ദിവ്യയെ അറസ്റ്റു ചെയ്യാന്‍ കാലതാമസമുണ്ടായോ എന്ന് ചോദ്യം; പകല്‍ പോലെ മനസിലാകുന്ന യാഥാര്‍ഥ്യം; ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും മന്ത്രി കെ രാജന്‍; സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്നും പ്രതികരണം
'സംഭവിച്ച കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. അത് ജനങ്ങള്‍ തന്നെ മനസിലാക്കിയിട്ടുണ്ട്'
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ രാജന്‍. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും വിശദമായ അന്വേഷണം നടക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം മുറയ്ക്ക് നടക്കും. കൃത്യമായ നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റുചെയ്യാന്‍ കാലതാമസമുണ്ടായോ എന്ന ചോദ്യത്തിന് അതെല്ലാം പകല്‍ പോലെ മനസിലാക്കുന്ന യാഥാര്‍ഥ്യമാണ് എന്നായിരുന്നു മന്ത്രിയുടെ മറുപടി. അത് ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. ബാക്കി അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വന്നശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'കേസുമായി ബന്ധപ്പെട്ട് ശരിയായും തെറ്റായും കരുതിയിരുന്ന ആശങ്ക ഏതെങ്കിലും തരത്തില്‍ വാദമുഖങ്ങളില്‍ പ്രോസിക്യൂഷന് പരാജയമുണ്ടായിട്ടുണ്ടോ എന്നുള്ളതാണ്. അതില്ല എന്ന ബോധ്യപ്പെട്ടത് ആശ്വാസകരമാണ്. അന്വേഷണം മുറയ്ക്ക് നടക്കും. കൃത്യമായ നീതി ലഭ്യമാക്കും. ആരേയും സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ല. എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെക്കുറിച്ച് വ്യക്തിപരമായി എന്റേയും റവന്യുവകുപ്പിന്റേയും അഭിപ്രായം നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണ്', കെ. രാജന്‍ പറഞ്ഞു.
നീലേശ്വരം വെടിക്കെട്ട് അപകത്തില്‍ പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ഉറപ്പാക്കുമെന്നും ചികിത്സ ചിലവുകള്‍ വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 101 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 21 പേര്‍ ഐസിയുവിലാണ്. 7 പേര്‍ വെന്റിലേറ്ററില്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം ഗൗരവപൂര്‍വം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ക്ഷേത്രത്തില്‍ വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് ക്ഷേത്രോത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി 100 ല്‍ അധികം പേര്‍ക്ക് ഗുരുതരവും നിസ്സാരവുമായ പരിക്കേറ്റു, കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. അനുമതിയും ലൈസന്‍സും ഇല്ലാതെ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്താണ് വെടിക്കെട്ട് നടത്തിയതെന്നു എഫ്‌ഐആറില്‍ പറയുന്നു,