യുഡിഎഫില്‍ വരുമ്പോള്‍ പി വി അന്‍വര്‍ സംയമനം പാലിക്കണം; പാര്‍ട്ടിയ്ക്ക് വിരുദ്ധമായി സംസാരിക്കരുത്; യുഡിഎഫിനെ വഴിയമ്പലമായി കാണരുത്; അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുത്; അന്‍വറിന്റെ അസോസിയേറ്റ് അംഗത്വത്തില്‍ മുന്നറിയിപ്പു നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍
യുഡിഎഫില്‍ വരുമ്പോള്‍ പി വി അന്‍വര്‍ സംയമനം പാലിക്കണം
കോഴിക്കോട്: എല്‍ഡിഎഫില്‍ നിന്നും പിണറായി വിജയനെ തള്ളിപ്പറഞ്ഞു പുറത്തുവന്ന പി വി അന്‍വറിനെ യുഡിഎഫില്‍ അസോസിയേറ്റാക്കാനുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി. അന്‍വറിന്റെ മുന്‍കാല ചെയ്തികള്‍ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നു.
യുഡിഎഫില്‍ വരുമ്പോള്‍ പി വി അന്‍വര്‍ സംയമനം പാലിക്കണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയ്ക്ക് വിരുദ്ധമായി അന്‍വര്‍ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.
ഐക്യ ജനാധിപത്യ കക്ഷിയില്‍ വരുമ്പോള്‍ അന്‍വര്‍ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉള്‍പ്പെടുത്താവൂ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. മന്ത്രി
പിഎ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ അന്‍വര്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.
'പിണറായിസത്തെയും മരുമോനിസത്തെയും ഇല്ലാതാക്കാന്‍' തനിക്ക് ബേപ്പൂരില്‍ മത്സരിക്കണമെന്ന താല്‍പര്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സമയത്ത് അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. പി.വി. അന്‍വര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന സൂചനയോടെ അന്‍വറിനെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ബേപ്പൂരില്‍ പ്രത്യക്ഷപ്പെട്ടു. ബേപ്പൂര്‍ അന്താരാഷ്ട്ര ജലമേളയോട് അനുബന്ധിച്ച് എം.എല്‍.എയും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച ബേപ്പൂരില്‍ തങ്ങിയിരുന്നു.
ആ സമയത്താണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അതേസമയം, യു.ഡി.എഫുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നതായും ബേപ്പൂര്‍ സീറ്റ് പി.വി. അന്‍വറിന് അനുവദിക്കുമെന്നും സൂചനയുണ്ട്. യുഡിഎഫ് ആവശ്യപ്പെട്ടാല്‍ ഏതുമണ്ഡലത്തിലായാലും മത്സരിക്കുമെന്ന് പി.വി. അന്‍വര്‍ വ്യക്തമക്കിയിരുന്നു.
മത്സരിക്കേണ്ടാ എന്നാണ് പറയുന്നതെങ്കില്‍ മത്സരിക്കില്ല. നിയമസഭാതിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുക എന്നതിനേക്കാള്‍ പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കുകയാണു ലക്ഷ്യമെന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ അസോസിയേറ്റ് അംഗമായി ചേര്‍ക്കുന്ന തീരുമാനം അറിഞ്ഞ് ഒതായിയിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പി.വി. അന്‍വര്‍ പറഞ്ഞു. യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും നേതാക്കള്‍ക്ക് നന്ദിപറയുന്നതായും അന്‍വര്‍ അറിയിച്ചു.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലേറെ സീറ്റ് നേടും. ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പടെയുള്ളവരുമായുണ്ടായിരുന്ന വിഷയങ്ങളെല്ലാം അവസാനിച്ചു. ആരോടും അതൃപ്തിയില്ല. പിണറായിസവും മരുമോനിസവും അവസാനിപ്പിക്കാന്‍ യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കും.
തൊഴിലാളിസമരങ്ങളോട് മുഖംതിരിച്ചുനിന്ന സര്‍ക്കാരാണ് കേരളത്തിലേത്. വര്‍ഗീയപ്രസ്താവനകള്‍ നടത്തിയ വെള്ളാപ്പള്ളിയെ കൂടെക്കൊണ്ടുനടക്കുകയാണ് പിണറായി. ബിഡിജെഎസിനെ ഘടകക്ഷിയാക്കാനാണ് ശ്രമം. ബിജെപിയുമായി മുഖ്യമന്ത്രിയുണ്ടാക്കിയ ബന്ധം പിഎംശ്രീ പോലെയുള്ള വിഷയങ്ങളിലൂടെ പുറത്തുവന്നു. വിശ്വാസികളല്ലാത്തവരെ ആരാധനാലയങ്ങളുടെ ചുമതല ഏല്‍പ്പിച്ചതിന്റെ ഫലമാണ് ശബരിമലയില്‍ കണ്ടത്. കേരളത്തിലെ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും തദ്ദേശതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെതിരായി വോട്ട് ചെയ്‌തെന്നും അന്‍വര്‍ പറഞ്ഞു.
മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിവി അന്‍വറിനേയും സി കെ ജാനുവിനേയും അസോസിയേറ്റ് മെമ്പര്‍മാരായി യുഡിഎഫില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പ് നേട്ടത്തിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ്. ഫെബ്രുവരിക്കുള്ളില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പ്രകടനപത്രിക പുറത്തിറക്കാന്‍ തീരുമാനം.
