപോകും എന്ന് ഭയപ്പെടുത്തിയാലും പിറകോട്ടുപോകുന്ന പ്രസ്ഥാനമല്ല ഇടതുപക്ഷം. എന്നാല്‍ യുഡിഎഫിന്റേത് അങ്ങനെയല്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് തട്ടാനുള്ള തന്ത്രം മാത്രമായി മതനിരപേക്ഷതയുടെ സംരക്ഷണത്തില്‍ നിലപാട് സ്വീകരിക്കുന്നത് വഞ്ചനാപരമായ സമീപനമാണ്. - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News