'വിജയന്റെ കുടുംബത്തിന് അന്തോം കുന്തോം ഉണ്ടോ?; ഐ.സി. ബാലകൃഷ്ണന്‍ എത്രകാലത്തെ പരിചയമുള്ള നേതാവാണ്?'; എം.എല്‍.എക്ക് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ്; വിവാദം അന്വേഷിക്കുന്ന കെപിസിസി സമിതി വീട്ടിലെത്തി തെളിവ് ശേഖരിക്കും
ഐ.സി. ബാലകൃഷ്ണന് കെ. സുധാകരന്റെ ക്ലീന്‍ ചിറ്റ്
കണ്ണൂര്‍: വയനാട് ഡി സി സി ട്രഷററായിരിക്കെ ജീവനൊടുക്കിയ എന്‍ എം വിജയന്റെ പേരിലുള്ള കത്തിലെ ആരോപണത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എക്ക് കെ.പി.സി.സി. പ്രസിഡന്റിന്റെ ക്ലീന്‍ ചിറ്റ്. ഐ.സി. ബാലകൃഷ്ണന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നായിരുന്നു കണ്ണൂരില്‍ കെ. സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനത്തിനായി ഐ.സി. ബാലകൃഷ്ണന്‍ കോഴ വാങ്ങിയെന്ന കത്തിലെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഐ.സി. ബാലകൃഷ്ണന്‍ എത്രകാലത്തെ പരിചയമുള്ള നേതാവാണ്? പുതുമുഖമൊന്നുമല്ലല്ലോ? അങ്ങനെ ഒരു തെറ്റ് ചെയ്യുന്ന ആളാണെങ്കില്‍ എന്നോ വെച്ച് കാച്ചേണ്ടതല്ലേ? അദ്ദേഹം ഒരിക്കലും അത് ചെയ്യില്ല', സുധാകരന്‍ പറഞ്ഞു. കെ.പി.സി.സിയുടെ അന്വേഷണസമിതി പരിശോധിച്ച് റിപ്പോര്‍ട്ട് തന്നാലെ തനിക്ക് പ്രതികരിക്കാന്‍ കഴിയൂ. കത്ത് വായിച്ചു. വ്യക്തത വന്നതിന് ശേഷം പ്രതികരിക്കാം. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നും സുധാകരന്‍ പറഞ്ഞു,
വിഷയം നേരത്തേ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഞങ്ങളൊക്കെ ഇടപെട്ടിരുന്നു. സമചിത്തതയോടെ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വ്യക്തിപരമായി എല്ലാ മുതിര്‍ന്ന നേതാക്കളോടും സംസാരിച്ചിട്ടുണ്ട്. സഹകരണസ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാവരോടും പറഞ്ഞിട്ടുണ്ട്. തൂങ്ങുമ്പോള്‍ നിങ്ങളെല്ലാവരും തൂങ്ങും തൂങ്ങാതിരിക്കണമെങ്കില്‍ മാന്യമായി ആ വിഷയം കൈകാര്യംചെയ്യണമെന്ന് പച്ചമലയാളത്തില്‍ ഐ.സി. ബാലകൃഷ്ണനും എന്‍.ഡി. അപ്പച്ചനും ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
'പരാതി നല്‍കുമെന്ന് കുടുംബത്തിന് പറയുന്നതിനെന്താ? കുടുംബത്തിന് വല്ല അന്തോം കുന്തോം, ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ?', പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് സുധാകരന്‍ പ്രതികരിച്ചു. 'വെറുതേ രാജിവെക്കണമെന്ന് ഒരാളോട് പറയാന്‍ പറ്റുമോ? രാജിവെക്കണമെന്ന് പറയാനുള്ള സമയമായിട്ടില്ല', എന്നായിരുന്നു എം.എല്‍.എയുടെ രാജി സംബന്ധിച്ച ചോദ്യത്തിനുള്ള കെ.പി.സി.സി. പ്രസിഡന്റിന്റെ മറുപടി.
അതേ സമയം വിവാദം അന്വേഷിക്കാന്‍ കെ പി സി സി ചുമതലപ്പെടുത്തിയ സമിതി നാളെ വയനാട്ടിലെത്തും. അന്വേഷണ സമിതി രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി സി സി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് കെ പി സി സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു. അതിന് ശേഷം അന്തരിച്ച വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ വീട്ടിലും സമിതി അംഗങ്ങള്‍ സന്ദര്‍ശനം നടത്തി വിശദമായ അന്വേഷണം നടത്തും.
കെ പി സി സി അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ മുന്‍ എം പി, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എം എല്‍ എ, കെ പി സി സി ജനറല്‍ സെക്രട്ടറി കെ ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍. ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പിയാണ് പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നല്‍കിയത്.