'അസുഖമെന്ന് പറഞ്ഞ് ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല; ഐഷ പോറ്റിയുടെ അസുഖം എന്തെന്ന് ഇപ്പോള്‍ മനസിലായി'; സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ എംഎല്‍എക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എം വി ഗോവിന്ദന്‍

Update: 2026-01-15 07:46 GMT

തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ എംഎല്‍എ ഐഷ പോറ്റിക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അസുഖമാണെന്ന് പറഞ്ഞ് ഐഷ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ലെന്നും ആ അസുഖം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു ഐഷ പോറ്റിക്കെന്നും എം.വി. ഗോവിന്ദന്‍ പരിഹസിച്ചു. ഐഷ പോറ്റി വര്‍ഗവഞ്ചകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിസ്മയം തീര്‍ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അങ്ങനെ അത്ഭുതം സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് അയിഷാ പോറ്റിയെ ഒപ്പം ചേര്‍ത്തതെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു.

'ഐഷാ പോറ്റി ഒരു കമ്മിറ്റിയിലും പങ്കെടുത്തിരുന്നില്ല. അസുഖമാണെന്നാണ് അപ്പോള്‍ പറഞ്ഞിരുന്നത്. ആ അസുഖം എന്താണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നു. ഒരു വിസ്മയവും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. വിസ്മയം തീര്‍ക്കാന്‍ പ്രായമുള്ളവരെ തിരക്കി ഇറങ്ങിയിരിക്കുകയാണ് വി.ഡി. സതീശന്‍. ഒരു വിസ്മയവും കേരളത്തില്‍ നടക്കാന്‍ പോകുന്നില്ല. വിസ്മയം തീര്‍ത്തുകൊണ്ട് മൂന്നാം ഭരണത്തിലേക്ക് എല്‍ഡിഎഫ് പോകും', എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഐഷ പോറ്റി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകല്‍ സമരവേദിയിലേക്കെത്തിയ അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ചാണ് അവര്‍ കോണ്‍ഗ്രസിലെത്തിയത്. ഐഷ പോറ്റി ഇത്തവണ കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം. ഇതിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായാണ് സൂചന. കഴിഞ്ഞ അഞ്ചുവര്‍ഷമായി സിപിഎമ്മുമായി അകന്നിരുന്നു. മൂന്നുതവണ കൊട്ടാരക്കരയില്‍നിന്ന് എംഎല്‍എയായിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോണ്‍ഗ്രസിന്റെ ഷാള്‍ അണിയിച്ച് ഐഷ പോറ്റിയെ സ്വീകരിക്കുകയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കര എംഎല്‍എയായിരുന്നു ഐഷ പോറ്റി. തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് ജയിച്ചവരെ മാറ്റി നിര്‍ത്താനുള്ള തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഐഷ പോറ്റിക്ക് സീറ്റ് നിഷേധിക്കുകയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിപദവി ആഗ്രഹിച്ചിരുന്ന വനിതാ നേതാവായിരുന്നു ഐഷ പോറ്റി. എന്നാല്‍ അന്ന് പരിഗണിക്കപ്പെട്ടിരുന്നില്ല. പിന്നീട് സീറ്റ് ലഭിക്കാതെയും വന്നതോടെ പാര്‍ട്ടിയുമായി അകലുകയായിരുന്നു.

ഐഷ പോറ്റി പാര്‍ട്ടി വിട്ടതിന് പിന്നാലെ സിപിഐഎം നേതാക്കള്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഐഷ പോറ്റി വര്‍ഗവഞ്ചകയാണെന്നും സിപിഐഎമ്മാണ് ശരിയെന്നും പാര്‍ട്ടി വിട്ട് പോകുന്നവര്‍ തെറ്റായ വഴിയിലാണെന്നും മുന്‍ മന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഐഷ പോറ്റിയുടേത് വഞ്ചനാപരമായ സമീപനമാണെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്റെ പ്രതികരണം. വര്‍ഗവഞ്ചനയാണ് ഐഷ പോറ്റി ചെയ്തതെന്നും സ്ഥാനമാനങ്ങളോടുള്ള ആര്‍ത്തി എങ്ങനെ മനുഷ്യനെ വഷളാക്കുമോ അതാണ് അവര്‍ കാണിച്ചിരിക്കുന്നതെന്നുമായിരുന്നു മുന്‍ മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനം.

Tags:    

Similar News