'പോറ്റിയെ കേറ്റിയേ', നിയസഭയില്‍ പാട്ടുപാടി പ്രതിപക്ഷം; ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും; ദേവസ്വം മന്ത്രി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ്; നാടകീയ രംഗങ്ങള്‍; സഭ പിരിഞ്ഞു

Update: 2026-01-22 05:55 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. സഭ തുടങ്ങിയതോടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. പോറ്റിയെ കേറ്റിയേ എന്ന് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പാരഡി ഗാനവും പ്രതിപക്ഷ എംഎല്‍എമാര്‍ സഭയില്‍ പാടി. പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളുമുയര്‍ത്തിയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വാസവന്‍ രാജിവെക്കണമെന്നുള്ള ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ച് നില്‍ക്കുകയാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദം അവസാനിപ്പിക്കുന്നതിനാണ് സമരം ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പിന്നാലെ മന്ത്രി എംബി രാജേഷ് മറുപടിയുമായി എത്തി. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാത്തതില്‍ പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ടായിരുന്നു എംബി രാജേഷിന്റെ പ്രതികരണം. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്ന് എംബി രാജേഷ് പറഞ്ഞു.

'പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവന്ന് വിഷയം ഉന്നയിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം കൊണ്ടുവരാന്‍ ഭയപ്പെടുന്ന പ്രതിപക്ഷംസഭയ്ക്ക് നിരക്കാത്ത നടപടികളാണ് സ്വീകരിക്കുന്നത്. ചരിത്രത്തില്‍ അത്യപൂര്‍വ്വം മാത്രമാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനുള്ള അവകാശം വിനിയോഗിക്കാതിരുന്നിട്ടുള്ളൂ. അത് കൊണ്ടുവന്നാല്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്. ചര്‍ച്ച നടത്തിയപ്പോഴെല്ലാം ഈ സഭയില്‍നിന്ന് പ്രതിപക്ഷത്തിന് ഇറങ്ങി ഓടേണ്ടി വന്നിട്ടുണ്ട്. തിണ്ണമിടുക്കാണ് സഭയില്‍ പ്രതിപക്ഷം കാണിച്ചുകൊണ്ടിരിക്കുന്ന്' എം.ബി.രാജേഷ് പറഞ്ഞു. സ്പീക്കറുടെ കാഴ്ചമറച്ച് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം നടത്തിയിരുന്നത്.

പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്വര്‍ണം കട്ടത് ആരപ്പാ എന്ന് അടൂര്‍ പ്രകാശിനോട് ചോദിക്കൂവെന്നും ഹൈക്കോടതിയില്‍ തോറ്റപ്പോള്‍ സഭയില്‍ സമരം ചെയ്യുകയാണെന്നും എംബി രാജേഷ് പറഞ്ഞു. യഥാര്‍ത്ഥ പ്രതികള്‍ അകപ്പെടുന്ന ദിവസം പാടാന്‍ ഞങ്ങളൊരു പാട്ട് ബാക്കുവെച്ചിട്ടുണ്ടെന്നും രാജേഷ് പറഞ്ഞതോടെ പാരഡി പാട്ട് പാടി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഇതോടെ ഭരണപക്ഷം മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റു. 'സ്വര്‍ണ്ണം കട്ടത് ആരപ്പാ..കോണ്‍ഗ്രസ് ആണ് അയ്യപ്പാ.. 'എന്ന് തിരിച്ചു പാടിയാണ് ഭരണപക്ഷത്തിന്റെ പ്രതിരോധം.

മന്ത്രി ശിവന്‍കുട്ടിയും പോറ്റിയേ പാട്ട് പാടിയതോടെ സഭയില്‍ ബഹളം കൊഴുത്തു. സോണിയയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടില്‍ പോറ്റി രണ്ട് തവണ പോയത് എന്തിനാണെന്നും സോണിയയുടെ കയ്യില്‍ സ്വര്‍ണം കെട്ടിക്കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. ഇത് ഏറ്റുപിടിച്ച് മന്ത്രി വീണ ജോര്‍ജും രംഗത്തെത്തി. പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും കളവ് ചെയ്തത് പ്രതിപക്ഷമാണെന്നും മന്ത്രി വീണാജോര്‍ജും പറഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ ചേരുക.

Similar News