എല്‍ഡിഎഫ് പോകേണ്ട വഴി ഇതല്ല; മുന്നണി മര്യാദയുടെ ലംഘനം; എല്‍ഡിഎഫില്‍ തുടരുന്ന കാര്യം സെക്രട്ടേറിയറ്റിന് ശേഷം പറയാമെന്ന് ബിനോയ് വിശ്വം; സിപിഐ അപമാനിക്കപ്പെട്ടെന്ന തോന്നലൊന്നുമില്ലെന്ന് കെ പ്രകാശ് ബാബു; മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും? 'പിഎം ശ്രീ'യില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ തേടാന്‍ സിപിഐ

'പിഎം ശ്രീ'യില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ തേടാന്‍ സിപിഐ

Update: 2025-10-24 06:47 GMT

തിരുവനന്തപുരം: സിപിഐയുടെ കടുത്ത എതിര്‍പ്പിനെ പാടേ അവഗണിച്ച് സര്‍ക്കാര്‍ പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മുന്നണിയില്‍ തുടരുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അതൊക്കെ 12.30 കഴിഞ്ഞ് പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. കനത്ത തിരിച്ചടിക്കിടെ, പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ സിപിഐ വെള്ളിയാഴ്ച അടിയന്തര സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. ഇതിനു ശേഷം പ്രതികരണം അറിയിക്കാമെന്നാണ് ബിനോയ് വിശ്വം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

അതേ സമയം വിദ്യാഭ്യാസ വകുപ്പിനെ പൂര്‍ണമായി തള്ളാതെയാണ് സിപിഐ മുതിര്‍ന്ന നേതാവ് കെ പ്രകാശ് ബാബു പ്രതികരിച്ചത്. സിപിഐ അപമാനിക്കപ്പെട്ടു എന്ന തോന്നലില്ല എന്നും ചര്‍ച്ചകള്‍ വരട്ടേയെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നയപരയമായ കാര്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറി ഒപ്പിടാന്‍ പാടില്ലാത്തതാണ്. സിപിഐയും സിപിഐഎമ്മും പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. ഇടതുപക്ഷ നയം അതുപോലെ നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിന് കഴിഞ്ഞെന്ന് വരില്ലെന്നും പ്രകാശ് ബാബു പറഞ്ഞു.

ഏത് സിപിഐ എന്ന എം വി ഗോവിന്ദന്റെ ചോദ്യമുള്‍പ്പെടെ ചര്‍ച്ചയാകുകയും അതിന് ബിനോയ് വിശ്വം ഉള്‍പ്പെടെ മറുപടി പറയുകയും ചെയ്തതിന് പിന്നാലെയാണ് അപമാനിക്കപ്പെട്ടതായി ഈ ഘട്ടത്തില്‍ തോന്നുന്നില്ലെന്ന പ്രകാശ് ബാബുവിന്റെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പി എം ശ്രീ വിഷയത്തില്‍ സിപിഐയുമായി ചര്‍ച്ചയാകാമെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോയതില്‍ സിപിഐ അപമാനിക്കപ്പെട്ടില്ലേ എന്ന ചോദ്യത്തിന് അങ്ങനെയെങ്കില്‍ അപമാനിക്കപ്പെട്ടത് സിപിഎം ജനറല്‍ സെക്രട്ടറി ആണെന്നായിരുന്നു പ്രകാശ് ബാബുവിന്റെ മറുപടി.

ഇടതുപക്ഷത്തിന്റെ നയം ഉയര്‍ത്തിപ്പിടിക്കാന്‍ തന്നെയാണ് സിപിഐയുടെ തീരുമാനമെന്ന് പ്രകാശ് ബാബു വ്യക്തമാക്കി. നയപരമായ തീരുമാനം എടുക്കേണ്ടത് എല്‍ഡിഎഫാണ്. ചില വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് കൃത്യമായി അതാത് പ്ലാറ്റ്ഫോമുകളില്‍ ചര്‍ച്ചചെയ്യും. പ്രതിപക്ഷ ആരോപണങ്ങളെ ഇപ്പോള്‍ ഏറ്റെടുക്കുന്നില്ല. പിഎം ശ്രീയയുടെ ഭാഗമാകുമ്പോള്‍ ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങളെയല്ല കാണേണ്ടത്. എസ്എസ്‌കെ കുടിശിക ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. തമിഴ്നാട് കോടതിയില്‍ പോകാന്‍ തീരുമാനിച്ചുവല്ലോ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നുതവണ മന്ത്രിസഭയിലും മാധ്യമങ്ങളിലൂടെ പരസ്യമായും ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. ഭാഗമാകണമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോള്‍ എതിര്‍പ്പ് കടുപ്പിച്ച് പരസ്യമായി ഇറങ്ങിയതുമാണ്. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയുടെ എതിര്‍പ്പിന് ഒരുവിലയും കല്‍പിക്കാതെ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് സിപിഐക്ക് തിരിച്ചടിയായി.

അതേ സമയം കടുത്ത തീരുമാനങ്ങളിലേക്ക് സി പി ഐ കടക്കുന്നുവെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമായിട്ടുണ്ട്. മുന്നണി മര്യാദ ലംഘിച്ചത് ആയുധ മാക്കിയുള്ള പോരിനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചനയിലാണ്. സി പി എം ദേശീയ നേതൃത്തെ എതിര്‍പ്പ് അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടത് പാര്‍ട്ടികളുട കെട്ടുറപ്പിനെ തകര്‍ക്കുന്ന നടപടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അറിയിക്കും

ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ തേടാന്‍ സി പി ഐ

പി എം ശ്രീ പദ്ധതി അംഗീകരിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ദേശീയ നേതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള എതിര്‍പ്പാകും സി പി ഐ ഉയര്‍ത്തുക. ഇന്ന് ചേരുന്ന സി പി ഐ കേന്ദ്ര സെക്രട്ടറിയേറ്റില്‍ നിലവില്‍ വിഷയം അജണ്ടയില്‍ ഇല്ലെങ്കിലും ചര്‍ച്ച ഉയരുമെന്നാണ് സൂചന. വിഷയം കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യാന്‍ പോകുന്നെ ഉള്ളൂ എന്ന് സന്തോഷ് കുമാര്‍ എം പി നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സി പി എം നിലപാട് വിശദീകരിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട് കേരളം

സി പി ഐയുടെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെയാണ് കേരളം പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടത്. ഇന്നലെയാണ് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പിട്ടത്. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയില്‍ ഒപ്പ് വെച്ചത്. ഇതോടെ തടഞ്ഞുവച്ച 1500 കോടിയുടെ എസ് എസ് കെ ഫണ്ട് ഉടന്‍ അനുവദിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. മൂന്ന് തവണ മന്ത്രിസഭയിലടക്കം സി പി ഐ എതിര്‍പ്പ് ഉന്നയിച്ച പദ്ധതിയിലാണ് കേരളം ഇപ്പോള്‍ ചേര്‍ന്നിരിക്കുന്നത്. ഇതാണ് സി പി ഐ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാന്‍ കാരണം.

Tags:    

Similar News