യുഡിഎഫിനോട് ഇടഞ്ഞ് പി വി അന്‍വറിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ പോരിനിറങ്ങി; സീറ്റ് നിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറി

എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Update: 2025-07-01 13:40 GMT

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറി. തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പിവി അന്‍വര്‍ അറിയിച്ചു.

അന്‍വറിന്റെ കുറിപ്പില്‍ പറയുന്നത്:

ആള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ എന്‍.കെ സുധീറിനെ കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുന്നു


Full View

മുന്‍ എ.ഐ.സി.സി അംഗമാണ് എന്‍.കെ. സുധീര്‍. യു.ഡി.എഫ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് എന്‍.കെ. സുധീര്‍ ചേലക്കരയില്‍ സ്വതന്ത്രനായി മത്സരിച്ചത്. അന്‍വര്‍ ഇടതുമുന്നണി വിട്ട ഉടന്‍ രൂപീകരിച്ച ഡിഎംകെ എന്ന സംഘടനയില്‍ ഇദ്ദേഹം അംഗത്വമെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ചേലക്കര ഉതിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും 3,920 വോട്ടുകള്‍ നേടുകയും ചെയ്തു.

ദലിത് കോണ്‍ഗ്രസ് മുന്‍ നേതാവ് കൂടിയായ എന്‍.കെ. സുധീര്‍, മുമ്പ് ആലത്തൂര്‍ ലോക്സഭാമണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കെ.പി.സി.സി സെക്രട്ടറിസ്ഥാനവും ദലിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിസ്ഥാനവും വഹിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയില്‍ 4000 വോട്ട് കിട്ടിയാലും നേട്ടമാണെന്ന് എന്‍ കെ സുധീര്‍ അന്ന് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വന്നപ്പോള്‍ തന്നെ ഒഴിവാക്കിയതോടെയാണ് പി വി അന്‍വറിന്റെ പാര്‍ട്ടിയുടെ ഭാഗമായി മത്സരിക്കാന്‍ എന്‍ കെ സുധീര്‍ തീരുമാനിച്ചത്. പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നില്ലെന്നും തന്നെ ആരും വിളിച്ച് ആശ്വസിപ്പിച്ചില്ലെന്നും സുധീര്‍ അന്ന് പറഞ്ഞിരുന്നു.

ആലത്തൂര്‍ മുന്‍ എം.പിയായിരുന്ന രമ്യ ഹരിദാസായിരുന്നു ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സുധീറിന് പിന്തുണ പ്രഖ്യാപിച്ച പി.വി. അന്‍വര്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ യു.ഡി.എഫിനുമേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. രമ്യ ഹരിദാസിനെ പിന്‍വലിച്ചാല്‍ പാലക്കാട് മണ്ഡലത്തിലെ ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന മിന്‍ഹാജ് മെദാറിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുമെന്നാണ് അന്‍വര്‍ പറഞ്ഞിരുന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്നു മിന്‍ഹാജ് മെദാര്‍. എന്നാല്‍ അന്‍വറിന്റെ ആവശ്യം യു.ഡി.എഫ് നിരസിക്കുകയായിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്ന് അന്‍വറിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും ഇപ്പോള്‍ അന്‍വറും സുധീറിനെ പുറന്തള്ളിയിരിക്കുകയാണ്.

Tags:    

Similar News