ട്വന്റി ട്വന്റി ലോക്സഭാ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍; കൊച്ചി കോര്‍പറേഷനില്‍ രവിപുരത്ത് മത്സരിക്കും; കളത്തിലിറങ്ങിയത് ഹൈബി ഈഡനെതിരെ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായിരുന്ന ആന്റണി ജൂഡി

ട്വന്റി ട്വന്റി ലോക്സഭാ സ്ഥാനാര്‍ഥി കോണ്‍ഗ്രസില്‍; കൊച്ചി കോര്‍പറേഷനില്‍ രവിപുരത്ത് മത്സരിക്കും

Update: 2025-11-15 17:33 GMT

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ രവിപുരം പത്താം ഡിവിഷനില്‍ സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ കളത്തിലിറക്കി കോണ്‍ഗ്രസ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ഥിയായിരുന്ന ആന്റണി ജൂഡിയാണ് കോണ്‍ഗ്രസ് അംഗത്വമെടുത്ത് മത്സര രംഗത്തിനിറക്കിയത്. ജനങ്ങളെ വാഗ്ദാനം നല്‍കി വഞ്ചിക്കുകയാണ് ട്വന്റി ട്വന്റിയെന്ന് ആന്റണി ജൂഡി പറഞ്ഞു. ജനക്ഷേമമെന്ന തെറ്റിധാരണ പരത്തി, ജന പ്രതിനിധികളെ നിയന്ത്രിക്കുന്ന കോര്‍പറേറ്റ് സംവിധാനം മാത്രമാണ് ആ പാര്‍ട്ടിയെന്നും ആന്റണി ജൂഡി പറഞ്ഞു.

നേതൃത്വത്തിന്റെ പിടിപ്പുകേടുകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും. ജനപ്രതിനിധികളെ വെറും പാവകളാക്കി, ദരിദ്ര സമൂഹത്തെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കിറ്റിലൂടെ ജനങ്ങളെ വിഡ്ഡികളാക്കിയെങ്കില്‍ ട്വന്റി ട്വന്റി ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിന്റെ പേരിലാണ് ചൂഷണം ചെയ്തത് എന്ന് ആന്റണി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിചാരിച്ച വോട്ട് ലഭിക്കാതെ വന്നപ്പോള്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് അടച്ചുപൂട്ടിയവരാണ് പുതിയ വാഗ്ദാന തട്ടിപ്പുമാായി രംഗത്തെത്തുന്നതെന്നും ആന്റണി ജൂഡി പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി, എറണാകുളം തുടങ്ങിയ രണ്ടു സീറ്റുകളിലാണ് ട്വന്റി ട്വന്റി മത്സരിച്ചത്. എറണാകുളത്ത് മത്സരിച്ച ആന്റണി ജൂഡി നാല്‍പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു. എറണാകുളം ഡിസിസി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി വൈസ് പ്രസിഡന്റ് ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷ്, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവര്‍ ചേര്‍ന്ന് ആന്റണി ജൂഡിയെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.


Tags:    

Similar News