വയനാട്ടില്‍ മോദി നേരിട്ടെത്തി ഉരുള്‍പൊട്ടല്‍ ദുരന്തം വിലയിരുത്തിയിട്ടും സഹായം നല്‍കുന്നില്ല; ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു; അത് ഇരകളോടുള്ള ഞെട്ടിക്കുന്ന അനീതി; ഈ അവഗണന ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രിയങ്ക ഗാന്ധി

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് ഞെട്ടിക്കുന്ന അനീതി

Update: 2024-11-14 15:45 GMT

ന്യൂഡല്‍ഹി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അതുവഴി സഹായം നിഷേധിക്കുകയാണ്, പ്രിയങ്ക എക്‌സില്‍ കുറിച്ചു.

' വയനാടിനെ താറുമാറാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിട്ടും ബിജെപി സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ വിസമ്മതിക്കുകയാണ്. അതുവഴി അത്യാവശ്യക്കാര്‍ക്ക് അടിയന്തര ആശ്വാസം നിഷേധിക്കുകയാണ്. അത് അവഗണന മാത്രമല്ല, അവിടെ സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോടുള്ള ഞെട്ടിക്കുന്ന അനീതിയാണ്. വയനാട്ടിലെ ജനങ്ങള്‍ കൂടുതല്‍ അര്‍ഹിക്കുന്നു'- പ്രിയങ്കയുടെ വാക്കുകള്‍ ഇങ്ങനെ.

'പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തത്തിന് ശേഷം വയനാട്ടിലെത്തുകയും ഉരുള്‍പൊട്ടലിന് ഇരയായവരെ നേരില്‍ കാണുകയും പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കുകയും ചെയ്തതാണ്. എന്നിട്ടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. നിര്‍ണായകമായ ദുരിതാശ്വാസം തടയുകയാണ്. ഹിമാചല്‍ പ്രദേശ് ദുരന്തത്തെ നേരിട്ടപ്പോഴും സമാനരീതിയിലായിരുന്നു കേന്ദ്ര പ്രതികരണം. പൂര്‍വകാലത്ത് ദുരന്തങ്ങളെ ഇതുപോലെ രാഷ്ട്രീയവത്കരിച്ചിരുന്നില്ല. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ദുരന്തങ്ങള്‍ക്ക് ഇരകളായവരെ ഒറ്റപ്പെടുത്തുകയും, പിന്തുണയ്ക്കാതിരിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല'- പ്രിയങ്ക പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

വയനാട്ടിലെ മുണ്ടക്കൈ- ചുരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. കേരളത്തിന് ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ നല്‍കിയിട്ടുണ്ട്. ജൂലൈയിലും നവംബറിലുമായാണ് ഈ തുക നല്‍കിയിട്ടുള്ളത്. എസ്ഡിആര്‍എഫില്‍ നിലവില്‍ 394 കോടി രൂപ ബാക്കിയുണ്ടെന്ന് അക്കൗണ്ട് ജനറലും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യത്തിനുള്ള സാമ്പത്തികം കേരളത്തിന്റെ ദുരന്ത നിവാരണ നിധിയിലുണ്ട് എന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഇതോടെ കൂടുതല്‍ സഹായം കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. വയനാട് ദുരന്തം സംഭവിച്ച് മൂന്നു മാസം പിന്നിടുമ്പോഴും കേന്ദ്രസഹായം സംബന്ധിച്ച് വ്യക്തമായ രൂപരേഖ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വലിയ ഒരു ദുരന്തത്തില്‍ കേന്ദ്രസഹായം ഇത്രയും വൈകുന്നത് ഇതാദ്യമാണ്.നേരത്തെ വയനാട് ദുരന്തം ഏത് വിഭാഗത്തില്‍പ്പെടുന്നുവെന്നത് സംബന്ധിച്ച് ഉന്നതതല സമിതി തീരുമാനം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന അമികസ് ക്യൂറി റിപ്പോര്‍ട്ടിന്‍മേല്‍ കോടതിയുടെ ചോദ്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

നേരത്തെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയപ്പോഴും ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു. വയനാട് ദുരന്തത്തില്‍ കേരളത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി കേരളം ഒറ്റയ്ക്കല്ല, കേന്ദ്രം ഒപ്പമുണ്ടെന്നും പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിവേദനം ലഭിച്ചാലുടന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യും. പണത്തിന് യാതൊരു തടസങ്ങളും ഉണ്ടാകില്ലെന്നും അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രധാനമന്ത്രിയുടെ പ്രതികരിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ നിധിയില്‍നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഫണ്ട് എപ്പോള്‍ നല്‍കാന്‍ സാധിക്കും എന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇനി അറിയാനുള്ളത്.

Tags:    

Similar News