'അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്; അച്ചടക്കത്തിന്റെ വാള്‍ത്തല ആദ്യമുയരേണ്ടത് ആഭ്യന്തര വകുപ്പിനെതിരെ'; അന്‍വറിനെ പിന്തുണച്ച് കൂടുതല്‍ പോസ്റ്ററുകള്‍

പി വി അന്‍വറിനെ അനുകൂലിച്ച് മലപ്പുറം ചുള്ളിയോടും ബോര്‍ഡുകള്‍

Update: 2024-09-29 09:01 GMT

നിലമ്പൂര്‍: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അനുകൂലിച്ച് മലപ്പുറം ചുള്ളിയോടും ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ആഭ്യന്തര വകുപ്പിനെയും പൊലീസിന്റെ ആര്‍എസ്എസ് വത്കരക്കണത്തെയും ചോദ്യം ചെയ്തു കൊണ്ട് പ്രവാസി സഖാക്കള്‍ ചുള്ളിയോട് എന്ന പേരിലാണ് ബോര്‍ഡുകള്‍ ഉയര്‍ന്നത്. സിപിഎമ്മിന്റെ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പായ ചങ്ങാതിക്കൂട്ടം വാട്‌സാപ്പ് കൂട്ടായ്മ എന്ന പേരിലും ബാനറുകള്‍ ഉയര്‍ന്നിട്ടുണ്ട്.

'അന്‍വറിന്റെ കൈയും കാലും വെട്ടാന്‍ വരുന്ന അടിമകളോടൊന്ന് പറഞ്ഞേക്കാം, അടിമയായി ആയിരം കൊല്ലം ജീവിക്കുന്നതിലും നല്ലത് അര ദിവസം അന്‍വറായി ജീവിക്കുന്നതാണ്'- എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികള്‍. അച്ചടക്കത്തിന്റെ വാള്‍ത്തല ആദ്യമുയരേണ്ടത് അന്‍വറിനെതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണെന്നും പറയുന്നു.

പൊലീസിന്റെ ആര്‍എസ്എസ് വത്കരണം സഖാക്കള്‍ ഉത്തരം പറയണമെന്നും തുടങ്ങി എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ച ആര്‍ക്ക് വേണ്ടി? പൂരം കലക്കിയത് ആര് ആര്‍ക്ക് വേണ്ടി? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വേണ്ടതെന്നും അത് കഴിഞ്ഞ് അന്‍വറിന്റെ കൈയും കാലും വെട്ടിക്കോളൂ സഖാക്കളെ എന്നിങ്ങനെയാണ് മറ്റുവരികള്‍.

അതേസമയം, പി വി അന്‍വറിന് പരസ്യ പിന്തുണയുമായി സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി രംഗത്തെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറിയും വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഇ.എ. സുകുവാണ് അന്‍വറിനെ പിന്തുണച്ച് ഫേയ്‌സ്ബുക്കില്‍ തുറന്ന പ്രതികരിച്ചത്. പി.വി. അന്‍വര്‍ ഇന്ന് വൈകിട്ട് നിലമ്പൂരില്‍ രാഷ്ട്രീയ വിശദീകരണ യോഗം ചേരുന്നത് സംബന്ധിച്ച അറിയിപ്പും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തലപ്പത്തുള്ളവര്‍ മാത്രമല്ല പാര്‍ട്ടിയെന്നും ന്യായത്തിനെ ഒറ്റപ്പെടുത്തില്ലെന്നുമാണ് സുകുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പി വി അന്‍വറിന്റെ കൂടെ ഉറച്ചു നില്‍ക്കുമെന്നും സുകു ഫേയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സുകു പാര്‍ട്ടി അംഗത്വം കഴിഞ്ഞ സമ്മേളനത്തിനു ശേഷം പുതുക്കിയിരുന്നില്ല.

Tags:    

Similar News