'അയ്യപ്പകോളേജില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് വേദിയില്‍ ഭാരതാംബ ചിത്രവും; അന്നില്ലാതിരുന്ന എന്ത് വര്‍ഗീയതയാണ് ഇന്ന് രജിസ്ട്രാര്‍ക്ക് അനുഭവപ്പെട്ടത്?'; അനില്‍കുമാര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമെന്ന് എബിവിപി

അനില്‍കുമാര്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകമെന്ന് എബിവിപി

Update: 2025-07-03 09:13 GMT

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി റദ്ദാക്കിയതില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച കേരള സര്‍വകലാശാല രജിസ്ട്രാറെ വെട്ടിലാക്കി എ ബി വി പി. സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാര്‍ ഭാരതാംബ ചിത്രമുള്ള പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രമടക്കം പുറത്തുവിട്ടാണ് എ ബി വി പി രംഗത്തെത്തിയത്. അനില്‍ കുമാര്‍ പ്രിന്‍സിപ്പളായിരുന്നപ്പോള്‍ ശ്രീ അയ്യപ്പ കോളേജില്‍ ഭരതാംബ ചിത്രത്തിന് മുന്നിലെ പരിപാടിയില്‍ പങ്കെടുത്ത ചിത്രമാണ് എ ബി വി പി പുറത്ത് വിട്ടത്. അന്നില്ലാത്ത എന്ത് വര്‍ഗീയതയാണ് ഇന്നെന്നും എ ബി വി പി ചോദിച്ചു.

2020 ല്‍ അനില്‍കുമാര്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ ധ്വനി കലാലയ യൂണിയന്‍ നടത്തിയ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്നും അന്ന് പരിപാടിയുടെ ഉദ്ഘാടകന്‍ ആയിരുന്നു സസ്‌പെന്‍ല്‍നിലായ രജിസ്ട്രാറെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് ചൂണ്ടിക്കാട്ടി. ഇന്ന് ചട്ടവിരുദ്ധമായി രജിസ്ട്രാര്‍ ആയപ്പോള്‍ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി അദ്ദേഹം മാറി. സി പി എം നേതാക്കള്‍ സെനറ്റ് ഹാളിന് പുറത്ത് പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ രജിസ്ട്രാര്‍ ഹാളിനുള്ളില്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചുവെന്നു എ ബി വി പി സംസ്ഥാന സെക്രട്ടറി വിവരിച്ചു.

ഗവര്‍ണര്‍ പങ്കെടുക്കുന്ന, പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്ന പരിപാടിയില്‍ തടസ്സം സൃഷ്ടിച്ച് ചാന്‍സിലറായ ഗവര്‍ണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാര്‍ ചെയ്തതെന്നും എ ബി വി പി വിമര്‍ശിച്ചു. യഥാര്‍ത്ഥത്തില്‍ രജിസ്ട്രാറുടെ പ്രശ്‌നം ഭാരതാംബയല്ലെന്നും സി പി എമ്മിനോടുള്ള വിധേയത്വവും കൂറും ആണെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും വിമര്‍ശിച്ചു.

എ ബി വി പിയുടെ ഫേസ്ബുക്ക് കുറിപ്പ്

രജിസ്ട്രാര്‍ അനില്‍കുമാര്‍ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകം, അനില്‍കുമാര്‍ പ്രിന്‍സിപ്പലായിരുന്ന അയ്യപ്പകോളേജില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് വേദിയില്‍ ഭാരതാംബയുടെ ചിത്രവും. അന്നില്ലാതിരുന്ന എന്ത് വര്‍ഗീയതയാണ് ഇന്ന് രജിസ്ട്രാര്‍ക്ക് അനുഭവപ്പെട്ടത്? രജിസ്ട്രാര്‍ അനില്‍കുമാര്‍ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി മാറിയെന്നും അനില്‍കുമാര്‍ പ്രിന്‍സിപ്പലായിരുന്ന അയ്യപ്പകോളേജില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് വേദിയില്‍ ഭാരതാംബയുടെ ചിത്രമുപയോഗിച്ചപ്പോള്‍ ഇല്ലാതിരുന്ന എന്ത് വര്‍ഗീയതയാണ് ഇന്ന് രജിസ്ട്രാര്‍ക്ക് അനുഭവപ്പെട്ടതെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. 2020 ല്‍ അനില്‍കുമാര്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ ധ്വനി കലാലയ യൂണിയന്‍ നടത്തിയ പരിപാടികളില്‍ ഭാരതാംബയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിരുന്നു. അന്ന് പരിപാടിയുടെ ഉദ്ഘാടകന്‍ ആയിരുന്നു ഡോ കെ എസ് അനില്‍കുമാര്‍. ഇന്ന് ചട്ടവിരുദ്ധമായി രജിസ്ട്രാര്‍ ആയപ്പോള്‍ സി പി എമ്മിന്റെ രാഷ്ട്രീയ ചട്ടുകമായി അദ്ദേഹം മാറി. സി പി എം നേതാക്കള്‍ സെനറ്റ് ഹാളിന് പുറത്ത് പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍ രജിസ്ട്രാര്‍ ഹാളിനുള്ളില്‍ പരിപാടി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. ഗവര്‍ണര്‍ പങ്കെടുക്കുന്ന, പ്രോട്ടോകോള്‍ അനുസരിച്ച് നടത്തുന്ന പരിപാടിയില്‍ തടസ്സം സൃഷ്ടിച്ച് ചാന്‍സിലറായ ഗവര്‍ണറോട് അനാദരവ് കാണിക്കുകയാണ് രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ ചെയ്തത്. ആലപ്പുഴ ശ്രീ അയ്യപ്പ കോളേജില്‍ നടന്ന പരിപാടിയില്‍ ഉണ്ടായിരുന്ന അതേ ഭാരതാംബയുടെ ചിത്രം തന്നെയാണ് സെനറ്റ് ഹാളില്‍ ഉണ്ടായിരുന്നതും. യഥാര്‍ത്ഥത്തില്‍ രജിസ്ട്രാറുടെ പ്രശ്‌നം ഭാരതാംബയല്ല സി പി എമ്മിനോടുള്ള വിധേയത്വവും കൂറും ആണ്. രജിസ്ട്രാറുടെ ചട്ടവിരുദ്ധ നിയമനത്തിന് പ്രതിഫലമെന്നോണം ഇടതുപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും എ ബി വി പി സംസ്ഥാന സെക്രട്ടറി പറഞ്ഞു

Tags:    

Similar News