ശോഭാ സുരേന്ദ്രനും എം ടി രമേശും അടക്കം നാല് ജനറല്‍ സെക്രട്ടറിമാര്‍; ക്രൈസ്തവ മുഖമായി അനൂപ് ആന്റണിയും ഷോണ്‍ ജോര്‍ജ്ജും നേതൃത്വത്തില്‍; ഷോണിനൊപ്പം മുന്‍ ഡിജിപി ശ്രീലേഖയും വൈസ് പ്രസിഡന്റ് പദവിയില്‍; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി പുതിയ ടീമുമായി രാജീവ് ചന്ദ്രശേഖര്‍
ശോഭാ സുരേന്ദ്രനും എം ടി രമേശും അടക്കം നാല് ജനറല്‍ സെക്രട്ടറിമാര്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എംടി രമേശ്, ശോഭ സുരേന്ദ്രന്‍, എസ് സുരേഷ് , അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ജനറല്‍ സെക്രട്ടറിമാരില്‍ കെ സുരേന്ദ്രന്‍ പക്ഷത്തെ ആരുമില്ലെന്നതാണ് ശ്രദ്ധേയം. ഷോണ്‍ ജോര്‍ജും ആര്‍ ശ്രീലേഖ ഐപിഎസും ബിജെപിയുടെ നേതൃ നിരയിലേക്കെത്തുകയാണ്.
പത്ത് വൈസ് പ്രസിഡന്റുമാരില്‍ ഒരാള്‍ മുന്‍ ഡിജിപി ശ്രീലേഖയും പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജുമാണ്. ഡോ. കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ മാസ്റ്റര്‍, അഡ്വ പി സുധീര്‍, സി കൃഷ്ണകുമാര്‍, അഡ്വ. ബി ഗോപാലകൃഷ്ണന്‍, കെ സോമന്‍, അഡ്വ. കെ ക അനീഷ് കുമാര്‍,. ഡോ അബ്ദുള്‍ സലാം എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തിരിക്കുന്നചത്.
കെ സുരേന്ദ്രന്‍ പക്ഷം അവഗണിച്ചിരുന്ന ശോഭാ സുരേന്ദ്രന്‍ കൂടുതല്‍ കരുത്തയായി എന്നതാണ് പുതിയ നേതൃനിരയിലെ പ്രത്യേകത. ക്രൈസ്തവ മുഖമായി ഷോണ്‍ ജോര്‍ജ്ജും ബിജെപി നേതൃത്വത്തിലേക്ക് എത്തുന്നു. സുരേന്ദ്ര പക്ഷത്തെ വെട്ടിനിരത്തി കൊണ്ടാണ് പുതിയ ടീം രാജീവ് ചന്ദ്രശേഖര്‍ എത്തിയിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ എത്തിയതോടെ കേരള ബിജെപിയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു എനന് സൂചനയാണ് ഭാരവാഹി പട്ടികയിലും വ്യക്തമാകുന്നത്.
ഒരു പതിറ്റാണ്ടിലേറെയായി സംസ്ഥാന നേതൃത്വത്തില്‍ സര്‍വാധിപത്യം പുലര്‍ത്തിയ മുരളീധരപക്ഷത്തിന് ഇത്തവണ കാര്യങ്ങള്‍ അത്ര പന്തിയല്ല. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് വി മുരളീധരന്റെ വലംകൈയായ കെ സുരേന്ദ്രനെ മാറ്റിയാണ് രാജീവ് ചന്ദ്രശേഖരനെ നിയമിച്ചത്. വി മുരളീധരന് കേന്ദ്രസഹമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയും നഷ്ടമാകുന്നത്. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തിരിക്കെയാണ് കേരളത്തില്‍ നിന്ന് ആദ്യമായി ഒരു ലോക്സഭാ എംപി (തൃശൂര്‍-സുരേഷ് ഗോപി) ബിജെപി ടിക്കറ്റില്‍ വിജയിക്കുന്നത്.
എന്നാല്‍ ബിജെപിയുമായി സഹകരിച്ച് നില്‍ക്കാന്‍ തുടങ്ങിയ കാലം തൊട്ട് സംസ്ഥാന നേതൃത്വത്തോട് അല്‍പം അകലം പാലിച്ചാണ് സുരേഷ് ഗോപി പ്രവര്‍ത്തിക്കുന്നത്. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും നേരിട്ടാണ് തന്റെ ഇടപാട് എന്ന് സുരേഷ് ഗോപി തന്നെ നേരത്തെ പലകുറി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിനിടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.
രാജീവിന്റെ പല നടപടികളും മുരളീധരപക്ഷത്തെ പ്രത്യക്ഷത്തില്‍ തന്നെ തഴയുന്ന തരത്തിലുള്ളതായിരുന്നു. പുതിയ ഭാരവാഹി പട്ടികയും ഇത് വ്യക്തമാക്കുന്നതാണ്. രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന സംസ്ഥാന നേതൃനിരയിലേക്ക് മുരളീധരന്‍ പക്ഷത്തെ പാടേ അവഗണിച്ച മട്ടാണ്. മാത്രമല്ല മുരളീധരപക്ഷത്തിന്റെ എതിര്‍ചേരിയായ കൃഷ്ണദാസ് പക്ഷത്തേയും കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ സുരേന്ദ്രനോട് നേരിട്ട് ഏറ്റുമുട്ടിയ ശോഭ സുരേന്ദ്രനേയും കാര്യമായി പരിഗണിച്ചിട്ടുമുണ്ട്.
നിലവില്‍ വൈസ് പ്രസിഡന്റായ ശോഭ സുരേന്ദ്രന്‍ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാായത് ശോഭയുടെ പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന കാലയളവിലാകെ ശോഭ സുരേന്ദ്രനെ മാറ്റി നിര്‍ത്തിയിരുന്നു. ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്ന ശോഭ ദേശീയ നേതൃത്വത്തോട് അതൃപ്തിയും അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശോഭ സുരേന്ദ്രന്‍ വൈസ് പ്രസിഡന്റിനേക്കാള്‍ ഒരുപടി കൂടി കയറി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.
ബിജെപിയുടെ നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനമാണ് നാളെ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിനായി ഇന്ന് കേരളത്തില്‍ എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഭാരവാഹി പട്ടിക ഇന്ന് അന്തിമമായി പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതൃത്വം പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.
നാളെ ബിജെപി മന്ദിരം ഉദ്ഘാടനം ചെയ്യും
5 നിലകളും 2 ഭൂഗര്‍ഭ നിലകളും ഉള്‍പ്പെടെ 60,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ പ്രവര്‍ത്തനം നാളെ തുടങ്ങുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ രാവിലെ 11 ന് ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 11.30നാണ് പുത്തരിക്കണ്ടം മൈതാനത്ത് 4 ജില്ലകളിലെ ബിജെപി വാര്‍ഡ് പ്രതിനിധികളുടെ യോഗം നടക്കുക. തമ്പാനൂര്‍ അരിസ്റ്റോ ജംക്ഷനു സമീപമാണ് കേരളീയ വാസ്തുശില്‍പ മാതൃകയിലുള്ള ഓഫിസ് കെട്ടിടം. തുറസ്സായ നടുമുറ്റത്ത് നേരിട്ടു മഴവെള്ളം സംഭരിക്കാന്‍ കുളം. നടുമുറ്റത്തുതന്നെ മുന്‍ പ്രസിഡന്റ് കെ.ജി. മാരാരുടെ അര്‍ധകായ വെങ്കല പ്രതിമ. കെ.ജി.മാരാര്‍ മന്ദിരമെന്ന് ഓഫിസിന്റെ പേരും.
ഗ്രൗണ്ട് നിലയിലാണ് സ്വീകരണ മുറി. ഇവിടെ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീനദയാല്‍ ഉപാധ്യായയുടെയും പ്രതിമകള്‍. ഈ നിലയില്‍ത്തന്നെ ഹെല്‍പ് ഡെസ്‌ക് ഉണ്ട്. ഇവിടെയാണ് പത്രസമ്മേളന ഹാളും. ഒന്നാം നിലയിലാണ് പ്രസിഡന്റിന്റെ ഓഫിസ്. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച, പട്ടികജാതി മോര്‍ച്ച തുടങ്ങി പോഷക സംഘടനകള്‍ക്കുള്ള ഓഫിസ് രണ്ടാം നിലയില്‍. മൂന്നാം നിലയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ മുറികള്‍. നാലാം നിലയില്‍ നേതാക്കള്‍ക്ക് താമസിക്കാനുള്ള 15 മുറികള്‍. ഇപ്പോള്‍ തൈക്കാട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന കമ്മിറ്റി ഓഫിസ് ബിജെപി സമൂഹമാധ്യമ സംഘത്തിന്റെ വാര്‍ റൂം ആയി മാറ്റും.