എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ അതിവേഗ നീക്കങ്ങള്‍; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തോമസ് കെ. തോമസ്; പാര്‍ട്ടിയിലും മുന്നണിയിലും പിന്തുണ തേടി നേതാക്കള്‍

എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ അതിവേഗ നീക്കങ്ങള്‍

Update: 2024-09-08 11:59 GMT

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്നുള്ള എ.കെ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിന് മന്ത്രിസ്ഥാനം നല്‍കാന്‍ അതിവേഗ നീക്കം. ഇതിന്റെ ഭാഗമായി തോമസ് കെ തോമസ് മുഖ്യമന്ത്രിയെകണ്ടു. കഴിഞ്ഞ സര്‍ക്കാറിലും അംഗമായിരുന്ന ശശീന്ദ്രനെ മാറ്റി പകരം മന്ത്രിയാകാനാണ് ശ്രമം. പാര്‍ട്ടിക്ക് പുറത്തും മുന്നണിക്കുള്ളിലും പിന്തുണ തേടനാണ് തിരക്കിട്ട നീക്കങ്ങള്‍. അതേസമയം എന്‍.സി.പിയില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്ന് മുഖ്യമന്ത്രി തോമസ് കെ. തോമസിനോട് നിര്‍ദ്ദേശിച്ചു.

മന്ത്രി സ്ഥാനത്തുനിന്ന് നീക്കിയാല്‍ എം.എല്‍.എ. സ്ഥാനവും രാജിവെയ്ക്കുമെന്ന ശശീന്ദ്രന്റെ സമ്മര്‍ദത്തിനു മുന്നില്‍ പ്രതിരോധത്തിലാണ് പാര്‍ട്ടി. ഇതിനാലാണ് പാര്‍ട്ടിക്ക് പുറത്തുനിന്നും പിന്തുണ തേടാന്‍ മറുഭാഗം ശ്രമം നടത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരിലും മന്ത്രിയായിരുന്ന ശശീന്ദ്രന്‍ മാറി നില്‍ക്കണമെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ പിന്തുണയോടെ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസ് ആവശ്യപ്പെടുന്നത്. എന്‍.സി.പിയുടെ പല ജില്ലാ ഭാരവാഹികള്‍ക്കും ഇതേ നിലപാടാണ് എന്നാണ് പുറത്തുവരുന്ന വിവരം.

എന്നാല്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നാല്‍ എം.എല്‍.എ. സ്ഥാനവും രാജിവയ്ക്കുമെന്ന എ.കെ. ശശീന്ദ്രന്റെ നിലപാട് പാര്‍ട്ടിക്ക് തലവേദനയായി. ഇതിനിടയാണ് പിന്തുണ തേടി തോമസ് കെ. തോമസ് മുഖ്യമന്ത്രിയെ കണ്ടത്. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമായതിനാല്‍ ഇടപെടേണ്ട എന്ന നിലപാടിലാണ് പിണറായി വിജയന്‍. എന്നാല്‍ പിണറായി വിജയന്റെ പിന്തുണ ശശീന്ദ്രനൊപ്പമാണെന്നാണ് അദ്ദേഹത്തിന് ഒപ്പമുള്ളവരുടെ വാദം.

ശശീന്ദ്രന്‍ എം.എല്‍.എ. സ്ഥാനം രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരും. എല്‍.ഡി.എഫിന് നിലവില്‍ ഉപതിരഞ്ഞെടുപ്പ് നേരിടുന്നതിന് താല്പര്യമില്ല. രാജിയുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും എല്‍ഡിഎഫില്‍ നടന്നിട്ടില്ലെന്ന് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണ ഇത്രനാള്‍ ശശീന്ദ്രന്റെ ഒപ്പമായിരുന്നു. അടുത്തിടെ പി.സി. ചാക്കോ, തോമസ് കെ. തോമസുമായി അടുത്തതാണ് ശശീന്ദ്രനെ വെട്ടിലാക്കിയത്.

വിഷയം സംസ്ഥാനത്ത് തന്നെ പരിഹരിക്കണമെന്നാണ് എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ നിലപാട്. ശശീന്ദ്രനെ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ശശീന്ദ്രനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് സൂചന.

രണ്ടര വര്‍ഷത്തിനുശേഷം ശശീന്ദ്രനു പകരം തന്നെ മന്ത്രിയാക്കാമെന്ന ധാരണയുണ്ടെന്നു ചൂണ്ടിക്കാട്ടി തോമസ് ഉയര്‍ത്തിയ അവകാശവാദം സംസ്ഥാന നേതൃത്വം അംഗീകരിച്ചതോടെയാണു മന്ത്രി ഇടഞ്ഞത്. അങ്ങനെ ഒരു കരാര്‍ നിലവിലില്ലെന്ന് ഇതുവരെ പറഞ്ഞ സംസ്ഥാന നേതൃത്വം ഇപ്പോള്‍ തിരക്കിട്ടു തന്നോട് ഒഴിയാന്‍ പറയുന്നതില്‍ അനീതിയുണ്ടെന്നാണു ശശീന്ദ്രന്റെ നിലപാട്. ആ സാഹചര്യം വന്നാല്‍ നിയമസഭാംഗത്വവും ഒഴിയാനാണ് ആഗ്രഹിക്കുന്നത്. ഉപസമിതി ഇതിനോടു യോജിച്ചില്ല. സൗഹാര്‍ദാന്തരീക്ഷത്തില്‍ മാറ്റം നടപ്പാക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടു സര്‍ക്കാരുകളുടെ കാലത്തും ദീര്‍ഘകാലം മന്ത്രിയാകാന്‍ ശശീന്ദ്രന് അവസരം കിട്ടിയതും ചൂണ്ടിക്കാട്ടി.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ശശീന്ദ്രനു പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് പാര്‍ട്ടിയില്‍ കലാപം തുടങ്ങിയിരുന്നു. രണ്ടരവര്‍ഷം കഴിഞ്ഞു മാറണമെന്ന ഉപാധിവച്ചു. അതിനും ശശീന്ദ്രന്‍ വഴങ്ങിയില്ല. സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയുടെയും മുതിര്‍ന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്റെ പിടിവള്ളി. എന്നാല്‍ അടുത്തിടെ ശശീന്ദ്രന്‍ ക്യാംപിനെ ഞെട്ടിച്ച് തോമസ് കെ.തോമസുമായി പി.സി.ചാക്കോ അടുക്കുകയായിരുന്നു. ഇതോടെയാണ് തോമസ് കെ.തോമസ് മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള നീക്കം കടുപ്പിച്ചത്.

Tags:    

Similar News