രാജിപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി പി വി അന്‍വറിന് നിയമനം; ഔദ്യോഗികമായി പ്രഖ്യാപനം; ഇന്ത്യാ മുന്നണിയില്‍ കക്ഷിയായ തൃണമൂലിനെ യുഡിഎഫില്‍ ഘടകകക്ഷിയാക്കുമോ? ബിജെപി, സിപിഎം വിരുദ്ധപ്പാര്‍ട്ടി കേരളത്തില്‍ എന്തു ചലനമുണ്ടാക്കും?
രാജിപ്രഖ്യാപനത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായി പി വി അന്‍വറിന് നിയമനം
തിരുവനന്തപുരം: അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സംസ്ഥാന കണ്‍വീനര്‍ ആയി നിയമിച്ചുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പ് പുറത്തിറങ്ങി. പി.വി. അന്‍വറിനെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള കണ്‍വീനര്‍ ആയാണ് നിയമിച്ചിരിക്കുന്നത്. അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് സംസ്ഥാന കണ്‍വീനര്‍ ആയി നിയമിച്ചുകൊണ്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പത്രക്കുറിപ്പ്.
പി.വി. അന്‍വറിനെ രാജ്യസഭയിലേക്ക് എത്തിക്കുമെന്നും വാഗ്ദാനമുണ്ട്. 2026 ഏപ്രിലില്‍ നാല് സിപിഎം എംപിമാരുടെ ഒഴിവ് വരുന്നതില്‍ അന്‍വറിനെ എംപിയാക്കാമെന്നാണ് വാഗ്ദാനം. മലയോര മേഖലയുമായി ബന്ധപ്പെട്ടും വയനാട് മണ്ഡലത്തിലും തനിക്ക് വലിയ സ്വാധീനമുണ്ടെന്നാണ് അന്‍വര്‍ അവകാശപ്പെടു്‌നത്. നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമാണ് എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കുന്നതെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.
ഇന്ന് രാവിലെയാണ് അന്‍വര്‍ സ്പീക്കറുടെ ചേംബറിലെത്തി രാജിക്കത്ത് കൈമാറിയത്. നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പി വി അന്‍വര്‍ അറിയിച്ചിട്ടുണ്ട്. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കാനാണ് തീരുമാനം. എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും മത്സരിക്കാനില്ലെന്ന് അറിയിച്ചത്.
പകരം വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്നും പി വി അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. നിലമ്പൂരില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് മലയോര മേഖലയുമായി ബന്ധമുണ്ടായിരിക്കണം. മലയോര മേഖലയിലെ പ്രശ്നങ്ങള്‍ അറിയുന്ന ആളാണ് ജോയി, നിലമ്പൂരില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി വേണമെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇത് കോണ്‍ഗ്രസില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാനുള്ള ശ്രമമായി വിലയിരുത്തുന്നു.
അന്‍വറിന്റെ ഭാവി ഇനിയെന്തെന്ന ചര്‍ച്ചകള്‍ ഉയരുന്നതിന് ഇടയിലാണ് എവരെയും ഞെട്ടിച്ചു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനുളള അന്‍വറിന്റെ നീക്കം വരുന്നത്. പിണറായി സിപിഎം വിരുദ്ധതയുള്ള ആളാണ് അന്‍വര്‍ എന്നാണ് ഇടത് കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിക്കുന്നത്. ഇതിനിടയിലാണ് ഇന്ത്യയിലെ കടുത്ത സിപിഎം വിരുദ്ധ പാര്‍ട്ടികളില്‍ ഒന്നായ മമതാ ബാനര്‍ജിയുടെ പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ അന്‍വര്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഇന്‍ഡ്യ സഖ്യം പൊളിഞ്ഞത് കോണ്‍ഗ്രസ് സിപിഎമ്മിന് വേണ്ടി വാദിച്ചത് കൊണ്ടായിരുന്നു. ടിഎംസി ഒറ്റയ്ക്ക് മത്സരിക്കുകയും മികച്ച വിജയം നേടാനും കഴിഞ്ഞിരുന്നു. എന്നാല്‍ സിപിഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് വട്ടപൂജ്യമായി.
അടിമുടി സിപിഎം വിരുദ്ധത തന്റെ നിലപാടായി പ്രഖ്യാപിച്ചിട്ടുള്ള ദീദിയുടെ പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ എത്തിയിരിക്കുന്നത്. സിപിഎം വിരുദ്ധതയ്‌ക്കൊപ്പം കടുത്ത ബിജെപി വിരുദ്ധ കൂടിയാണ് മമത. അന്‍വറും തന്റെ പ്രധാന നിലപാടുകളില്‍ ഒന്ന് ബിജെപിക്കെതിരായ പോരാട്ടമാണ് എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഎമ്മിനും പിണറായി വിജയനുമെതിരെ പരസ്യ യുദ്ധപ്രഖ്യാപനവും അന്‍വര്‍ നേരത്തേ നടത്തി കഴിഞ്ഞു. ഒരേ സമയം ബിജെപി യേയും ശക്തമായി എതിര്‍ക്കുന്ന മമത കേരളത്തില്‍ അതേ നിലപാടുള്ള ഒരാളുമായി കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും അന്‍വറിന്റെ ടിഎംസി പ്രവേശത്തിനുണ്ട്.
അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ യുഡിഎഫ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്‍വര്‍ യുഡിഎഫിന്റെ ഭാഗമായാല്‍ പരസ്പരം ശത്രു മുന്നണിയില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികള്‍ കേരളത്തില്‍ ഒരു സഖ്യത്തിന്റെ ഭാഗമാകും അപൂര്‍വ്വതയ്ക്കും അത് കാരണമാകും.