'ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടിവാങ്ങും, മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും, സഹിച്ചേക്കണം'; ജബല്‍പൂരില്‍ പുരോഹിതരെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്‍ജ്

'ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടിവാങ്ങും

Update: 2025-04-05 10:08 GMT

കോട്ടയം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്റ്റ്യന്‍ പുരോഹിതരെ സംഘ്പരിവാര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി.ജോര്‍ജ്. ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടിക്കെട്ടിയെന്നിരിക്കുമെന്നും അതിന് ക്രിസ്ത്യാനി, മുസ്ലിം , ഹിന്ദുവെന്നൊന്നുമില്ലെന്നും പി.സി ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്്തില്‍ പറഞ്ഞു.

മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും. സഹിച്ചേക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതര്‍ ഉള്‍പ്പെയുള്ള വിശ്വാസികള്‍ക്ക് നേരെ സംഘ്പരിവാര്‍ അക്രമം അഴിച്ചുവിട്ടത്. പൊലീസ് നോക്കി നില്‍ക്കെ മാണ്ഡാല പള്ളിയിലെ പുരോഹിതരും തീര്‍ഥാടകരും ഉള്‍പ്പെടുന്ന സംഘമാണ് ആക്രമിക്കപ്പെട്ടത്. ?

അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരാണ് ആക്രമണത്തിന് ഇരയായത്. പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഒരു സംഘം വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ ബസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഒമ്തി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍, പൊലീസ് ഇവരെ വിട്ടയച്ചു. മുന്നോട്ടുള്ള യാത്രക്കിടെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരെ വീണ്ടും തടയുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍വെച്ച് പുരോഹിതരടക്കമുള്ളവരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Tags:    

Similar News