തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക ചുമതല എന്‍ ശക്തന്‍; മുതിര്‍ന്ന നേതാവിന് ചുമതല നല്‍കിയത് ഡിസിസിക്ക് നാഥനില്ലാത്ത അവസ്ഥ ഒഴിവാക്കാന്‍; പാലോട് രവിക്ക് പകരക്കാരനെ അതിവേഗം പ്രഖ്യാപിച്ചു കെപിസിസി നേതൃത്വം; തദ്ദേശ തിരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തില്‍ സ്ഥിരം അധ്യക്ഷനെ മൂന്നാഴ്ച്ചക്കകം പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം ഡിസിസിയുടെ താല്‍ക്കാലിക ചുമതല എന്‍ ശക്തന്‍

Update: 2025-07-27 04:35 GMT

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍.ശക്തന് നല്‍കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസിനെ വെട്ടിലാക്കിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി രാജിവെച്ചതോടെയാണ് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്.

പാലോട് രവി ഇന്നലെ രാജി വെച്ചെങ്കിലും പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല. ഇന്ന് രാവിലെയാണ് എന്‍ ശക്തന് ചുമതല നല്‍കിയതായി കെപിസിസി അധ്യക്ഷന്‍ വാര്‍ത്താക്കുറിപ്പിറക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ അടക്കമുള്ളതിനാലാണ് പെട്ടെന്ന് എന്‍ ശക്തന് താല്‍ക്കാലിക ചുമതല നല്‍കിയത്. പുതിയ ഡിസിസി അധ്യക്ഷനെ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന. മൂന്നാഴ്ച്ചക്കകം പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

അതുവരെ എന്‍ ശക്തന്‍ തന്നെ താല്‍ക്കാലിക ചുമതലയില്‍ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എന്‍ ശക്തന് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. തിരുവനന്തപുരത്ത് നാടാര്‍ വോട്ടുകളിലെ ചോര്‍ച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. അതുകൊണ്ട് തന്നെ ശക്തനെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യത കൂടുതലാണ്. കാട്ടാക്കട, പാറശ്ശാല മണ്ഡലത്തില്‍ ഏതെങ്കിലുമൊന്നില്‍ എന്‍ ശക്തനെ വീണ്ടും ഇറക്കിയാല്‍ സമുദായ വോട്ടുകള്‍ ജില്ലയിലാകെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇതിനിടയൊണ് ശക്തന്റെ പുതിയ സ്ഥാനലബ്ധിയും

അതേസമയം, ഡിസിസി അധ്യക്ഷ സ്ഥാനത്തിനുള്ള രവിയുടെ രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണെന്നാണ് വിവരം. ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് വിശദീകരണക്കുറിപ്പുകള്‍ പാലോട് രവി നല്‍കിയെങ്കിലും രാജിക്കത്ത് നല്‍കാന്‍ കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെടുകയായിരുന്നു. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്.

മുന്‍ ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായെന്നാണ സണ്ണീ ജോസഫ് പ്രതികരിച്ചത്. രാജിയില്‍ ചര്‍ച്ചയുണ്ടായെന്നും രാജി നല്‍കി, സ്വീകരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു. സംഭാഷണത്തില്‍ ദുരുദ്ദേശമില്ലെന്നും പ്രവര്‍ത്തകനെ ഉത്തേജിപ്പിക്കാന്‍ പറഞ്ഞതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രാജി ചോദിച്ചു വാങ്ങിയോയെന്ന ചോദ്യത്തില്‍ നിന്ന് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.

വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് പാലോട് രവി രാജിവെച്ചത്. ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നുമായിരുന്നു രാജി. പ്രാദേശിക കോണ്‍ഗ്രസ് നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവി വലിയ പ്രതിസന്ധിയിലായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞത്.

നിയമസഭയിലും കോണ്‍ഗ്രസ് താഴെ വീഴുമെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രവി രംഗത്തുവന്നിരുന്നു. ഒറ്റക്കെട്ടായി നിന്ന് ഭിന്നത പരിഹരിച്ചില്ലെങ്കില്‍ പരാജയമുണ്ടാകും എന്ന താക്കീതാണ് താന്‍ നല്‍കിയതെന്നും കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ അത് പാര്‍ട്ടിയെ ഇല്ലാതാക്കുമെന്ന സന്ദേശം നല്‍കാനാണ് ഉദ്ദേശിച്ചതെന്നും പാലോട് രവി പറഞ്ഞിരുന്നു.

Tags:    

Similar News