'ചതിവ്, വഞ്ചന, അവഹേളനം... ലാല്‍ സലാം'; സിപിഎം സംസ്ഥാന സമിതിയില്‍ ഇടം കിട്ടാത്തതില്‍ അതൃപ്തി പരസ്യമാക്കി എ.പത്മകുമാര്‍; നിരാശയില്‍ മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും; വീണാ ജോര്‍ജിന് പരോക്ഷ വിമര്‍ശം
അതൃപ്തി പരസ്യമാക്കി എ.പത്മകുമാര്‍
കൊല്ലം: സിപിഎം സംസ്ഥാന സമിതിയില്‍ ഇടം ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന സിപിഎം നേതാവ് എ. പത്മകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് എ പത്മകുമാര്‍ തന്റെ വിയോജിപ്പ് രേഖപ്പെടുത്തിയത്. 'ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. നിരാശയില്‍ മുഖത്ത് കൈവെച്ചിരിക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു. അനുകൂലിച്ചും എതിര്‍ത്തും നൂറുകണക്കിന് കമന്റുകളും പോസ്റ്റിനുതാഴെ വന്നിട്ടുണ്ട്. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ പത്തനംതിട്ട ജില്ലയുടെ പ്രതിനിധികളിലൊരാളാണ് പത്മകുമാര്‍.
വീണാ ജോര്‍ജിനെ സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവാക്കിയതിലും അദ്ദേഹത്തിന് പ്രതിഷേധമുണ്ട്. പ്രൊഫൈല്‍ ചിത്രവും മാറ്റി. എന്നാല്‍ പോസ്റ്റ് ചര്‍ച്ചയായതോടെ അദ്ദേഹം പിന്‍വലിച്ചു. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെയാണ് പത്മകുമാര്‍ പ്രതിഷേധിച്ച് കൊല്ലം വിട്ടത്.
സംസ്ഥാന കമ്മിറ്റിയിലേക്ക് എടുക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ സമര, സംഘടന പ്രവര്‍ത്തനങ്ങളും കണക്കിലെടുക്കണമായിരുന്നുവെന്ന് പത്മകുമാര്‍ പ്രതികരിച്ചു. ഇന്നല്ലെങ്കില്‍ നാളെ പാര്‍ട്ടിക്ക് ബോധ്യപ്പെടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചക്ക് 12 മണി വരെ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു അദ്ദേഹത്തിന്റെ എഫ്.ബി. പേജിലുണ്ടായിരുന്നത്. ഉച്ചയോടെ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ പട്ടിക വന്നതോടെയാണ് മനം മാറ്റം ഉണ്ടായത്. സംസ്ഥാന സമിതിയില്‍ ഇടം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായതാണ് പ്രകോപനത്തിന് കാരണമായതെന്ന് കരുതുന്നു. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് അദ്ദേഹം പിന്‍വലിച്ചു. ഈപോസ്റ്റിനൊപ്പം ഒപ്പം പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെ പ്രൊഫൈല്‍ ചിത്രം.
ചെറുപ്പക്കാര്‍ മുന്നോട്ട് വരണം എന്നതില്‍ തനിക്ക് തര്‍ക്കമില്ലെന്നും എന്നാല്‍ പാര്‍ട്ടി രംഗത്ത് പ്രവര്‍ത്തിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതില്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിയുടെ വിവിധ മേഖലകളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ചെറുപ്പക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രം പരിശോധിച്ച് ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്ഥാനക്കയറ്റം നല്‍കാനാവില്ല എന്നാണ് തന്റെ കാഴ്ചപ്പാടെന്നും ആരുടേയും പേരെടുത്ത് പരാമര്‍ശിക്കാതെ എ പത്മകുമാര്‍ പറഞ്ഞു.
നിലവില്‍ മന്ത്രി വീണാ ജോര്‍ജിനാണ് ഈരീതിയില്‍ സംസ്ഥാന സമിതിയില്‍ ഇടം ലഭിച്ചത്. സമിതിയിലെ 89 അംഗങ്ങള്‍ക്ക് പുറമെ പ്രത്യേക ക്ഷണിതാവായാണ് വീണാ ജോര്‍ജിന് സമിതിയില്‍ ഇടം ലഭിച്ചത്. 17 പുതുമുഖങ്ങളാണ് സമിതിയില്‍. '25-ാം വയസില്‍ ഏരിയാ സെക്രട്ടറിയായ ആളാണ് ഞാന്‍. 30ാം വയസില്‍ എംഎല്‍എ ആയ ആളാണ്. കഴിവില്ലാത്തത് കൊണ്ടാവും എന്നെ പരിഗണിക്കാതിരുന്നത്. പാര്‍ട്ടിയെ വഞ്ചിക്കാനോ ദോഷം വരുത്താനെ ഞാനില്ല. എനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് അറിയിച്ചു എന്നുമാത്രം.' അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ടാണ് ഈ കാര്യത്തിലെ വിയോജിപ്പ് പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ സാധിക്കാതിരുന്നത്, എന്തുകൊണ്ടാണ് ഈ വിയോജിപ്പ് പാര്‍ട്ടി പരിഗണിക്കാതിരുന്നത്, ആരാണ് ഇതില്‍ തീരുമാനമെടുത്തത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എ. പത്മകുമാര്‍ തയ്യാറായില്ല.
1983 ല്‍ ആദ്യ ജില്ലാ കമ്മിറ്റി മുതല്‍ പത്മകുമാര്‍ അംഗമായിരുന്നു. 36 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നിട്ടുണ്ട്. പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവായിട്ടാണ് പത്മകുമാര്‍ ജില്ലയില്‍ നിലകൊണ്ടിരുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹവും മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗമായ പി.ബി. ഹര്‍ഷകുമാറും തമ്മിലുണ്ടായ കയ്യാങ്കളി പാര്‍ട്ടി താക്കീതില്‍ വരെ എത്തിയിരുന്നു.
ഇത്തവണത്തെ ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരില്‍ ഒരാളായിരുന്നു അദ്ദേഹം. അന്ന് തഴയപ്പെട്ടപ്പോഴും അടുപ്പക്കാരോട് നിരാശ പങ്കുവച്ചിരുന്നു. സംസ്ഥാന സമിതിയില്‍ ഇടമില്ലെന്നറിഞ്ഞപ്പോള്‍ തന്നെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാതെ അദ്ദേഹം സ്വദേശമായ ആറന്‍മുളയിലേക്ക് മടങ്ങി.
പതിറ്റാണ്ടുകളായി തുടരുന്ന സംഘടനാ ശൈലികളാകെ പൊളിച്ചെഴുതിയാണ് 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധികാര പ്രഖ്യാപനം. പാര്‍ട്ടിയെന്നാല്‍ പിണറായി എന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിനു പോലും എതിരഭിപ്രായമില്ല. തൊഴിലാളി പാര്‍ട്ടിയെന്ന അടിസ്ഥാന സ്വഭാവത്തില്‍ നിന്ന നവ ഉദാരവത്കരണ നയങ്ങളിലേക്കുള്ള സിപിഎമ്മിന്റെ കൂടുമാറ്റത്തിനും കൊല്ലം സമ്മേളനത്തില്‍ പിണറായി വിജയന്‍ അസ്ഥിവാരമിട്ടു.
പേരിനും പോലും ഒരു തിരുത്തില്ലാതെ പാര്‍ട്ടിയില്‍ അധികാരം അരക്കിട്ടുറപ്പിക്കുകയാണ് പിണറായി വിജയന്‍. 64 ലെ പിളര്‍പ്പിന് ശേഷം കേരളത്തിലെ പാര്‍ട്ടിയെന്നാല്‍ കടുംപിടുത്തങ്ങള്‍ കൂടിയാണ്. നിലപാടുകളില്‍ തുടങ്ങി സംഘടനാ ചിട്ടകളിലും അച്ചടക്കത്തിലും വരെ ഉരുക്കുമുഷ്ടി. നയസമീപനങ്ങളില്‍ കടുകിട വ്യതിചലിക്കാത്ത പാര്‍ട്ടിയെ കൊല്ലം സമ്മേളനത്തില്‍ നവകേരള പുതുവഴി നയരേഖയില്‍ പിണറായി വിജയന്‍ തളച്ചിട്ടു. റോഡിലെ ടോളിനെ രാജ്യമാകെ എതിര്‍ത്ത പാര്‍ട്ടി ഇപ്പോള്‍ ടോള്‍ മാത്രമല്ല സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്കെല്ലാം സെസ് ഏര്‍പ്പെടുത്താനൊരുങ്ങുകയാണ്.