മലയാള സര്‍വകലാശാല ഭൂമി ഇടപാടില്‍ 15 കോടി രൂപയുടെ അഴിമതി; കുറഞ്ഞ വിലയ്ക്ക് ഭൂമി ഏറ്റെടുക്കാനുള്ള വാഗ്ദാനം തള്ളിയത് ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍; കെ ടി ജലീലിന്റെയും വി അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ഫിറോസ്

മലയാള സര്‍വകലാശാല ഭൂമി ഇടപാടില്‍ 15 കോടി രൂപയുടെ അഴിമതി

Update: 2025-09-16 18:12 GMT

മലപ്പുറം: മലയാള സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനായി ഭൂമി ഏറ്റെടുത്തതില്‍ 15 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. ഈ വിഷയത്തില്‍ മുന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെയും നിലവിലെ കായികമന്ത്രി വി. അബ്ദുറഹിമാന്റെയും ബന്ധുക്കളുടെയും പങ്കിനെക്കുറിച്ച് ഫിറോസ് ആരോപണം ഉന്നയിച്ചു.

സര്‍വകലാശാലക്കായി വെട്ടം വില്ലേജില്‍ ഭൂമി ഏറ്റെടുത്തത് കുറഞ്ഞ വിലക്ക് ഭൂമി നല്‍കാമെന്ന ആതവനാട്ടെ ഭൂവുടമകളുടെ വാഗ്ദാനം തള്ളിക്കൊണ്ടാണെന്ന് ഫിറോസ് ആരോപിച്ചു. ഈ ഭൂമി ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു. യു.ഡി.എഫ് ഭരണകാലത്ത് ഭൂമി ഏറ്റെടുക്കാന്‍ കൃഷിവകുപ്പ് അനുമതി നല്‍കി എന്ന കെ.ടി. ജലീലിന്റെ വാദം തെറ്റാണെന്നും, 2016 ജൂണ്‍ 23നാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചതെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. അന്ന് ഭരണം ഇടതുപക്ഷത്തിനായിരുന്നു.

2018ല്‍ കെ.ടി. ജലീല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത് തന്നെ ഭൂമി തട്ടിപ്പിന് നേതൃത്വം നല്‍കാനാണെന്ന് ഫിറോസ് ആരോപിച്ചു. ആതവനാട്ടെ ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, ഭൂമി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും കെ.ടി. ജലീല്‍ ഇതിനെതിരെ അപ്പീല്‍ പോകുകയാണ് ചെയ്തത്. തദ്ദേശ വകുപ്പ് മാറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തത് ഈ ഭൂമി ഇടപാടില്‍ തട്ടിപ്പ് നടത്താനാണെന്നും ഫിറോസ് ആരോപിച്ചു.

ഈ ഇടപാടില്‍ ലഭിച്ച പണം തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചെന്നും, സിപിഐയുടെ മലപ്പുറം ജില്ലാ കമ്മിറ്റി ഈ ഭൂമി ഏറ്റെടുക്കലില്‍ വിയോജിപ്പ് അറിയിച്ചിരുന്നുവെന്നും ഫിറോസ് അറിയിച്ചു. വിഷയത്തില്‍ കെ.ടി. ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും, വി. അബ്ദുറഹിമാന്റെ ബന്ധുക്കളുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News