വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് കിട്ടിയത് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ; അവരങ്ങ് പറഞ്ഞാല്‍ ഭൂമികുലുങ്ങുമെന്നാണ് വിചാരം; മലപ്പുറത്തെ വിമര്‍ശിച്ച വെള്ളാപ്പള്ളിയെ പരിഹസിച്ചു തള്ളി പി കെ കുഞ്ഞാലിക്കുട്ടി
വെള്ളാപ്പള്ളിയുടെ പ്രസ്താവനക്ക് കിട്ടിയത് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ
മലപ്പുറം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലീംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ഇവിടെ പിന്നോക്ക വിഭാഗത്തിന് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ പോലും അവകാശമില്ല. വായു ശ്വസിക്കുവാന്‍ സ്വാതന്ത്ര്യമില്ല എന്നുള്ളതാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ആ പ്രസ്താവന ഇന്നലെ വന്നതിനുശേഷം ഒരു പൂച്ചക്കുട്ടിയുടെ പിന്തുണയാണ് കിട്ടിയതെന്ന് കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
ആരെങ്കിലും അതിനെ പിന്തുണച്ചോ നല്ല അഭിപ്രായം പറയുകയോ ചെയ്തില്ലല്ലോ. ഇത് കേരളമല്ലേ. കേരളത്തില്‍ ഇത്തരം പ്രസ്താവനകളൊക്കെ ശ്രദ്ധ കിട്ടാന്‍ വേണ്ടി നടത്തുന്നതാണ്. രാഷ്ട്രീയ മുതലെടുപ്പിന് ഇത് ഉതകുമെന്ന് കരുതി ഇത്തരം പ്രസ്താവനകള്‍ നടത്തുന്ന ആളുകളുണ്ട്. ഇത് കേരളമാണെന്ന് അവര്‍ അറിയുന്നില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇവിടെ വന്ന് മത്സരിച്ചല്ലോ. മലപ്പുറം ജില്ല ഉള്‍ക്കൊള്ളുന്ന മൂന്ന് മണ്ഡലം ഉള്‍ക്കൊള്ളുന്ന വയനാട് മത്സരിച്ചല്ലോ.
ഇവിടുന്ന് കിട്ടിയ വോട്ട് എത്രയാ നോട്ടക്ക് കിട്ടിയ അത്ര വോട്ടില്ല. ഇവര്‍ക്കൊക്കെ അത്ര പിന്തുണയുണ്ടിവിടെ. ഈ പറഞ്ഞ മലപ്പുറം ജില്ലയില്‍ നിന്ന് അവര്‍ക്ക് എത്ര വോട്ട് കിട്ടി? വളരെ കുറച്ച്. നാമമാത്രമായ വോട്ട് ഇതാണ് ഇവര്‍ക്കൊക്കെയുള്ള പിന്തുണ. ഇവരങ്ങ് പ്രസ്താവന ഇറക്കിയാല്‍ അവിടെ ഭൂമി കുലുങ്ങുമെന്ന്. അവര്‍ വിചാരിക്കുകയല്ലേ? ഇത് ചര്‍ച്ചയാക്കുന്ന നമ്മളെ പറഞ്ഞാല്‍ മതി-കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വഖഫ് ബില്‍ ന്യൂനപക്ഷ അവകാശത്തിന്റെ പ്രശ്നമാണെന്നും അതുകൊണ്ടു തന്നെ ഭേദഗതിയെ ശക്തമായി എതിര്‍ക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ത്യാ മുന്നണിയിലെ എല്ലാ കക്ഷികളുടെയും നിലപാട് അതുതന്നെയാണ്. അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.