വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം; മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കമെന്നും കെ.രാധാകൃഷ്ണന്‍ എംപി; ഫാസിസത്തെ ഓര്‍മിപ്പിച്ച് മലയാളത്തില്‍ സംസാരിച്ച് ആലത്തൂര്‍ എംപി; മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ നീക്കമെന്ന് കെ.സി.വേണുഗോപാല്‍

വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ മലയാളത്തില്‍ സംസാരിച്ച് കെ. രാധാകൃഷ്ണന്‍

Update: 2025-04-02 14:01 GMT

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നു കുറ്റപ്പെടുത്തി കെ.രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍. മുസ്‌ലിം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ബില്‍ ന്യൂനപക്ഷവിരുദ്ധമായതിനാല്‍ സിപിഎം എതിര്‍ക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ മലയാളത്തില്‍ സംസാരിച്ച ആലത്തൂര്‍ എംപി കെ. രാധാകൃഷ്ണന്‍ ബില്ലിനെ എതിര്‍ക്കുന്നതായി വ്യക്തമാക്കി. പൂര്‍ണ്ണമായും മലയാളത്തില്‍ സംസാരിച്ച രാധാകൃഷ്ണന്‍, ജര്‍മന്‍ കവി മാര്‍ട്ടിന്‍ നീമൊളറുടെ ഫാസിസത്തിനെതിരായ വരികള്‍ സഭയില്‍ ഉദ്ധരിച്ചു. ബില്ലിനെ അനുകൂലിക്കുന്നവര്‍ ഹിറ്റ്ലര്‍ എങ്ങനെയാണ് ജര്‍മനിയെ ഫാസിസത്തിലേക്ക് കൊണ്ടുപോയതെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് മാര്‍ട്ടിന്‍ നീമൊളറുടെ കവിത രാധാകൃഷ്ണന്‍ ഉദ്ധരിച്ചത്.

'നിയമമന്ത്രി അവകാശപ്പെട്ടതുപോലെ പാവപ്പെട്ടവര്‍ക്കോ കുട്ടികള്‍ക്കോ വനിതകള്‍ക്കോ വേണ്ടിയല്ല ബില്‍ അവതരിപ്പിച്ചതെന്ന്, അത് കൊണ്ടുവന്ന സര്‍ക്കാരിനുതന്നെ അറിയാം. തെറ്റായ സമീപനത്തിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുസ്ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മഹാഭൂരിപക്ഷം ജനതയെക്കൊണ്ട് ചിന്തിപ്പിക്കണം. അങ്ങനെ വിഭജനമുണ്ടാക്കാനുള്ള തന്ത്രം ബില്ലിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്', രാധാകൃഷ്ണന്‍ പറഞ്ഞു.

'ബില്‍ വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനയുടെ ലംഘനമാണ്. ഭരണഘടന ഉറപ്പുല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ചുകടന്നക്കുന്ന അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാനും ബില്‍ ഉദ്ദേശിക്കുന്നു. ഭരണഘടനയുടെ 27-ാം അനുച്ഛേദം ലംഘിക്കപ്പെടുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിന് മേലുള്ള കടന്നുകയറ്റമാണ്', അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ ദേവസ്വം ബോര്‍ഡിലെ ഒരംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി സാമ്യം വന്നതിന്റെ പേരില്‍, അവര്‍ ക്രിസ്ത്യാനിയാണെന്ന് തെറ്റിദ്ധരിച്ച് വലിയ കലാപം ഉണ്ടായി. 1987-ല്‍ ഹിന്ദുക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ് വലിയ സമരം അന്നാണ് നടത്തിയത്', രാധാകൃഷ്ണന്‍ ഓര്‍മിപ്പിച്ചു.

ഇക്കാര്യം പറയുന്നതിനിടെ 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെ'ന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇതിനെതിരെ മന്ത്രി രംഗത്തെത്തി. സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ, അദ്ദേഹത്തിന് എന്തെങ്കിലും വിശദീകരിക്കാനുണ്ടോയെന്ന് ചോദിച്ചു. തുടര്‍ന്നാണ് സുരേഷ് ഗോപി മറുപടി നല്‍കിയത്.

ബില്‍ പാസാകുന്നതോടെ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ കളയേണ്ടി വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കെ.രാധാകൃഷ്ണന്‍ സംസാരിക്കുന്നതിനിടെ അതിനെ എതിര്‍ത്താണ് സുരേഷ് ഗോപി എംപി രംഗത്തുവന്നത്.

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണു വഖഫ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ.സി.വേണുഗോപാല്‍ എംപി ആരോപിച്ചു. ന്യൂനപക്ഷത്തിന് എതിരല്ല ബില്ലെന്ന് കിരണ്‍ റിജിജു പറയുന്നതു കുറ്റബോധം കാരണമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി രാജ്യത്തെ വിഭജിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വഖഫ് നിയമഭേഗഗതി ബില്ലിന്മേലുള്ള ചര്‍ച്ച ലോക്‌സഭയില്‍ തുടരുകയാണ്.

Tags:    

Similar News