ലീഗിന് ആരുടേയും മതേതരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്കെതിരെ ലീഗ് നിലപാടെടുക്കും; വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ലീഗിന് ആരുടേയും മതേതരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല;

Update: 2025-04-12 06:27 GMT

മലപ്പുറം: മുസ്‌ലിം ലീഗിന് ആരുടേയും മതേതരത്വ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ക്കെതിരെ ലീഗ് നിലപാടെടുക്കും. അത് ഞങ്ങളുടെ കടമയാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കാത്തവിധം കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു പാര്‍ട്ടിയെ കുറിച്ചല്ല ആ പ്രസ്താവനയെന്നത് വ്യക്തമാണ്. തേങ്ങ പറിക്കാന്‍ തെങ്ങില്‍ കയറിയിട്ട് ആള് കണ്ടപ്പോള്‍ അപ്പുറത്തെ പറമ്പിലെ കുറുതോട്ടി നോക്കാന്‍ കയറിയെന്ന് പറയുന്നത് പോലൊരു കഥയാണ് വെള്ളാപ്പള്ളിയുടെ പ്രസ്താവന. ഇത് കേരളം തള്ളിക്കളഞ്ഞപ്പോഴാണ് പ്രസ്താവന പാര്‍ട്ടിയെ കുറിച്ചാണ് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പ്രതികരണം നടത്തേണ്ടിയിരുന്നില്ലെന്നാണ് തന്റെ നിലപാട്. മുനമ്പം വിഷയത്തില്‍ ഉള്‍പ്പടെ ആരൊക്കെ പിന്മാറിയാലും മതേതരത്വം ഉര്‍ത്തിപിടിക്കുന്ന നിലപാടുമായി ലീഗ് മുന്നിലുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏപ്രില്‍16ന് വഖഫ് ബില്ലിനെതിരെ ലീഗ് റാലി നടത്തും. പൂര്‍ണമായും സമാധാനപരമായിട്ടായിരിക്കും പ്രതിഷേധം. വഖഫ്, മതേതര സംരക്ഷണത്തിന് വേണ്ടിയുള്ള മുദ്രാവാക്യങ്ങളായിരിക്കും റാലിയില്‍ ഉണ്ടാവുക. മതേതരത്വം പരീക്ഷിക്കപ്പെട്ട സന്ദര്‍ഭങ്ങളിലെല്ലാം അതിന് വേണ്ടി ലീഗ് ഉറച്ചുനിന്നിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    

Similar News