അന്ന് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; കൈയും കാലും കൂട്ടിക്കെട്ടിയെന്നും തുറന്നടിച്ച് പി എസ് ശ്രീധരന്‍ പിള്ള; പാലക്കാട് സ്ഥാനാര്‍ത്ഥി നിര്‍ണയം പാളി; തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന് വിമര്‍ശം
ബിജെപി അധ്യക്ഷനെതിരെ വിമര്‍ശനമുന്നയിച്ച് ഒരു വിഭാഗം
തിരുവനന്തപുരം: പാലക്കാട് ബിജെപി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം സംസ്ഥാന നേതൃത്വത്തിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ള. തോല്‍വിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം മറുപടി നല്‍കുമെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ പ്രതികരണം. മറുപടി പറയാന്‍ കരുത്തുള്ളവര്‍ നേതൃനിരയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കിയത് കൈയും കാലും കൂട്ടിക്കെട്ടിയാണെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു. സ്ഥാനാര്‍ത്ഥിയാകാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു. ഭാഗ്യം കൊണ്ട് വോട്ട് ശതമാനം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ നേതൃമാറ്റം വീണ്ടും ചര്‍ച്ചയാകുന്നതിനിടെയാണ് പി എസ് ശ്രീധരന്‍പിള്ളയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് വി. മുരളീധരന്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ബിജെപി നേതൃയോഗം മറ്റന്നാള്‍ ചേരും. എറണാകുളത്താണ് യോഗം. പാലക്കാട് നഗരസഭയില്‍ ഭരണമുണ്ടായിട്ടും പരാജയപ്പെട്ടതിന്റെ കാരണങ്ങള്‍ യോഗം വിശകലനം ചെയ്യും. പാലക്കാട്ടെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ആരോപണങ്ങളുയരുന്നുണ്ട്.
പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം ഏകപക്ഷീയമായിരുന്നു എന്ന ആക്ഷേപം പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനുണ്ട്. പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങളാണ് വോട്ടു ചോര്‍ത്തിയതെന്നാണ് പ്രധാന വിമര്‍ശനം. ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് ഒഴിവാക്കിയത് തിരിച്ചടിയായെന്ന് കരുതുന്നവരുമുണ്ട്. അടുത്തു നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ട് വര്‍ധിപ്പിച്ച ശോഭ സ്ഥാനാര്‍ഥിയാകുമെന്ന് പലരും കരുതിയെങ്കിലും കൃഷ്ണകുമാറിന്റെ പേരാണ് സംസ്ഥാന നേതൃത്വം മുന്നോട്ടുവച്ചത്. കേന്ദ്ര നേതൃത്വം അത് അംഗീകരിച്ചു.
കെ.സുരേന്ദ്രന്‍ പാലക്കാട്ട് തങ്ങി പ്രചാരണത്തിന് നേതൃത്വം നല്‍കി. പ്രചാരണം നയിച്ചതെല്ലാം സുരേന്ദ്രനൊപ്പമുള്ള നേതാക്കളാണ്. മറ്റ് നേതാക്കളെ പാര്‍ട്ടി ആശ്രയിച്ചില്ല. ശോഭാ സുരേന്ദ്രനും ആദ്യഘട്ടങ്ങളില്‍ പ്രചാരണത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് തന്ത്രം പാളിയതോടെ, എപ്പോഴും കരുത്തായി കൂടെ നില്‍ക്കുന്ന പാലക്കാട് നഗരസഭയിലും വോട്ടു ചോര്‍ന്നു.
നഗരസഭയില്‍ യുഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചത്. 52ല്‍ 28 വാര്‍ഡില്‍ ജയിച്ചു ബിജെപി ഭരിക്കുന്ന നഗരസഭയില്‍ യുഡിഎഫ് 4590 വോട്ടിന്റെ ലീഡ് നേടി. ബിജെപിയിലെ കടുത്ത വിഭാഗീയതയും സ്ഥിരം സ്ഥാനാര്‍ഥിയെന്ന പ്രചാരണവും തിരിച്ചടിയായെന്നാണ് കരുതുന്നത്. പ്രസിഡന്റ് സ്ഥാനത്ത് 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ചില കോണുകളില്‍നിന്ന് ഉയരുന്നുണ്ട്.