'രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഇനി വ്യാജ പോക്സോ കേസ് കൂടിവരും;രണ്ടുപരാതികളോടൊപ്പം സാമ്പത്തിക ചൂഷണം കൂടി ചേര്‍ത്ത് മൂന്നാമതൊരു പരാതി; ഈ രീതിയില്‍ പൊലീസിന് ആരെ വേണമെങ്കിലും കുടുക്കാം'; സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവാദ പരാമര്‍ശവുമായി രാഹുല്‍ ഈശ്വര്‍. സ്ത്രീകളെ പുരുഷന്മാര്‍ക്കെതിരായ ബോംബായി ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ ദുരുപയോഗമാണ് ഈ പരാതിയില്‍ കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് എംഎല്‍എയ്‌ക്കെതിരെ വ്യാജ പോക്സോ കേസ് കൂടി വരുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടലിനെ കുടുക്കിയത് വിജയമായി ആഘോഷിക്കരുത്. ആരു ഭരിച്ചാലും വേട്ടയാടല്‍ അവസാനിപ്പിക്കണം. രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ കുറ്റക്കാരന്‍ ആണെങ്കില്‍ പൂര്‍ണ്ണമായും തള്ളിപ്പറയുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസിനെ കുറ്റപ്പെടുത്തിയും രാഹുല്‍ ഈശ്വര്‍ സംസാരിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ ദുരുപയോഗത്തിന്റ തെളിവാണെന്നാണ് രാഹുല്‍ ഈശ്വറിന്റെ ആരോപണം. ആദ്യ രണ്ട് പരാതികള്‍ കൂട്ടിച്ചേര്‍ത്താണ് മൂന്നാമത്തെ പരാതിയെന്നും രാഹുല്‍ ഈശ്വര്‍ ആരോപിച്ചിട്ടുണ്ട്. ഒന്നാമത്തെയും രണ്ടാമത്തെയും പരാതിയില്‍ കോടതി സംശയം പ്രകടിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ ഈശ്വര്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഹുലിനെതിരെ വ്യാജ പോക്സോ കേസ് കൂടി വരാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.എന്താണ് പൊലീസ് പറയുന്ന ശക്തമായ തെളിവ് എന്ന് ചോദിച്ച രാഹുല്‍ ഈശ്വര്‍ പൊലീസിന്റെ വ്യാജകഥകള്‍ മാധ്യമങ്ങള്‍ വിശ്വസിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.
'മൂന്നാമത്തെ പരാതിയെന്നുപറയുമ്പോള്‍ തോന്നും ആദ്യത്തെ രണ്ടുപരാതി ശരിയാണെന്ന്. ഈ പരാതിക്കാരികള്‍ ആരാണെന്നുപോലും ആര്‍ക്കും അറിയില്ല. അങ്ങനെ അറിയരുതെന്നാണല്ലോ നിയമം. രണ്ടാമത്തെ പരാതിയില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചതാണ്. ഒന്നാമത്തെ പരാതിയില്‍ പീഡനം നിലനില്‍ക്കില്ലെന്ന് കോടതി തന്നെ പറഞ്ഞതാണ്. യഥാര്‍ത്ഥത്തില്‍ പൊലീസിന്റെ ദുരുപയോഗമല്ലേ കാണുന്നത്. ആ രണ്ടുപരാതികളോടൊപ്പം സാമ്പത്തിക ചൂഷണം കൂടി ചേര്‍ത്ത് മൂന്നാമതൊരു പരാതി കൂടിയിട്ടു.
തിരഞ്ഞെടുപ്പിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഒരു വ്യാജ പോക്സോ കേസ് കൂടി വരുമെന്ന് എനിക്ക് സംശയമുണ്ട്. രാഹുലിനെതിരെ ശക്തമായ തെളിവുകള്‍ കൊടുത്തിട്ടുണ്ടെന്ന് ഞാന്‍ ചില മാദ്ധ്യമങ്ങളില്‍ കണ്ടു. ഇത്തരത്തില്‍ പൊലീസ് ദുരുപയോഗം ചെയ്യുകയല്ലേ. ഇതിന്റെ മറ്റൊരു വെര്‍ഷനല്ലേ നോര്‍ത്ത് ഇന്ത്യയില്‍ സിദ്ദിഖ് കാപ്പനെ ഒന്നര വര്‍ഷം ജയിലിട്ടപ്പോഴും കണ്ടത്. നാളെ എന്റെ ജാമ്യം റദ്ദാക്കണമെന്ന് പറഞ്ഞ് പൊലീസ് കോടതിയില്‍ പോകുകയാണ്.ഇത് സിപിഎമ്മുകാരോടുള്ള അഭ്യര്‍ത്ഥനയാണ്. എല്ലാ കാലത്തും സിപിഎം ആയിരിക്കില്ലല്ലോ അധികാരത്തില്‍ വരാന്‍ പോകുന്നത്. പാര്‍ട്ടികള്‍ മാറും.
നമ്മുടെ നാട്ടില്‍ എത്രയോ അനീതികള്‍ നടക്കുന്നു. നാളെ നമുക്കെതിരെയും ഇതുപോലുള്ള പരാതികള്‍ വരില്ലേ. ആളുകളില്‍ നിന്ന് പരാതി എഴുതിവാങ്ങാന്‍ പൊലീസിന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ഇന്നലെ രാത്രി കിട്ടിയ പരാതിയില്‍ ഇത്രമാത്രം തെളിവുകള്‍ എവിടെ നിന്ന് കിട്ടി രാഹുല്‍ മാങ്കൂട്ടത്തിലിനെ കുടുക്കിയത് വലിയ വിജയമായി ആരും കാണരുത്. നാളെ ഏതെങ്കിലും ഒരു സിപിഎം നേതാവിനെയും ഇതുപോലെ കുരുക്കില്ലേ പൊലീസ് അര്‍ദ്ധരാത്രി പോയി രാഹുലിനെ അറസ്റ്റ് ചെയ്തത് വിജയമല്ല. ആരെയും ഇങ്ങനെ കുടുക്കാന്‍ കഴിയും. ഇത് ഇലക്ഷന്‍ ഡിഫന്‍സ് ക്യാംപയിനാണ്. ലൈംഗിക പീഡന പരാതി വന്നപ്പോള്‍ മുകേഷ് എംഎല്‍എയെ ഞാന്‍ മാത്രമാണ് പിന്തുണച്ചിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ കുറ്റക്കാരന്‍ ആണെങ്കില്‍ പൂര്‍ണമായും തള്ളിപ്പറയും'- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ മറ്റൊരു അതിജീവിതയെ അധിക്ഷേപിച്ചകേസില്‍ രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 16 ദിവസത്തിന് ശേഷം സൈബര്‍ ഇടങ്ങളില്‍ ഒരു തരത്തിലും അതിജീവിതയ്ക്കെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന കര്‍ശനമായ വ്യവസ്ഥയിലായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ ഇരിക്കുമ്പോള്‍ രാഹുല്‍ ഈശ്വര്‍ വീണ്ടും സൈബര്‍ ആക്രമണം നടത്തിയെന്ന് അതിജീവിത പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയെ അപമാനിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് സൈബര്‍ പൊലീസാണ് തിരുവനന്തപുരം എസിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.
മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തിലില്‍ എംഎല്‍എയെ അര്‍ദ്ധരാത്രി പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. വനിത പൊലീസ് ഉള്‍പ്പെടേയുള്ള സംഘം രാഹുല്‍ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാത്രി 12 മണിയോടെ എത്തുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ക്കൊപ്പം മുറിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ എംഎല്‍എയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതിയ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി. ലൈംഗിക പീഡനം, ഗര്‍ഭചിദ്രം, സാമ്പത്തിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനതിരെ കേസ് എടുത്തിരിക്കുന്നത്.
