'പി.വി.അന്‍വര്‍തന്നെ പാര്‍ട്ടിക്ക് വെല്ലുവിളി അല്ല, പിന്നെയല്ലേ സ്ഥാനാര്‍ഥികള്‍; ചേലക്കര കൈവശമുള്ള സീറ്റ്, പാലക്കാട് തിരിച്ചുപിടിക്കണം; വയനാട് മുന്നേറ്റമുണ്ടാക്കണമെന്നും ടി പി രാമകൃഷ്ണന്‍

ചേലക്കരയിലും പാലക്കാടും വയനാടും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും

Update: 2024-10-21 14:13 GMT

തിരുവനന്തപുരം: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ഇടതുമുന്നണിക്കു കഴിയുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍. ചേലക്കരയാണ് കൈവശമുള്ള സീറ്റ്. പാലക്കാട് തിരിച്ചുപിടിക്കണം. വയനാട് മുന്നേറ്റമുണ്ടാക്കണം. ചേലക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ചേലക്കരയിലും പാലക്കാടും വയനാടും മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം 24നും പാലക്കാട്, ചേലക്കര നിയോജകമണ്ഡലം കണ്‍വന്‍ഷനുകള്‍ 25നും നടത്തും. ചേലക്കരയിലെ കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വയനാട് ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും നവംബര്‍ 6 മുതല്‍ 10 വരെ തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

''വര്‍ഗീയതയ്ക്ക് എതിരായ ഇടതുമുന്നണി നിലപാട് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കും. വര്‍ഗീയതയ്ക്ക് എതിരെ ജനങ്ങളെ അണിനിരത്തും. എല്ലാ വര്‍ഗീതകളെയും എതിര്‍ത്തു പരാജയപ്പെടുത്തുക എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ലക്ഷ്യം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ അപകടമാണ്. ഇതിനെതിരെ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷമാണ്. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമോ എന്നു ജനങ്ങളാണ് തീരുമാനിക്കേണ്ടത്. സാധാരണ ഈ തിരഞ്ഞെടുപ്പുകള്‍ സര്‍ക്കാരിനെ ബാധിക്കുന്നതല്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തും.

കേരളത്തില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരിന് എതിരായി നിലപാട് സ്വീകരിക്കുകയാണ് യുഡിഎഫ്. ആ സാഹചര്യത്തില്‍ ബിജെപിക്കൊപ്പം യുഡിഎഫിനെയും പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. പാലക്കാട്ട് യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മല്‍സരം. ഞങ്ങളുടെ രാഷ്ട്രീയം അംഗീകരിച്ചു കോണ്‍ഗ്രസില്‍നിന്ന് പലരും ഇടതുപക്ഷത്തേക്കു വരുന്നുണ്ട്. അതില്‍പെട്ട ഒരാളാണ് പി.സരിന്‍. പാലക്കാട് സീറ്റ് ബിജെപിക്കു പതിച്ചു നല്‍കാന്‍ സ്വീകരിച്ചിട്ടുള്ള ഡീലിന്റെ ഭാഗമായാണ് വടകര മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം വന്നതെന്ന് സരിന്‍ തന്നെ പറഞ്ഞിരുന്നു. അങ്ങനെ പല ബന്ധങ്ങളും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. സരിന്‍ മുന്‍പ് ഇടതുനേതാക്കളെ വിമര്‍ശിച്ചത് രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. ആ നിലപാടില്‍നിന്ന് അദ്ദേഹം മാറി. രാഷ്ട്രീയത്തില്‍ ആജീവനാന്ത ശത്രുത ആരോടും ഇല്ല. സരിന്റെ വിശദീകരണം പാര്‍ട്ടിക്ക് തൃപ്തികരമായതു കൊണ്ടാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയത്. എല്ലാ ചോദ്യങ്ങള്‍ക്കും സരിന്റെ വിജയം ഉത്തരം നല്‍കും.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാലക്കാട്ട് ഷാഫി പറമ്പിലിനു വോട്ട് ചെയ്യാമെന്ന നിലപാട് സിപിഎം സ്വീകരിച്ചിട്ടില്ല. ഷാഫിയുടെ വിജയത്തിനു സഹായിക്കുന്ന തരത്തിലുള്ള ഒരു നിലപാടും ഇടതുമുന്നണി സ്വീകരിച്ചിട്ടില്ല. പി.വി.അന്‍വര്‍തന്നെ പാര്‍ട്ടിക്ക് വെല്ലുവിളി അല്ല, പിന്നെയല്ലേ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥികള്‍. എഡിഎം നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കും. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പി.പി.ദിവ്യ പോയി സംസാരിച്ച രീതി ശരിയായില്ലെന്ന് പാര്‍ട്ടി പറഞ്ഞു. പിന്നാലെ അവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കി. എന്നിട്ടും സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമല്ല എന്നു പറയുന്നതിന് അടിസ്ഥാനമില്ല. പാര്‍ട്ടി സെക്രട്ടറി തന്നെ നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി കുടുംബത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. എഡിഎം വിഷയത്തില്‍ പ്രശാന്തനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കണ്ണൂരിലെ പാര്‍ട്ടിയാണ് വിശദീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിനെ ഈ വിഷയം ബാധിക്കില്ല.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സഹായവും നല്‍കാന്‍ കേന്ദ്രം തയാറായില്ല. കേന്ദ്രധനമന്ത്രി കൊച്ചിയില്‍ വന്നപ്പോള്‍ സഹായം നല്‍കുമെന്ന് പറഞ്ഞെങ്കിലും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജീവിതത്തില്‍ എല്ലാം നഷ്ടമായവരെ ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. മാതൃകാപരമായ പുനരധിവാസമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്''. കേന്ദ്രം സാമ്പത്തിക ഉപരോധം തുടര്‍ന്നാലും സര്‍ക്കാര്‍ മുന്നോട്ടുപോകും. കേന്ദ്രം ഇതേ നിലപാടാണ് തുടരുന്നതെങ്കില്‍ എല്‍ഡിഎഫ് അതിശക്തമായ പ്രക്ഷോഭം നടത്തും. തിരഞ്ഞെടുപ്പില്‍ ഇതു പ്രചാരണവിഷയമാക്കുമെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

Tags:    

Similar News