സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ സെസും ഫീസും ഉള്‍പ്പെടെയുള്ള നികുതി ഭാരം അടിച്ചേല്‍പിച്ചു ജനങ്ങളില്‍ നിന്നു തിരിച്ചടി വാങ്ങരുത്; സാമൂഹിക നീതി പ്രധാനം; 'സിംഗൂരില്‍' ഭയം കണ്ട് കേരളത്തിലെ സഖാക്കള്‍; പിണറായിയുടെ നയരേഖയില്‍ ഭേദഗതികള്‍ വരും; നവകേരള രേഖയ്ക്ക് കര്‍ശന തിരുത്ത്

Update: 2025-03-09 00:58 GMT

കൊല്ലം: സ്വകാര്യമൂലധനത്തിനും വ്യവസായങ്ങള്‍ക്കും വഴിയൊരുക്കാന്‍ നയംമാറ്റി സി.പി.എം. വഴി മാറുമ്പോള്‍ ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കുമോ? സമ്മേളന പ്രതിനിധികളില്‍ ചിലരെങ്കിലും ആശങ്കയിലാണ്. 'സിംഗൂരില്‍' സംഭവിച്ചത് അവര്‍ ഉയര്‍ത്തികാട്ടുകയും ചെയ്യുന്നു. പക്ഷേ കേരളത്തിലെ സിപിഎം പിണറായിസത്തിലാണ്. അതുകൊണ്ട് തന്നെ ഒന്നിനേയും ആര്‍ക്കും എതിര്‍ക്കാന്‍ ത്രാണിയില്ല. ഏതു വ്യവസായം തുടങ്ങാനും ഭൂമിവേണം. കേരളത്തില്‍ ഭൂമിലഭ്യത തീരേ കുറവാണ്. സിംഗൂരിലെ അനുഭവം മനസ്സില്‍വെച്ചേ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങാവൂ -പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സെസും ഫീസുമെല്ലാം തിരിച്ചടിക്കുമെന്ന് കരുതുന്നവരുമുണ്ട്. പക്ഷേ കേരളത്തിലെ സാമ്പത്തിക സ്ഥിതി ഭയാനകമാണ്. അതുകൊണ്ട് തന്നെ നവകേരളത്തില്‍ മാറ്റം അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ ലൈന്‍. ഞായറാഴ്ച വൈകീട്ട് ബഹുജനറാലിയോടെ സിപിഎം സമ്മേളനം സമാപിക്കും. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഏഴര മണിക്കൂറും മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച 'നവകേരളത്തിനായി പുതുവഴികള്‍' എന്ന റിപ്പോര്‍ട്ടില്‍ നാലര മണിക്കൂറും ചര്‍ച്ച നടന്നു.

ഇതിനൊടുവില്‍ വിഭവ സമാഹരണത്തിനായി വരുമാനത്തിനനുസരിച്ചു ഫീസ് പിരിക്കാനും പുതിയ സെസ് ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടു പിണറായി അവതരിപ്പിച്ച നവകേരള രേഖയ്ക്കു സിപിഎം സമ്മേളനത്തില്‍ കര്‍ശന തിരുത്ത് വന്നുവെന്നാണ് വ്‌സ്തുത. 'നവകേരളത്തെ നയിക്കാന്‍ പുതുവഴികള്‍' എന്ന രേഖ സിപിഎം സംസ്ഥാന സമ്മേളനം അതേപടി അംഗീകരിച്ചില്ല. രേഖയിലെ നിര്‍ദേശങ്ങള്‍ക്കു വിമര്‍ശനവും ഭേദഗതികളുമായി പ്രതിനിധികള്‍ രംഗത്തെത്തി. ഇവ ഉള്‍പ്പെടുത്തി മാത്രമേ രേഖ അന്തിമമാക്കാവൂ എന്ന നിര്‍ദേശത്തിനു നേതൃത്വം വഴങ്ങി. പ്രതിനിധികളില്‍ ഭൂരിഭാഗവും ഭേദഗതികളും കൂട്ടിച്ചേര്‍ക്കലും നിര്‍ദേശിച്ചത്. സോഷ്യലിസത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയുടെ സര്‍ക്കാര്‍ സെസ്, ഫീസ് ഉള്‍പ്പെടെ നികുതി ഭാരം അടിച്ചേല്‍പിച്ചു ജനങ്ങളില്‍നിന്നു തിരിച്ചടി വാങ്ങരുതെന്നായിരുന്നു അവരുടെ നിലപാട്. കേരള വികസനത്തിന് അനിവാര്യമാണെങ്കിലും വ്യക്തത വരുത്തിയ ശേഷം മാത്രമേ അവ നടപ്പാക്കാവൂ. തിരക്കിട്ടു നടപ്പാക്കേണ്ട കാര്യമില്ല. ജനങ്ങളെ വിവിധ വിഭാഗങ്ങളിലാക്കി ഫീസ് പിരിക്കാനുള്ള നിര്‍ദേശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുമെന്നും വാദമുയര്‍ന്നു. സാമൂഹിക നീതിയും ഉയര്‍ത്തി പിടിക്കണം. ഭേദഗതികള്‍ ചേര്‍ത്തു ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവകേരള രേഖ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കും. ഇടതു മുന്നണിയിലും ചര്‍ച്ചയാക്കും. ഇന്നു രാവിലെ മുഖ്യമന്ത്രി മറുപടി പറയുന്നതോടെ ഭേദഗതികളോടെ രേഖ അംഗീകരിച്ചതായുള്ള പ്രഖ്യാപനം വരും.

അടിസ്ഥാനജനവിഭാഗങ്ങളാണ് പാര്‍ട്ടിയുടെ ശക്തിയെന്ന് പ്രവര്‍ത്തനറിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച 'നവകേരളത്തിനായ് പുതുവഴികള്‍' എന്ന രേഖയിലെ ചര്‍ച്ചയിലും ഈ നിലപാടുകള്‍ ഉയര്‍ന്നു. സെസും ഫീസും പിരിക്കുന്നത് പാര്‍ട്ടി ലൈനാണോയെന്ന് കോഴിക്കോട്ടുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കെ.ടി. കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. ജനങ്ങള്‍ സംശയത്തിലാകും. ഇത് ദൂരീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിക്കണ്ണനെ പോലെ ചുരുക്കം പേര്‍ മാത്രമാണ് തങ്ങളുടെ ആശങ്ക സമ്മേളനത്തില്‍ ഉയര്‍ത്തിയത്. അടിസ്ഥാനജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടേ 'നവകേരളം സൃഷ്ടിക്കാവൂ'യെന്നും വിമര്‍ശനം ഉയര്‍ന്നു. അതേസമയം, കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരശക്തിയായിത്തുടരുമ്പോള്‍ കേരളത്തിന് വിഭവസമാഹരണത്തിന് പുതുവഴികള്‍ തേടേണ്ടതുണ്ടെന്ന രേഖയിലെ പൊതുനിര്‍ദേശം പ്രതിനിധികള്‍ അംഗീകരിച്ചു. 27 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പുഴകളിലെയും ഡാമുകളിലെയും മണല്‍ വാരല്‍ ഇനി വച്ചു താമസിപ്പിക്കരുതെന്നു സമ്മേളനത്തില്‍ നിര്‍ദേശമുയര്‍ന്നു.

ഭരണത്തുടര്‍ച്ച ഉറപ്പാക്കണമെന്നും പുതിയ വികസന കാഴ്ചപ്പാടും സര്‍ക്കാരിന് പ്രവര്‍ത്തനസമീപനവും വേണമെന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. പക്ഷേ ജനങ്ങള്‍ക്ക് അധികഭാരമാകാതെ അധികവിഭവസമാഹരണം നടത്തണമെന്ന നിര്‍ദേശത്തിനാണ് പൊതുസ്വീകാര്യത ലഭിച്ചത്. അല്ലെങ്കില്‍ സിംഗൂര്‍ ആവര്‍ത്തിക്കുമെന്ന ഭയം ചിലര്‍ക്കെങ്കിലുമുണ്ട്. ബംഗാളിലെ സിംഗൂരിലെ ഭൂമി കുത്തക മുതലാളിമാര്‍ക്ക് എഴുതി നല്‍കിയത് ചിലര്‍ ചോദ്യം ചെയ്തു. കര്‍ഷകര്‍ സമരത്തിന് ഇറങ്ങി. അധികാരത്തിന്റെ അഹങ്കാരത്തില്‍ സമരത്തെ അടിച്ചമര്‍ത്തി. അങ്ങനെയാണ് ബംഗാളില്‍ സിപിഎം വട്ടപൂജ്യമായത്. അതിന് സമാനമായ സ്വകാര്യ കുത്തകകളെ സഹായിക്കുന്നതാണ് പുതി നയരേഖയെന്ന വിര്‍ശനം ശക്തമാണ് സിപിഎമ്മില്‍.

പൊതുമേഖലാസ്ഥാപനങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ചങ്ങാത്ത മുതലാളിത്തം കേരളത്തില്‍ നടപ്പാക്കില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചിട്ടുണ്ട്. നവകേരള രേഖയിലെ നിര്‍ദേശങ്ങളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങാത്ത മുതലാളിത്തമാണ് കേന്ദ്രത്തിന്റെ രീതി. പൊതുമേഖലാസ്ഥാപനങ്ങളെ ജനോപകാരപ്രദമായി എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന്റെ പാഠശാലയാവും കേരളത്തിന്റെ ബദല്‍ നിലപാട്. ഏതെങ്കിലും സ്ഥാപനം മുന്നോട്ടുകൊണ്ടുപോവാനാവാത്ത സാഹചര്യത്തില്‍ പൊതുമേഖല, സഹകരണ മേഖല, പി.പി.പി. എന്നിവയിലേതെങ്കിലും വഴി ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് നിര്‍ദേശിച്ചത്-ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News