ചങ്ങനാശ്ശേരിയും കുട്ടനാടും അടക്കം ആ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിച്ചാല്‍ ജയസാധ്യത; ജോസഫ് വിഭാഗത്തിന്റെ നാല് സീറ്റുകള്‍ തിരിച്ചെടുക്കാന്‍ നീക്കം; ഘടകകക്ഷികള്‍ സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകളില്‍ നിര്‍ണായക മാറ്റം

Update: 2026-01-29 15:09 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകള്‍ ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളാണ് പാര്‍ട്ടി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. 2021ല്‍ ജോസഫ് വിഭാഗം മത്സരിച്ച ഇടുക്കി, ഏറ്റുമാനൂര്‍, കുട്ടനാട്, ചങ്ങനാശ്ശേരി സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

2021ല്‍ 10 സീറ്റുകളില്‍ മത്സരിച്ച ജോസഫ് വിഭാഗം രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. തൊടുപുഴയില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫുമാണ് വിജയിച്ചത്. 2016ല്‍ 42,256 വോട്ടുകള്‍ക്ക് വിജയിച്ച കടുത്തുരുത്തിയില്‍ വെറും 4256 വോട്ടുകള്‍ക്ക് മാത്രമാണ് 2021ലെ വിജയം. തൊടുപുഴയില്‍ ഭൂരിപക്ഷം 45,587ല്‍ നിന്ന് 20,259ലേക്കും താണിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തില്‍ നടത്തിയ അവലോകനത്തിലാണ് മണ്ഡലങ്ങള്‍ ഏറ്റെടുക്കണമെന്ന തീരുമാനമായത്. എന്നാല്‍ തങ്ങള്‍ മത്സരിക്കുന്ന ഒരു മണ്ഡലവും വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. എന്നാല്‍ കോണ്‍ഗ്രസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയേക്കും. പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ ചങ്ങനാശ്ശേരിയില്‍ ജയം ഉറപ്പെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വികാരം.

മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലമായ ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഒരുകാരണവശാലും വിജയിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നതെങ്കില്‍ ജയസാദ്ധ്യത കൂടുതലാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.ജോസഫ് വിഭാഗത്തിന്റെ ശക്തികേന്ദ്രങ്ങളില്‍പ്പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു ചലനവുമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന വികാരവും കോണ്‍ഗ്രസിനുണ്ട്. നാല് സീറ്റുകള്‍ വിട്ടുനല്‍കുന്നതിന് പകരമായി പൂഞ്ഞാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് നല്‍കി ഒരു ഒത്തുതീര്‍പ്പിലെത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

യുഡിഎഫിലെ ഘടകകക്ഷികളുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനിവാര്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാമും അഭിപ്രായപ്പെട്ടിട്ടുണ്ട്.

പി.ജെ. ജോസഫുമായും മോന്‍സ് ജോസഫുമായും നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ഈ ആവശ്യം അറിയിച്ചതായാണ് വിവരം.ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഈ മാസം 31-ന് ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്. നിലവില്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ജോസഫ് വിഭാഗം തയ്യാറല്ലെങ്കിലും കോണ്‍ഗ്രസിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടി വരുമെന്നാണ് സൂചനകള്‍.

Similar News