കോഴ വിവാദത്തില്‍ ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കണം; കുറ്റമുണ്ടെങ്കില്‍ നടപടി എടുക്കണം; പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറുമെന്നും എ. കെ ശശീന്ദ്രന്‍

കോഴവിവാദത്തില്‍ പുതിയതായി ഒന്നും പറയാനില്ല

Update: 2024-10-26 07:26 GMT

തിരുവനന്തപുരം: തോമസ് കെ തോമസിനെതിരായ കൂറുമാറ്റക്കോഴ ആരോപണം പാര്‍ട്ടി പരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി.

കോഴവിവാദത്തില്‍ പുതിയതായി ഒന്നും പറയാനില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ടെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആന്റണി രാജു പറഞ്ഞ കാര്യങ്ങളിലെ ശരി തെറ്റുകള്‍ പരിശോധിക്കേണ്ടതുണ്ട്. തോമസ് കെ തോമസിനെതിരായ ആരോപണം പാര്‍ട്ടി കൂട്ടായ ചര്‍ച്ച നടത്തി പരിശോധിക്കും. ഈ വിഷയം വന്നശേഷം തോമസ് കെ തോമസുമായി സംസാരിച്ചിട്ടില്ലെന്നും കുറ്റമുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും എ.കെ ശശീന്ദന്‍ പ്രതികരിച്ചു.

പാര്‍ട്ടി തീരുമാനങ്ങളോ നിര്‍ദേശങ്ങളോ ലംഘിക്കുന്ന ഒരാളായി താന്‍ ഉണ്ടാകില്ലെന്നും പാര്‍ട്ടി പ്രസിഡന്റ് പറയുന്ന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്‍ക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി അന്വേഷിക്കുന്നത് സംബന്ധിച്ച് വ്യക്തിപരമായി താന്‍ മറുപടി പറയേണ്ടതില്ല. ആന്റണി രാജുവിന്റെ വ്യക്തി വൈശിഷ്ട്യത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നത് അനൗചിത്യമാണ്. ഒരാളെ പറ്റിയും കുറ്റം പറയാനാവില്ലെന്നും ആരോപണങ്ങളിലെ ശരിയും തെറ്റും പരിശോധിച്ചു നിലപാട് സ്വീകരിക്കുമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

വാര്‍ത്തകള്‍ക്ക് ബലം നല്‍കുന്ന ഒരു തെളിവും തന്റെ കൈയില്‍ ഇല്ലെന്നായിരുന്നു കോഴവിവാദത്തില്‍ മന്ത്രിയുടെ ആദ്യപ്രതികരണം നടത്തിയത്. ആ ഘട്ടത്തില്‍ ആരെയെങ്കിലും അവിശ്വസിക്കാന്‍ പറ്റില്ലെന്നും പ്രത്യേകിച്ചും പാര്‍ട്ടിയുടെ എം.എല്‍.എ ആയ തോമസ് കെ തോമസിനെ ഇപ്പോള്‍ അവിശ്വസിക്കുന്നില്ലെന്നുമായിരുന്നു വെള്ളിയാഴ്ച കോഴ വിവാദത്തെത്തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചത്.

എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണമുയര്‍ന്നിരുന്നു. എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസാണ് ഈ വാഗ്ദാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് തുക വാഗ്ദാനം ചെയ്തത് എന്നായിരുന്നു ആരോപണം. ബി.ജെ.പി.യുടെ സഖ്യകക്ഷിയായ എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തില്‍ ചേരുന്നതിനായി ഇരുവര്‍ക്കും 50 കോടി രൂപ വീതമാണ് ഓഫര്‍ ചെയ്തത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചതാണ് തോമസ്.കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുടങ്ങാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കോടികള്‍ വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് എം.എല്‍.എമാരേയും വിളിപ്പിച്ച് ഇതേക്കുറിച്ച് ആരാഞ്ഞു. ഈ വിവരത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇക്കാര്യം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ആരോപണം തെറ്റാണെന്നും പൂര്‍ണമായും നിഷേധിക്കുന്നുവെന്നും തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.

എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തന്നെ വിളിപ്പിച്ചിരുന്നുവെന്നും ഗുരുതരമായ ചില കാര്യങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ടെന്നും ആന്റണി രാജു വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇതേക്കുറിച്ച് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കോഴ വിവാദവും എന്‍.എന്‍ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമര്‍ശങ്ങളും സി.പിഎം ശനിയാഴ്ച തൃശൂരില്‍ ചേരുന്ന പാര്‍ട്ടിതലയോഗത്തില്‍ ചര്‍ച്ചചെയ്യും.

Tags:    

Similar News