'മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്; പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുന്നു; കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ. വിജയരാഘവന്‍

കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ. വിജയരാഘവന്‍

Update: 2024-10-07 14:33 GMT

മലപ്പുറം: പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് മലപ്പുറം ചന്തക്കുന്നില്‍ തന്നെ മറുപടി നല്‍കി സിപിഎം. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവന്‍ പ്രതികരിച്ചു. സി.പി.എമ്മിനൊപ്പം നിന്നപ്പോള്‍ അന്‍വറിനെ കുറ്റപ്പെടുത്തിയത് മാധ്യമങ്ങളാണ്. കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ കള്ളന്‍ അന്‍വറാണെന്നാണ് മുന്‍പ് പറഞ്ഞത്. മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്. പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം, അത് ആഘോഷമാക്കുന്നുവെന്ന് എ.വിജയരാഘവന്‍ കുറ്റപ്പെടുത്തി. നിലമ്പൂര്‍ ചന്തക്കുന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറത്തിന് വേറെ അര്‍ത്ഥം കൊടുക്കാനുള്ള ശ്രമം ആണിവിടെ നടക്കുന്നത്. മത സൗഹാര്‍ദത്തിന്റെ അടിത്തറയാണ് മലപ്പുറം. അത് പണിയാന്‍ ഏറ്റവും അധികം പരിശ്രമിച്ച പാര്‍ട്ടിയാണ് ഇടതുപക്ഷം.

കേരള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്നതാണ് ആര്‍എസ്എസ് അജണ്ട. ഗവര്‍ണര്‍ എന്തൊക്കെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കള്ളക്കടത്തുകാരുടെ കയ്യടി ലഭിക്കുന്ന പ്രവര്‍ത്തനം സിപിഎം നടത്താറില്ല. കേരള പൊലീസ് മര്യാദയ്ക്കാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ്- സിപിഎം ബന്ധം പറയുന്നവരുടെ തൊലി പരിശോധിക്കണമെന്ന് എ വിജയരാഘവന്‍ വിമര്‍ശിച്ചു.

തൃശൂരില്‍ ബിജെപി യെ പരാജയപ്പെടുത്താന്‍ ശ്രമിച്ചത് ഇടതുപക്ഷമാണ്. സുരേഷ് ഗോപി ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് വോട്ട് കൂടി. യുഡിഎഫിന് വോട്ട് കുറഞ്ഞു. ബിജെപി വിരോധം മൂത്ത് അവരുടെ വോട്ട് കോണ്‍ഗ്രസ് ബിജെപിക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ നിലമ്പൂരിലെ വികസനം പുത്തന്‍വീട്ടില്‍ തറവാട്ടില്‍നിന്ന് കൊണ്ടുവന്നതല്ലെന്നു നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷന്‍ പറഞ്ഞു. പി.വി. അന്‍വറിനെ പാര്‍ട്ടി നെഞ്ചോടുചേര്‍ത്താണ് കൊണ്ടുനടന്നത്. അപവാദം പറയാനാണ് ഉദ്ദേശ്യമെങ്കില്‍ ഒരിഞ്ച് വകവച്ചുതരില്ല. അന്‍വറിനൊപ്പം പാര്‍ട്ടിയുടെ ഒരുതരി പോകില്ലെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. നിലമ്പൂര്‍ ആയിഷയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഈ ചെങ്കൊടി തൊട്ട് കളിക്കണ്ട എന്നാണ് പാര്‍ട്ടി നിലപാടെന്ന് സി.പി.എം നിലമ്പൂര്‍ ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍ പറഞ്ഞു. അന്‍വറിനെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് നടന്നിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയാന്‍ തുടങ്ങിയാല്‍ അതിനെ വക വെച്ച് തരില്ല. മാസങ്ങളോളം ആഫ്രിക്കയില്‍ പോയി കിടക്കുമ്പോഴും അന്‍വറിനെ സംരക്ഷിച്ചത് നിലമ്പൂരിലെ സാധാരണക്കാരായ സഖാക്കളാണെന്നും ഇ പത്മാക്ഷന്‍ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ഇ പത്മാക്ഷന്‍ പറഞ്ഞു.'മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ അന്‍വര്‍ ഹീറോയാണ്; പാര്‍ട്ടിയെ തകര്‍ക്കാന്‍ കിട്ടിയ അവസരം ആഘോഷിക്കുന്നു; കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് എ. വിജയരാഘവന്‍

Tags:    

Similar News