'ഉറപ്പിച്ച് ഞാന്‍ പറയുന്നു; അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല'; ബി.ജെ.പി നേതാക്കള്‍ എ പദ്മകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രതികരണവുമായി എ കെ ബാലന്‍
പദ്മകുമാര്‍ സിപിഎം വിടില്ലെന്ന് എ കെ ബാലന്‍
പാലക്കാട്: സിപിഎം നേതൃത്വവുമായി പരസ്യമായി ഉടക്കിയതിന് പിന്നാലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മുതിര്‍ന്ന നേതാവ് എ. പദ്മകുമാര്‍ ഒരുകാരണവശാലും മറുകണ്ടം ചാടില്ലെന്ന് എ.കെ. ബാലന്‍. 'ഉറപ്പിച്ച് ഞാന്‍ പറയുന്നു, അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല, ഞാന്‍ ഇന്ന് രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു' -ചാനല്‍ ചര്‍ച്ചയില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എ.കെ. ബാലന്‍ പറഞ്ഞു.
സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പദ്മകുമാര്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെ, ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം സൃഷ്ടിച്ച് ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജും വൈസ് പ്രസിഡന്റ് അയിരൂര്‍ പ്രദീപുമാണ് അദ്ദേഹത്തിന്റെ വീട്ടില്‍ ചര്‍ച്ചക്കെത്തിയത്. ബി.ജെ.പി സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ചര്‍ച്ച എന്നാണ് സൂചന.
പദ്മകുമാര്‍ വന്നാല്‍ സ്വീകരിക്കുമെന്ന് ബി.ജെ.പി പത്തനംതിട്ട ജില്ല നേതൃത്വം ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ തീരുമാനിക്കുമെന്നാണ് ഇന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ആയിരൂര്‍ പ്രദീപ് പറഞ്ഞത്.
ഇന്നലെ ഉച്ചവരെ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത പാര്‍ട്ടി നേതാവാണ് പദ്മകുമാര്‍. എന്നാല്‍, സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തില്ല എന്ന് ഉറപ്പായതോടെ അതൃപ്തി പരസ്യമാക്കി ഉച്ചഭക്ഷണത്തിനും പൊതുസമ്മേളനത്തിലും പങ്കെടുക്കാതെ അദ്ദേഹം കൊല്ലത്ത് നിന്ന് മടങ്ങുകയായിരുന്നു. പാര്‍ട്ടിക്കെതിരായ വെളിപ്പെടുത്തല്‍ വിവാദമായതോടെ, പാര്‍ട്ടി വിട്ട് പോകില്ലെന്നും അനുവദിക്കുകയാണെങ്കില്‍ ബ്രാഞ്ച് തലത്തില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെയാണ് പദ്മകുമാര്‍ രംഗത്തെത്തിയത്.