വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിലപാടില്‍ ഉറച്ചു പി വി അന്‍വര്‍; കോണ്‍ഗ്രസ് നേതൃത്വം തന്റെ പിന്നാലെ വരുമെന്ന് കണക്കുകൂട്ടി വിലപേശല്‍; 'ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്'; സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് മിണ്ടില്ലെന്ന് പോസ്റ്റിട്ട് പയറ്റുന്നത് സമ്മര്‍ദ്ദ തന്ത്രം! കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കാര്യം അന്‍വറിന്റെ നിയന്ത്രണത്തിലോ?

വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്ന നിലപാടില്‍ ഉറച്ചു പി വി അന്‍വര്‍

Update: 2025-04-19 05:12 GMT

കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുക്കവേ സമ്മര്‍ദ്ദ തന്ത്രവുമായി പി വി അന്‍വര്‍. യുഡിഎഫ് പ്രവേശനം ഉറപ്പിക്കാന്‍ വേണ്ടിയും മണ്ഡത്തില്‍ തനിക്കപ്പുറത്തേക്ക് സ്വാധീന ശക്തിയായി ആര്യാടന്‍ ഷൗക്കത്ത് വളരാതിരിക്കാന്‍ വേണ്ടിയുമാണ് അന്‍വര്‍ വീണ്ടും സമ്മര്‍ദ്ദ തന്ത്രങ്ങളുമായി രംഗത്തുവരുന്നത്. വി എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം എന്നതാണ് അന്‍വറിന്റ ഡിമാന്‍ഡ്. ഈ നിര്‍ദേശം അംഗീകരിപ്പിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണ് അന്‍വര്‍ ഇപ്പോള്‍ പയറ്റുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് അന്‍വര്‍ ഫേസ്ബിക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച അന്‍വര്‍ 'ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്' എന്ന വരിയോടെയാണ് ഫേസ്ബുക്കിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ മല്‍സരിപ്പിക്കാനാകില്ലെന്ന നിലപാടില്‍ അന്‍വര്‍ ഉറച്ച് നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലേക്കുള്ള ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതു വരെ പത്രമാധ്യമങ്ങളുമായുള്ള ആശയവിനിമയം താല്‍ക്കാലികമായി ഇപ്പോള്‍ മുതല്‍ പൂര്‍ണമായും വിച്ഛേദിക്കുകയാണ്.

പ്രിയപ്പെട്ട പത്രമാധ്യമ സുഹൃത്തുക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 'ചിന്തിക്കുന്നവര്‍ക്ക്' ദൃഷ്ടാന്തമുണ്ട്.

പി.വി അന്‍വര്‍

വി.എസ്. ജോയിയെ സ്ഥാനാര്‍ഥിയാക്കണമെന്ന നിലപാടില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള എ.പി. അനില്‍കുമാര്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. നിലവില്‍ ഡിഡിസി അധ്യക്ഷനാണ് വി എസ് ജോയി. അങ്ങനെയുള്ള ജോയിയെ മത്സരിക്കാന്‍ രംഗത്തിറക്കുന്നത് ഷൗക്കത്തിനോട് ചെയ്യുന്ന അനീതിയാണ്. കഴിഞ്ഞ തവണ പ്രകാശിന് മത്സരിക്കാന്‍ വേണ്ടി ഷൗക്കത്ത് മാറിക്കൊടുത്തതു കൊണ്ടാണ് അദ്ദേഹം സ്ഥാനാര്‍ഥിയത്. ഇക്കുറി ഷൗക്കത്തിന് തന്നെയാണ് അവസരം ലഭിക്കേണ്ടത്. കോണ്‍ഗ്രസിലെ കീഴ്വഴക്കവും ഇതു തന്നെയാണ്. ജി കാര്‍ത്തികേയന് പകരം ശബരീനാഥനാണ് സ്ഥാനാര്‍ഥിയായത്. പി ടി തോമസ് മരിച്ചപ്പോള്‍ ഭാര്യ ഉമതോമസ് തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയായി. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ മകന്‍ ചാണ്ടി ഉമ്മനുമാണ് സ്ഥാനാര്‍ഥിയായത്. എന്തിനേറെ വയനാട് ലോക്‌സഭാ സീറ്റില്‍ രാഹുല്‍ രാജിവെച്ചപ്പോള്‍ സഹോദരി പ്രിയങ്ക ഗാന്ധിയുമാണ് സ്ഥാനാര്‍ഥിയായത്. ആ നിലയില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ എന്ന നിലയില്‍ ഷൗക്കത്തിനാണ് അവസരം ലഭിക്കേണ്ടത്.

എന്നാല്‍, നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കാരണക്കാരനായ അന്‍വറിന് പിന്നാലെ നടക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്. വി എസ് ജോയിയെ മത്സരിപ്പിക്കണമെന്ന നിര്‍ബന്ധ ബുദ്ധിയിലാണ് അന്‍വര്‍. ഇക്കാര്യം അനില്‍കുമാറുമായുള്ള കൂടിക്കാഴ്ച്ചയില്‍ അന്‍വര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതോടെ സ്ഥാനാര്‍ഥി കാര്യത്തില്‍ അന്‍വറിന് നിര്‍ബന്ധ ബുദ്ധിയില്ലെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്കാര്യം പൂര്‍ണമായും അന്‍വറിന്റെ നിയന്ത്രണത്തിലായി എന്നാണ് ചര്‍ച്ച നല്‍കുന്ന സൂചന.

നിലമ്പൂരില്‍ എന്തുവില നല്‍കിയും വിജയിക്കേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. അന്‍വര്‍ ആകട്ടെ ഷൗക്കത്ത് മത്സരിച്ചാല്‍ തോല്‍പ്പിക്കുമെന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കുന്നത്. കഴിഞ്ഞദിവസം ആര്യാടന്‍ ഷൗക്കത്ത് അന്‍വറിനെ അനുനയിപ്പിക്കാനായി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്‍വര്‍ ഇപ്പോഴത്തെ തീരുമാനത്തില്‍ ഉറച്ച് നിന്നാല്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം വഴിമുട്ടും.

ആരാടന്‍ ഷൗക്കത്തിനുവേണ്ടി മുസ്ലിംലീഗിലും നീക്കം നടക്കുന്നുണ്ട്. ഏറനാട് എം.എല്‍.എ പി.കെ. ബഷീര്‍ ഷൗക്കത്തിനുവേണ്ടി കോണ്‍ഗ്രസുകാരുമായി ചര്‍ച്ച നടത്തിയതായാണ് സൂചന. ചുരുക്കത്തില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എളുപ്പത്തില്‍ ജയിച്ചു കയറാം എന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷക്കാണ് മങ്ങലേറ്റിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെതിരായ നിലപാടില്‍ അന്‍വര്‍ ഉറച്ച് നിന്നാല്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് അന്‍വറിന്റെ ഫേസ്ബുക് പോസ്റ്റ്.

പൊട്ടിത്തെറിയുടെ വക്കില്‍ ഷൗക്കത്ത് വിഭാഗം

ആര്യാടന്‍ മുഹമ്മദ് 34 വര്‍ഷം എം.എല്‍.എയായിരുന്ന നിലമ്പൂരില്‍ ആര്യാടന്‍ മത്സരരംഗത്ത് നിന്നും മാറിയ 2016ല്‍ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയാണ് പി.വി അന്‍വര്‍ ഇടത് സ്വതന്ത്രനായി നിയമസഭയിലെത്തിയത്. ആഫ്രിക്കയില്‍ സ്വര്‍ണഖനനത്തിന് പോയ അന്‍വര്‍ നാടകീയമായി മടങ്ങിയെത്തിയാണ് 2021ല്‍ വീണ്ടും ഇടത് സ്വതന്ത്രനായത്.

അന്ന് ആര്യാടന്‍ ഷൗക്കത്തിന് പകരം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ആര്യാടന്‍ ഷൗക്കത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ആര്യാടന്‍ ഷൗക്കത്തിനെ മാറ്റി ഡി.സി.സി പ്രസിഡന്റ് സ്ഥാനം വി.വി പ്രകാശിന് തന്നെ നല്‍കി. വോട്ടെണ്ണലിന്റെ തലേദിവസം ഹൃദയാഘാതത്തെ തുടര്‍ന്ന് വി.വി പ്രകാശ് മരണപ്പെടുകയായിരുന്നു. 2021ല്‍ 2700 വോട്ടുകള്‍ക്കാണ് അന്‍വര്‍ വിജയിച്ചത്. കോണ്‍ഗ്രസ് പുനസംഘടന വന്നപ്പോള്‍ ഷൗക്കത്തിനെ വെട്ടി എ ഗ്രൂപ്പുകാരനായ വി.എസ് ജോയി മറുകണ്ടം ചാടിയാണ് മലപ്പുറം ഡി.സി.സി പ്രസിഡന്റായത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഷൗക്കത്തിനെ മാറ്റിയത് എ ഗ്രൂപ്പിന് ക്ഷീണമായി. നിലമ്പൂരില്‍ ഷൗക്കത്തിന് സ്ഥാനാര്‍ഥിത്വം കിട്ടാതെ വന്നാല്‍ പിന്നെ പാര്‍ട്ടിയില്‍ നിന്നിട്ട് കാര്യമില്ലെന്ന നിലപാടിലാണ് ഷൗക്കത്തും ഒപ്പമുള്ളവരും. ഒരു ഡസന്‍ ഡിസിസി ഭാരവാഹികളും പത്തിലധികം കെപിസിസി ഭാരവാഹികളും ഷൗക്കത്തിന് പിന്തുണയുമായുണ്ട്.

മലപ്പുറത്തെ കോണ്‍ഗ്രസിന്റെ നിയന്ത്രണം കയ്യാളുന്ന എ പി അനില്‍കുമാറിനോട് ഷൗക്കത്ത് പക്ഷക്കാര്‍ക്ക് പ്രതിഷേധമുണ്ട്. വി എസ് ജോയിയെ മലപ്പുറം ഡിസിസി പ്രസിഡന്റ് ആക്കിയതില്‍ എ പി അനില്‍കുമാറിന്റെ വലിയ പങ്കാണ് ഈ പ്രതിഷേധത്തിന് കാരണം. സാമുദായിക പ്രാതിനിധ്യം അട്ടിമറിച്ചാണ് ജോയിയെ കൊണ്ടുവന്നതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. എ പി അനില്‍ കുമാര്‍ എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നു എന്ന പരാതിയും ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്.

നിലമ്പൂരില്‍, 46 ശതമാനം മുസ്ലിംകളും 43 ശതമാനം ഹിന്ദുക്കളും 11 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. മലബാറില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെ പരിഗണിക്കണമെന്ന സഭകളുടെ ആവശ്യത്തിന് മുന്‍തൂക്കം നല്‍കണമെന്നാണ് ജോയിയെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍, ഷൗക്കത്ത് വിഭാഗം ഈ വാദത്തെ ഖണ്ഡിക്കുന്നത് ക്രൈസ്തവരിലെ പുതു തലമുറ സഭകളിലൊന്നിന്റെ ഭാഗമാണ് വി എസ് ജോയ് എന്ന മറുവാദം ഉന്നയിച്ചാണ്. പെന്തകോസ്ത് വിഭാഗത്തില്‍ പെടുന്ന ജോയിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ കത്തോലിക്കാ സഭയെ തൃപ്തിപ്പെടുത്താന്‍ ആവില്ലെന്ന് ഷൗക്കത്ത് അനുകൂലികള്‍ പറയുന്നു.

കെ.സി. വേണുഗോപാലും എ പി അനില്‍കുമാറും മനസ് തുറന്നിട്ടില്ലെങ്കിലും, വി.ഡി. സതീശന്‍ ജോയിക്കൊപ്പമെന്നാണ് സൂചന. മുനമ്പം വിഷയത്തില്‍ അകന്ന ക്രിസ്ത്യന്‍ സമുദായാംഗങ്ങളെ ജോയിയെ സ്ഥാനാര്‍ഥിയാക്കി തൃപ്തിപ്പെടുത്താമെന്നാണ് വി ഡി സതീശന്‍ കരുതുന്നത്. പ്രശ്നപരിഹാരത്തിന് പ്രത്യേക സമിതിയെ പാര്‍ട്ടി നിയോഗിച്ചതായും വാര്‍ത്തകള്‍ വരുന്നുണ്ട്്്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല, എ.പി. അനില്‍കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിയെ വച്ചെന്നും സൂചനയുണ്ട്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നേരിട്ട് ഇടപെടില്ലെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. സ്ഥാനാര്‍ഥി ആരായാലും യുഡിഎഫിന്റെ ഭാഗമെന്ന നിലയില്‍ ലീഗ് പിന്തുണ നല്‍കും. മണ്ഡലത്തില്‍ കണ്‍വന്‍ഷന്‍ നടത്തി ലീഗ് പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. സാമുദായിക പ്രാതിനിധ്യം നിയമസഭയില്‍ കുറയുന്നുണ്ടെന്നും സമുദായത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണം എന്നും കാന്തപുരം വിഭാഗവും സമസ്തയിലെ ഒരു വിഭാഗവും നിലപാട് എടുത്തിട്ടുണ്ട്. നിയമനിര്‍മാണ സഭകളില്‍ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞു കൊണ്ടിരിക്കെ ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. മലബാറിലെ ആറ് കോണ്‍ഗ്രസ് എംഎല്‍മാരില്‍ മുസ്ലിം പ്രാതിനിധ്യം രണ്ടായിരുന്നത് ഷാഫി പറമ്പില്‍ രാജിവെച്ചതോടെ ഒന്നായി മാറി. ക്രൈസ്തവ വിഭാഗത്തില്‍ നിന്നും രണ്ട് എംഎല്‍എമാരുണ്ട്. കല്‍പ്പറ്റയിലെ ടി സിദ്ദീഖ് മാത്രമാണ് മുസ്ലിം എംഎല്‍എ .

40 ശതമാനം മുസ്ലിംകളുള്ള മലബാറില്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധികളില്‍ മുസ്ലിം പ്രാതിനിധ്യം ഇല്ലാതാകുന്നതില്‍ മുസ്ലിം സംഘടനകള്‍ക്ക് പ്രതിഷേധമുണ്ട്. സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ അടക്കമുള്ളവര്‍ ഇക്കാര്യം പലപ്പോഴും ഉന്നയിച്ചിട്ടുണ്ട്. നിലമ്പൂര്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഈ ഘടകം കൂടി പരിഗണിക്കേണ്ടി വരും.

ഷൗക്കത്തിന് സീറ്റ് കിട്ടിയില്ലെങ്കില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന സൂചന കിട്ടിയതോടെ പ്രതിസന്ധി ഒഴിവാക്കണമെന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. പ്രാദേശിക ലീഗ് നേതാക്കള്‍ക്കും ആര്യാടന്‍ ഷൗക്കത്തിനോടാണ് താല്‍പര്യം. അതേസമയം. തൊട്ടടുത്ത തിരുവമ്പാടി സീറ്റ് മുസ്ലിം ലീഗില്‍ നിന്നും ഏറ്റെടുത്ത് ക്രൈസ്തവ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ഏറെക്കാലമായി താമരശ്ശേരി രൂപതക്കുണ്ട്. അതുകൊണ്ട് സഭയെ പിണക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിന് സാധ്യമല്ല.

Tags:    

Similar News