നുണ പറഞ്ഞ് പത്തുവര്‍ഷം ഭരിച്ചു, അവസാന ബജറ്റിലും ജനങ്ങളെ പറ്റിക്കാന്‍ ശ്രമിക്കുന്നു! യുപിഎ കാലത്തെക്കാള്‍ 460% അധികം നല്‍കിയിട്ടും കേന്ദ്രത്തെ കുറ്റം പറയുന്നോ? കണക്കുകള്‍ നിരത്തി ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖര്‍

Update: 2026-01-29 14:02 GMT

തിരുവനന്തപുരം: കേന്ദ്ര പദ്ധതികള്‍ കേരളത്തിലെ ജനങ്ങളിലേക്ക് എത്താതിരിക്കാന്‍ കഴിഞ്ഞ 10 വര്‍ഷം ശ്രമിച്ച ഇടതു സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞ് കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കി ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നുണ പറഞ്ഞ് പത്തുവര്‍ഷം ഭരിച്ച പിണറായി സര്‍ക്കാര്‍ അവരുടെ അവസാന ബജറ്റിലും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്ര പദ്ധതികള്‍ സ്വന്തം പേരിലാക്കിയും, കര്‍ഷകരെ വഞ്ചിച്ചും, സാമ്പത്തിക കെടുകാര്യസ്ഥത മറച്ചുവെച്ചും സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

തകര്‍ന്നടിഞ്ഞ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനുള യാതൊന്നും ബജറ്റിലില്ല. കാലിയായ ഖജനാവ് വെച്ച് വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജല്‍ ജീവന്‍ മിഷന്‍ വഴി 39.79 ലക്ഷം കണക്ഷനുകള്‍ നല്‍കിയെന്ന ബജറ്റിലെ സര്‍ക്കാര്‍ അവകാശവാദം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണ്. കേരളത്തിലെ ഗ്രാമീണ കവറേജ് (5.54 ശതമാനം) ദേശീയ ശരാശരിയേക്കാള്‍ (80 ശതമാനം) ഏറെ പിന്നിലാണ്. കേരളത്തില്‍ ഇന്നും 32 ലക്ഷത്തോളം വീടുകളില്‍ പൈപ്പ് വെള്ളം എത്തിയിട്ടില്ല.

2021ല്‍ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപയ്ക്ക് പകരം 2026-27 ബജറ്റില്‍ റബ്ബര്‍ വില 200 രൂപയായി നിശ്ചയിച്ചത് കര്‍ഷകരോടുള്ള വഞ്ചനയാണ്. ധനമന്ത്രി കാരുണ്യ പദ്ധതി വന്‍ വിജയമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, യാഥാര്‍ത്ഥ്യം തികച്ചും വ്യത്യസ്തമാണ്. 1,200 കോടിയിലധികം രൂപയുടെ കടത്തിലാണ് ഈ പദ്ധതി, അതില്‍ മെഡിക്കല്‍ വിതരണക്കാര്‍ക്ക് നല്‍കാനുള്ള 200 കോടിയിലധികം രൂപയുടെ കുടിശ്ശികയും ഉള്‍പ്പെടുന്നു. ഇത് പദ്ധതിക്ക് കീഴിലുള്ള ആശുപത്രികളില്‍ അവശ്യമരുന്നുകളുടെ ക്ഷാമത്തിന് കാരണമാകുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഭരണ-സാമ്പത്തിക പരാജയങ്ങള്‍ കാരണം നെല്ല് സംഭരണത്തെ താളം തെറ്റിക്കുകയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. സപ്ലൈകോയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കുന്നതില്‍ വരുത്തിയ വീഴ്ച കാരണം 2022-23 ല്‍ 85.84 കോടി രൂപയും, 2023-24 ല്‍ 62.14 കോടി രൂപയും സംസ്ഥാനത്തിന് നഷ്ടമായി. പിആര്‍എസ്, മാര്‍ക്കറ്റിംഗ് പരിശോധനകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ഈ സീസണില്‍ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 103.84 കോടി രൂപ ഇനിയും നല്‍കിയിട്ടില്ല.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ഫണ്ട് നല്‍കുന്നില്ലെന്ന് നുണ പറയുന്ന സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടികളില്‍ തന്നെ സ്വന്തം ഭരണപരമായ അനാസ്ഥയുടെയും സാമ്പത്തിക കെടുകാര്യസ്ഥതയുടെയും വ്യക്തമാണ് സപ്ലൈകോയിലെ ഓഡിറ്റ് ചെയ്ത് കണക്കുകള്‍ സമര്‍പ്പിക്കാതെ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ച വളരെ വലുതാണ്. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തുവെന്ന കേരളത്തിന്റെ അവകാശവാദം തെറ്റായ ഒരു പ്രചാരണകഥയാണ്. 2013-14ല്‍ അതിദാരിദ്ര്യ നിരക്ക് 1.24 ശതമാനം മാത്രമായിരുന്നിട്ടും, 1,000 കോടി രൂപ ചെലവഴിച്ച് പത്ത് വര്‍ഷം കൊണ്ട് 2.72 ലക്ഷം പേരെ മാത്രമാണ് കേരളം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചത്. എന്നാല്‍ ഇതേസമയം ഉത്തര്‍പ്രദേശ് (5.93 കോടി), ബീഹാര്‍ (3.77 കോടി) തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിലും വലിയ നേട്ടമുണ്ടാക്കി.

ധനമന്ത്രി കേന്ദ്ര സഹായത്തിലുള്ള വര്‍ദ്ധനവ് ഇടതുസര്‍ക്കാര്‍ ബജറ്റിലും സൗകര്യപൂര്‍വം മറച്ചുവെക്കുകയാണ്. യു.പി.എ ഭരണകാലത്ത് (2004-14) കേരളത്തിന് ലഭിച്ച ഗ്രാന്റ് 25,629.7 കോടി രൂപയായിരുന്നത് എന്‍.ഡി.എ കാലത്ത് (2014-24) 460% വര്‍ദ്ധിച്ച് 1,43,117 കോടി രൂപയായി. നികുതി വിഹിതവും യു.പി.എ കാലത്തെ 46,303 കോടി രൂപയില്‍ നിന്ന് 224% വര്‍ദ്ധിച്ച് എന്‍.ഡി.എ കാലത്ത് 1,50,140 കോടി രൂപയായി എന്നത് ഉള്‍പ്പെടെ മറച്ചു വെച്ചാണ് നിയമസഭയില്‍ ബജറ്റിന്റെ പേരില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കള്ളം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Similar News