'പാലക്കാട് എൽ ഡി എഫും യു ഡി എഫും തമ്മിലാണ് മത്സരം';'ബി ജെ പി മൂന്നാം സ്ഥാനത്തായിരിക്കും';'സരിൻ നല്ല രീതിയിലാണ് മുന്നേറുന്നത്';'ബി ജെ പി നേതാക്കൾ കോടി കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്'; തെരഞ്ഞെടുപ്പ് നിലപാട് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് മത്സരം വലിയ വാശിയേറിയ പോരാട്ടം തന്നെ ആയിരിക്കും. ഇപ്പോഴിതാ തന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ നിലപാട് പറഞ്ഞിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ തെരഞ്ഞെടുപ്പിലും ബി ജെ പി മൂന്നാം സ്ഥാനത്തായിരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും ഇത്തവണ ബി ജെ പി ആദ്യം തൊട്ടേ മൂന്നാം സ്ഥാനത്താണ്. എൽ ഡി എഫും യു ഡി എഫും തമ്മിലാണ് പ്രധാന മത്സരമെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകൾ, 'കഴിഞ്ഞ തവണ ഇ ശ്രീധരന് ലഭിച്ച വോട്ടുകളൊന്നും ഇത്തവണത്തെ സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാറിന് ലഭിക്കാൻ പോകുന്നില്ല. കഴിഞ്ഞ തവണ ഷാഫിക്ക് ലഭിച്ച വോട്ടും ഇത്തവണ യു ഡി എഫിന് ലഭിക്കാൻ പോകുന്നില്ല.
ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് അവിടെ ഉള്ളത്. ബി ജെ പി ഇപ്പോൾ ദുർബലമായിരിക്കുകയാണ്. ബി ജെ പിക്കകത്തും, ബി ജെ പിയുമായി ബന്ധപ്പെട്ടും വലിയ പ്രശ്നങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമാണ് ഇപ്പോൾ കേരളമൊട്ടാകെ രൂപപ്പെട്ടുവന്നത്.
ഇപ്പോൾ ബി ജെ പി നേതാക്കൾ കോടാനുകോടി രൂപയുടെ കള്ളക്കടത്തും കുഴൽപ്പണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പെട്ടിരിക്കുകയാണ്. ബി ജെ പിയെ വേട്ടയാടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരിക്കും ഇത്.
ഷാഫി പറമ്പിലിന് നാല് കോടി കൊടുത്തെന്നാണ് സുരേന്ദ്രൻ പറയുന്നത്. അങ്ങനെ കോൺഗ്രസും ബി ജെപിയും കുഴൽപ്പണവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായ വക്താക്കളായി നിൽക്കുന്നെന്ന് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.' അദ്ദേഹം വ്യക്തമാക്കി.