ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ തെറ്റ്, ഒരു ശതമാനം പോലും ശരിയല്ല; ചില സുഹൃത്തുക്കളാണ് ഇത് പ്രചരിപ്പിക്കുന്നതെന്ന് എന്‍. ശക്തന്‍; കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി പൊട്ടലും ചീറ്റലും ഇല്ലാതെയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ചതെന്ന് ഡിസിസി അധ്യക്ഷന്‍
ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ തെറ്റ്
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചെന്ന വാര്‍ത്തകള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് എന്‍ ശക്തന്‍. രാജിവാര്‍ത്ത ഒരു ശതമാനം പോലും ശരിയല്ലെന്ന് ശക്തന്‍ പറഞ്ഞു. ആരാണ് നിങ്ങള്‍ക്ക് ഈ വാര്‍ത്ത നല്‍കിയതെന്നും ശക്തന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. തന്റെ ചില നല്ല സുഹൃത്തുക്കളാണ് രാജിവാര്‍ത്ത പ്രചരിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായി. ഈ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് ഇന്നലെ കെ.പി.സി.സി പ്രസിഡന്റിന് കൈമാറിയിട്ടുണ്ടെന്നും ശക്തന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജി സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അതിനെ കുറിച്ച് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും എന്‍. ശക്തന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ അവര്‍ക്ക് വേണ്ടി വളരെ സിസ്റ്റമാറ്റിക്കായി പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം. അതില്‍ സന്തോഷമുണ്ടെന്നും ശക്തന്‍ പറഞ്ഞു. കോണ്‍ഗ്രസ് ചരിത്രത്തില്‍ ആദ്യമായി വലിയ പൊട്ടലും ചീറ്റലും ഇല്ലാതെയാണ് തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ചതെന്നും എന്‍. ശക്തന്‍ പറഞ്ഞു.
തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും കളത്തിലിറങ്ങിയിട്ടുണ്ട്. ഇന്ന് ചേരാനിരിക്കുന്ന യോഗത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. ശക്തന്‍ പറഞ്ഞു. ഇന്നുവരെ തിരുവനന്തപുരം ജില്ലയില്‍ ഉണ്ടാകാത്ത രീതിയിലുള്ള വിജയമായിരിക്കും ഇത്തവണ നേടുകയെന്നും എന്‍. ശക്തന്‍ പറഞ്ഞു. കേരളത്തിലുടനീളം കോണ്‍ഗ്രസിന് അനുകൂലമായ ഫലങ്ങളായിരിക്കും വരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാലോട് രവി ഫോണ്‍ വിവാദത്തില്‍ കുടുങ്ങിയതിന് പിന്നാലെയാണ് എന്‍. ശക്തനെ ഡി.സി.സി അധ്യക്ഷനായി നിയോഗിച്ചത്. താത്കാലിമായിട്ടായിരുന്നു നിയമനം. എന്നാല്‍ മൂന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും പുതിയ പ്രസിഡന്റിനെ നിയോഗിച്ചിട്ടില്ല. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് രാജിയെന്നുമുള്‍പ്പെടെയാണ് വാര്‍ത്ത വന്നിരുന്നത്. നേരത്തെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് ശക്തന്‍ രംഗത്തെത്തിയിരുന്നു.
