പി വി അന്‍വറിന് പിന്നില്‍ അന്‍വര്‍ മാത്രം, മറ്റൊരാളുമില്ല; അജിത് കുമാറിന് എതിരായ അന്വേഷണത്തില്‍ അട്ടിമറി നടക്കില്ലെന്നും എം വി ഗോവിന്ദന്‍; അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ രംഗത്ത്

ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹം

Update: 2024-09-09 12:04 GMT

ഒറ്റപ്പാലം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തില്‍ ഒറ്റയാള്‍ക്കുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു അട്ടിമറിയും നടക്കില്ല. ഡിജിപിയാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപിക്കെതിരായ സര്‍ക്കാരിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രമാണുള്ളത്. മറ്റൊരാളുമില്ലെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. സി.പി.എം സമ്മേളനം തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാലക്കാട്ടെ മേഖലാ ജനറല്‍ബോഡി യോഗത്തിന് ഒറ്റപ്പാലത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയുടെ വളര്‍ച്ചക്ക് പിന്നില്‍ ഫലപ്രദമായ സഹായം ചെയ്തിട്ടുള്ളത് കോണ്‍ഗ്രസാണ്. മുന്‍മുഖ്യമന്ത്രിമാരുടെ മക്കള്‍ പോലും ബിജെപിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. തൃശൂരില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പോയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ കോണ്‍ഗ്രസ് കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ ഗൗരവമുള്ളതാകും. അപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയാമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, എഡിജിപി എം.ആര്‍. അജിത് കുമാറിനെ പിന്തുണച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആര്‍.എസ്.എസ്. രാജ്യത്തെ പ്രധാന സംഘടനയാണെന്നും എഡിജിപി കൂടിക്കാഴ്ച നടത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഒരു ആര്‍.എസ്.എസ്. നേതാവിനെ കാണുന്നു. സുഹൃത്താണ് കൂട്ടിക്കൊണ്ട് പോയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് ഗൗരവമായി എടുക്കേണ്ട കാര്യമില്ലെന്നും അപാകതകളില്ലെന്നും ഷംസീര്‍ പറഞ്ഞു.

ഫോണ്‍ ചോര്‍ത്തിയെന്ന അന്‍വറിന്റെ ആരോപണം അഭ്യൂഹമാണ്. ഒരു സര്‍ക്കാര്‍ സംവിധാനത്തില്‍ ഇങ്ങനെ നടക്കുമെന്ന് തോന്നുന്നില്ല. എന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്‍വറിനോട് മൊഹബത്ത് തോന്നിയതെന്നും ഷംസീര്‍ പ്രതികരിച്ചു.

Tags:    

Similar News