'കഞ്ചാവ് കേസില്‍ മകന്‍ കുറ്റക്കാരനല്ല; ശരിയായി അന്വേഷിച്ചല്ല പൊലീസ് കേസെടുത്തത്; ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തിക്കൊടുത്തു'; സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയില്‍ വിമര്‍ശനം ആവര്‍ത്തിച്ച് യു പ്രതിഭ

കഞ്ചാവ് കേസില്‍ മകന്‍ കുറ്റക്കാരനല്ല: യു പ്രതിഭ

Update: 2025-01-11 11:36 GMT

ആലപ്പുഴ: കഞ്ചാവ് കേസില്‍ മകന്‍ കുറ്റക്കാരനല്ലെന്ന് സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനവേദിയിലും ആവര്‍ത്തിച്ച് യു.പ്രതിഭ എം.എല്‍.എ. ശരിയായി അന്വേഷിച്ചല്ല പൊലീസ് കേസെടുത്തതെന്നും അവര്‍ ആരോപിച്ചു. മകനെ കഞ്ചാവുകേസില്‍ പ്രതിയാക്കിയ വിവരം പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നും യു പ്രതിഭ കുറ്റപ്പെടുത്തി. ഒരു കിലോമീറ്ററോളം നടന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മകനെ കസ്റ്റഡിയിലെടുത്തതെന്നും അവര്‍ പറഞ്ഞു.

സമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അവര്‍ ഉന്നയിച്ചത്. തനിക്കെതിരെയുണ്ടായത് മാധ്യമ ഗൂഡാലോചനയാണെന്ന് എം.എല്‍.എ ആരോപിച്ചു. വലതുപക്ഷ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തന്നെ ഇരയാക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മകനെതിരായ കഞ്ചാവ് കേസില്‍ യു. പ്രതിഭയെ തള്ളി സിപിഎം നേരത്തെ രംഗത്ത് വന്നിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാര്‍ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്സൈസ് കേസെടുത്തതെന്നും ആര്‍ നാസര്‍ പറഞ്ഞിരുന്നു.

മകനെതിരായ കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസവും ന്യായീകരണമായി യു. പ്രതിഭ രംഗത്തുവന്നിരുന്നു. മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാലത്ത് ചില കുട്ടികള്‍ പുകവലിക്കാറുണ്ട്. തന്റെ മകന്‍ അത് ചെയ്‌തെങ്കില്‍ അത് താന്‍ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത കൊടുത്തതാണ് എന്നും എംഎല്‍എ പറഞ്ഞു.

Tags:    

Similar News