വീണയ്ക്കെതിരായ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി കാണണമെന്നും രാഷ്ട്രീയമായി ശക്തമായി ചെറുക്കണമെന്നുമുള്ള നിലപാട് സിപിഐയെ അറിയിക്കാന്‍ സിപിഎം; പിഎം ശ്രീയിലും ഇനി ബിനോയ് വിശ്വത്തെ മാനിക്കില്ല; സിപിഐയെ തഴഞ്ഞ് മുമ്പോട്ട് പോകാന്‍ സിപിഎം; 'പിണറായി സര്‍ക്കാര്‍' പ്രചരണവും തുടരും; സിപിഐ വിമര്‍ശനങ്ങള്‍ പുച്ഛിച്ച് തള്ളും; ക്യാപ്ടന്‍ പിണറായി തന്നെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ പ്രതിയായ സിഎംആര്‍എല്‍ ഇടപാട് കേസില്‍ ഇടതുമുന്നണിയില്‍ പോര് മുറുകുന്നു. വീണയുടെ കേസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പരസ്യപ്രതികരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. സിഎംആര്‍എല്‍ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയക്കേസായി സിപിഎം വിശദീകരിച്ചിരുന്നു. ഇതിനിടെയാണ് സിപിഐ വിരുദ്ധനിലപാട് സ്വീകരിച്ചത്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചു. സിപിഐയെ സിപിഎം പ്രതിഷേധം അറിയിക്കുകയും ചെയ്തു. വീണയ്ക്കെതിരായ കേസ് മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള നീക്കമായി കാണണമെന്നും രാഷ്ട്രീയമായി ശക്തമായി ചെറുക്കണമെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. ഇടതുമുന്നണിയുടെ ക്യാപ്ടനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് അംഗീകരിക്കാന്‍ പെട്ടെന്ന് സിപിഐ വൈമനസ്യം കാട്ടുന്നതും സിപിഎമ്മിനെ അമ്പരപ്പിച്ചിട്ടുണ്ട്.
ബിനോയ് വിശ്വത്തിന്റെ പ്രസ്താവന അംഗീകരിക്കില്ലെന്ന സന്ദേശം സിപിഎം നല്‍കും. എന്നാല്‍ കരുതലോടെ മാത്രമേ സിപിഐ ഇനി പ്രതികരിക്കൂ. മന്ത്രി വി. ശിവന്‍കുട്ടി പരസ്യമായി രംഗത്ത് വന്നത് ഇതിന്റെ സൂചനയാണ്. വീണയുടെ കേസിനെപ്പറ്റി ബിനോയ് ഉത്കണ്ഠപ്പെടേണ്ടതില്ലെന്നായിരുന്നു ശിവന്‍കുട്ടിയുടെ മറുപടി. വിമര്‍ശിക്കാന്‍ വേറെ പ്രതിപക്ഷനേതാവുണ്ടെന്ന കുറ്റപ്പെടുത്തലും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. സിപിഎം നിര്‍ദ്ദേശ പ്രകാരമാണ് മ്ന്ത്രിയുടെ വിമര്‍ശനം. എസ്എഫ്ഐഒയുടെ കുറ്റപത്രം വന്നതിനുപിന്നാലെ, മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞാക്രമിക്കാന്‍ അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ബിനോയ് വിശ്വം രംഗത്തുവന്നിരുന്നു. ഇത് സിപിഐയ്ക്കുള്ളില്‍ പ്രതിസന്ധിയായി. പല കാര്യങ്ങളിലും സിപിഎമ്മിനെ ബിനോയ് വിശ്വം ഏകപക്ഷീയമായി പിന്തുണയ്ക്കുന്നതും ചര്‍ച്ചയായി. ഇതിന്റെ ഭാഗമായാണ് നിലപാടുമാറ്റം. മുഖ്യമന്ത്രിക്കുനേരേ ഉന്നമിട്ടുള്ള എല്ലാനീക്കങ്ങളെയും പ്രതിരോധിക്കാന്‍ രംഗത്തിറങ്ങും. എന്നാല്‍, സിഎംആര്‍എല്‍ അടക്കം വ്യക്തിപരമായി ഉണ്ടാകുന്ന കേസിന്റെ ബാധ്യത രാഷ്ട്രീയമായി ഏറ്റെടുക്കേണ്ടതില്ല എന്നാണ് സിപിഐയുടെ പക്ഷം.
സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷമാണ് ബിനോയ് വിശ്വം ഇക്കാര്യം വ്യക്തമാക്കിയത്. 'വീണാ വിജയന്റെ കേസ് ഒരു കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്. സിപിഐ മുഖ്യമന്ത്രിയുടെ നിലപാടിനൊപ്പം നില്‍ക്കും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ കാര്യങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിഷയമല്ല.' -ഇതായിരുന്നു ബിനോയിയുടെ പ്രതികരണം. ഇതിനോട് പിണറായിയുടെ പേര് സര്‍ക്കാരിനൊപ്പം ചേര്‍ത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ലെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണാ വിജയന് അറിയാമെന്നും വി. ശിവന്‍കുട്ടി പ്രതികരിച്ചു. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് ഇടതുമുന്നണി യോഗത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വീണാ വിജയന്റെ പേരില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര ഏജന്‍സികള്‍ കേസെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഇടതുപക്ഷം പൂര്‍ണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വീണാ വിജയന്റെ കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. അദ്ദേഹം പറയേണ്ടിയിരുന്നത് എല്‍ഡിഎഫ് യോഗത്തിലായിരുന്നു. അതുമാത്രമല്ല, പിണറായി സര്‍ക്കാര്‍ എന്ന് പറയാന്‍ പാടില്ല എന്നാണ് ബിനോയ് വിശ്വത്തിന്റെ പുതിയ കണ്ടുപിടിത്തം. ബിനോയ് വിശ്വം മുഖ്യമന്ത്രിയായാലും, ബിനോയ് വിശ്വം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന് തന്നെ ആയിരിക്കും പറയുക. അതിലൊന്നും അസൂയയുടേയും കുശുമ്പിന്റെയും ആവശ്യമില്ല', വി ശിവന്‍കുട്ടി പറഞ്ഞു.
കേന്ദ്രവിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തിനും മന്ത്രി മറുപടി പറഞ്ഞു. കേന്ദ്രത്തില്‍നിന്ന് 1500 കോടി കിട്ടാനുണ്ടെന്നു പറഞ്ഞതില്‍ ബിനോയ് വിശ്വത്തിന് സംശയമുണ്ടെങ്കില്‍ ഓഫിസില്‍ ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തയാറാണ്. സിപിഐയുടെ നിയന്ത്രണത്തിലുള്ള കൃഷി വകുപ്പ് കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പല ഘട്ടങ്ങളിലായി 1500 കോടി രൂപ പാവപ്പെട്ട കുട്ടികളുടെ പഠനത്തിനായി കേന്ദ്രം അനുവദിക്കുന്നുണ്ട്. ആ പണം ഉപേക്ഷിക്കണോ വേണ്ടയോ എന്നതാണ് തീരുമാനിക്കേണ്ടത്. കേന്ദ്രത്തിന്റെ പണമായതു കൊണ്ട് നമ്മള്‍ അതു വാങ്ങാതിരിക്കേണ്ടതില്ല. പിഎം ശ്രീ നടപ്പാക്കിയതു കൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിദ്യാഭ്യാസ നയത്തില്‍നിന്നു പിന്നോട്ടു പോകുന്ന പ്രശ്നമില്ല. കേരളത്തിന്റെ വിദ്യാഭ്യാസചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തുന്നത്. അക്കാദമിക് ഉള്‍പ്പെടെ എല്ലാ വിഷയത്തിലും സംസ്ഥാനസര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണ് നടപ്പാക്കുന്നത്. സ്‌കൂളുകളില്‍ പ്രധാനമന്ത്രിയുടെ പേര് എഴുതി വയ്ക്കണമെന്ന് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പറയുന്നില്ല. കേരളത്തില്‍ എല്‍ഡിഎഫ് വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട് മാത്രമേ കാര്യങ്ങള്‍ നടപ്പാക്കുകയുള്ളു. കേന്ദ്രം പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ബദല്‍ പാഠപുസ്തകം ഇറക്കിയ സംസ്ഥാനമാണ് കേരളം. ഇതെല്ലാം ബിനോയ് വിശ്വം വിസ്മരിക്കുന്നത് ശരിയല്ല. കേന്ദ്രത്തില്‍നിന്ന് 1500 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അതില്‍ സംശയമുണ്ടെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്.
ബിനോയ് വിശ്വം ഒരു സമയം നിശ്ചയിച്ചാല്‍ അദ്ദേഹത്തിന്റെ ഓഫിസില്‍ ചെന്ന് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കൊടുക്കാം. അക്കാര്യത്തില്‍ ആരോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. അതുപോലെ തന്നെ സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് പ്രധാനമന്ത്രി കിസാന്‍ പ്രോജക്ട്, രാഷ്ട്രീയ കൃഷി വികസന യോജന തുടങ്ങി മൂന്നു കേന്ദ്രപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് ചെലവഴിക്കുന്നത്. വിഭ്യാഭ്യാസ രംഗത്തു സമാനമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. നമ്മുടെ രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് കേന്ദ്രത്തില്‍നിന്നു ന്യായമായി കിട്ടേണ്ട കാശ് വാങ്ങി കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുക എന്നതാണ് എല്‍ഡിഎഫിന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ കാര്യം പറയാന്‍ പ്രതിപക്ഷ നേതാവ് ഉണ്ടല്ലോ. അത്തരം കാര്യങ്ങള്‍ അദ്ദേഹം പറയട്ടെ. നമ്മള്‍ അതിന് തടസമുണ്ടാക്കേണ്ടതില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ ഭിന്നതയില്ലെന്നും സജീവമായ ചര്‍ച്ച വേണമെന്ന ആവശ്യമാണ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. സിപിഐ രാഷ്ട്രീയ തീരുമാനം എടുത്തതിനു ശേഷം പദ്ധതി വീണ്ടും മന്ത്രിസഭയില്‍ കൊണ്ടുവരാം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'പിഎം ഉഷ' പദ്ധതിയില്‍ ഒപ്പിട്ടിട്ടുണ്ട്. അതില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് പ്രശ്നമുണ്ടായതെന്ന് അറിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇതെല്ലാം ബിനോയ് വിശ്വത്തിന്റെ പുതിയ നിലപാടിനുള്ള വിമര്‍ശനമാണെന്നാണ് വിലയിരുത്തല്‍.