സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാന്‍ ഉണ്ടാകും; ഇരട്ടച്ചങ്ക് ഉള്ളവരോടും നിലപാടില്‍ മാറ്റമില്ല. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തില്‍ അഭിമാനമുണ്ട്: വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ സുധാകരന്‍
പാര്‍ട്ടിയില്‍ പടക്കുതിരയായി തുടരുമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ സുധാകരന്‍
തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ പോരാട്ടം തുടരാന്‍ പാര്‍ട്ടിയില്‍ പടക്കുതിരായായി തുടരുമെന്ന് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ കെ സുധാകരന്‍. തന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് കെ സുധാകരന്‍ വിടവാങ്ങല്‍ പ്രസംഗം പൂര്‍ത്തിയാക്കിയത്.
തുടങ്ങിവച്ച പല കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഏറ്റെടുത്തതെല്ലാം വിജയകരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുണ്ട്. സിപിഎമ്മിനെതിരെ ഒരു പടക്കുതിരയായി താന്‍ ഉണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. കെപിസിസി ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലായിരുന്നു സുധാകരന്റെ പരാമര്‍ശം.
'സിയുസി (കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി ) പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അത് ഞാന്‍ സണ്ണിയെ ഏല്‍പ്പിക്കുന്നു. തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ സാധിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല. പ്രവര്‍ത്തകര്‍ ആണ് എന്റെ കരുത്ത്. സിപിഎമ്മിനെതിരെ ഒരു പടക്കുതിര ആയി ഞാന്‍ ഉണ്ടാകും.ഭരണകൂടങ്ങളുമായി നോ കോംപ്രമൈസ് എന്നാണ് എന്റെ ശൈലി. ഇരട്ടച്ചങ്ക് ഉള്ളവരോടും നിലപാടില്‍ മാറ്റമില്ല.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും രാഹുല്‍ ഗാന്ധിയോടും നന്ദി പറയുന്നു. വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിയോഗിച്ചതിന് നന്ദി. സണ്ണി ജോസഫ് എന്റെ അനുജനാണ്. സണ്ണിയുടെ രാഷ്ട്രീയ നേട്ടത്തില്‍ അഭിമാനമുണ്ട്. അന്തരിച്ച പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്റെ കുടുംബത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും', കെ സുധാകരന്‍ പറഞ്ഞു.