പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍; വിമര്‍ശനം സദുദ്ദേശ്യത്തോടെ; യുവ നേതാക്കള്‍ സമരത്തില്‍ മാത്രം പഞ്ചായത്തിലേക്ക് പോകണം; തന്നെ 'സാറെ' എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സംസ്‌കാരമാണ്; 'കുര്യന്‍' എന്ന് വിളിച്ചാലും 'എടോ' എന്ന് വിളിച്ചാലും പരാതിയില്ല; യൂത്ത് കോണ്‍ഗ്രസിന് എതിരായ വിമര്‍ശനത്തില്‍ ഉറച്ച് പി ജെ കുര്യന്‍

പറഞ്ഞതെല്ലാം ഉത്തമബോധ്യമുള്ള കാര്യങ്ങള്‍; വിമര്‍ശനം സദുദ്ദേശ്യത്തോടെ

Update: 2025-07-14 05:19 GMT

പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസിന് എതിരായ പരസ്യ വിമര്‍ശനത്തില്‍ ഉറച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനം കടുത്തതോടെയാണ് കുര്യന്‍ വീണ്ടും വിശദീകരണവുമായി രംഗത്തുവന്നത്. അതേസമയം താന്‍ സദുദ്ദേശ്യത്തോടെയാണ് കാര്യങ്ങള്‍ പറഞ്ഞതെന്നാണ് കാര്യന്‍ വിശദീകരിച്ചത്.

പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കില്‍ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാര്‍ വേണം. സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പി ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'ഒരു പഞ്ചായത്തില്‍ ഒരുദിവസം ചെലവഴിച്ചാല്‍ മതി. 25 പേരെങ്കിലുമുള്ള കമ്മിറ്റികള്‍ രൂപീകരണം. ചെറുപ്പക്കാരെ കണ്ടുപിടിച്ച് എത്തിക്കണം. യുഡിഎഫ് ജയിക്കേണ്ട പല സഹകരണ ബാങ്കുകളിലും വോട്ടിംഗ് ദിവസം സിപിഐഎമ്മിന്റെ ചെറുപ്പക്കാര്‍ ബലമായി ബൂത്തുകളില്‍ പ്രവേശിക്കുമ്പോള്‍ അതിനെ നേരിടാന്‍ പത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ കാണുന്നില്ല. ഇങ്ങനെ പോയാല്‍ പോര. അഭിപ്രായം പാര്‍ട്ടിക്ക് വേണ്ടി പറഞ്ഞതാണ്. പറഞ്ഞതില്‍ ദോഷം എവിടെയാണ്.

കൂട്ടത്തില്‍ എസ്എഫ്ഐയെ പരാമര്‍ശിച്ചുവെന്ന് മാത്രം. ദുരുദ്ദേശപരമായി ഒന്നുമില്ല. ആരെയും വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയുടെ താല്‍പര്യം നോക്കി ഉത്തമബോധ്യമുള്ള കാര്യമാണ് പറഞ്ഞത്. ഇപ്പോഴും എന്റെ അഭിപ്രായം അതാണ്. അവസരം കിട്ടുന്നിടത്ത് പറയും. ഇതേ അഭിപ്രായം ഡിസിസിയില്‍ രണ്ട് തവണയെങ്കിലും പറഞ്ഞിട്ടുണ്ട്' എന്നും പി ജെ കുര്യന്‍ പറഞ്ഞു.

പരിഹരിക്കേണ്ടത് യൂത്ത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തമാണ്. പാര്‍ട്ടിയിലെ എല്ലാവരും യൂത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കണം. തന്റെ പിന്തുണ ഇതിനകം അറിയിച്ചു. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് വേണ്ടി ഇറങ്ങണം. യൂത്ത് കോണ്‍ഗ്രസിന് മണ്ഡലം പ്രസിഡന്റ് ഇല്ലെങ്കില്‍ ഉണ്ടാക്കേണ്ടത് യൂത്ത് കോണ്‍ഗ്രസാണ്. തനിക്കെന്ത് ചെയ്യാന്‍ കഴിയുമെന്നും പി ജെ കുര്യന്‍ ചോദിച്ചു.

തനിക്ക് ഡല്‍ഹിയില്‍ കഴിഞ്ഞാല്‍ മതിയല്ലോ. ഈ വീട്ടില്‍ വന്നു താമസിക്കുന്നത് ഇവിടുത്ത് കോണ്‍ഗ്രസിനെ സഹായിക്കാനാണെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ സാറെ എന്ന് വിളിക്കുന്നത് വിളിക്കുന്നവരുടെ സംസ്‌കാരമാണ്. കുര്യന്‍ എന്ന് വിളിച്ചാലും എടോ എന്ന് വിളിച്ചാലും പരാതിയില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു.

അതേസമയം വിഷയത്തില്‍ പി ജെ കുര്യനെ പിന്തുണച്ചു രംഗത്തുവന്നത് രമേശ് ചെന്നിത്തല മാത്രമാണ്. അദ്ദേഹം പറഞ്ഞത് സദുദ്ദേശ്യത്തോടെ കാണുന്നു. പാര്‍ട്ടി യോഗത്തിലാണ് കുര്യന്‍ പറഞ്ഞത്. ആളില്ലാത്ത മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ആളെ കൂട്ടണമെന്നും ചെന്നിത്തല പറഞ്ഞു. തരൂര്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം പി.ജെ. കുര്യനെ തള്ളി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസിന്റേത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സര്‍വകലാശാലയെ കലാപഭൂമിയാക്കുന്ന എസ്എഫ്‌ഐ ഒരു വിദ്യാര്‍ഥി സംഘടന അല്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെയും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെയും വേദിയിലിരുത്തിയുള്ള പി.ജെ. കുര്യന്റെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസില്‍ നിന്നടക്കം വിമര്‍ശനം ഉയരുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസിന്റെ ചരിത്രം മനസിലാക്കാത്തത് കൊണ്ടാണ് പി.ജെ. കുര്യന്‍ അങ്ങനെ പറഞ്ഞതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. യാഥാര്‍ത്ഥ്യബോധമില്ലാത്ത പരാമര്‍ശമെന്നായിരുന്നു കെ.സി. ജോസഫിന്റെ വാക്കുകള്‍. വിമര്‍ശനം ഉന്നയിച്ച അതേ വേദിയില്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.ജെ. കുര്യന് മറുപടി നല്‍കിയിരുന്നു. രാഹുലിന്റെ മറുപടിക്കു പിന്നാലെ നിരവധി യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പരാമര്‍ശത്തില്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിലും പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ നൈനാനും അടക്കമുള്ളവര്‍ രംഗത്തുവന്നു. പെരുന്തച്ചന്‍ കോംപ്ലക്‌സുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കരുതെന്നായിരുന്നു ദുല്‍ഖിഫിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പി.ജെ. കുര്യന്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കേണ്ട പ്രായത്തില്‍ പൊലീസിന്റെ ഒരു പിടിച്ചു മാറ്റലില്‍ പോലും ഉള്‍പ്പെട്ടിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ജിതിന്‍ നൈനാനും വിമര്‍ശിച്ചു.

യൂത്ത് പ്രവര്‍ത്തകര്‍ വിയര്‍പ്പൊഴുക്കുമ്പോള്‍ തോളില്‍ തട്ടി അഭിനന്ദിക്കണം എന്ന് പറയുന്നില്ല. ചവിട്ടി താഴ്ത്തരുത് എന്നായിരുന്നു കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്‍സീന്‍ മജീദിന്റെ പോസ്റ്റ്. ഒരു പടി കടന്നുകൊണ്ടാണ് പത്തനംതിട്ടയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. സൂര്യനെല്ലി കേസ് ഓര്‍മപ്പെടുത്തിയായിരുന്നു ബിന്ദു ബിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Tags:    

Similar News