ചിലരൊക്കെ ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നത്; കമ്യൂണിറ്റിയുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ അവരുടെ സ്വഭാവം തന്നെ മാറുകയാണ്; എംഎല്‍എമാരും എംപിയുമൊക്കെ ആയിട്ടുള്ള പല നേതാക്കന്‍മാരും ഇങ്ങനെയാണ്: രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പി വി അന്‍വര്‍; വിവാദം
രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പി വി അന്‍വര്‍; വിവാദം
മലപ്പുറം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ അധിക്ഷേപിച്ച് പി വി അന്‍വര്‍. സംവരണമണ്ഡലത്തില്‍ നിന്ന് ജയിക്കുന്നവര്‍ ആ വിഭാഗത്തോട് മമത കാട്ടാറില്ല. രമ്യ ഹരിദാസിനെ കുറിച്ച് ചേലക്കരയിലെ സമൂദായങ്ങള്‍ക്ക് നല്ല അഭിപ്രായമില്ലെന്നും അന്‍വര്‍ പറഞ്ഞു.
'ചേലക്കരയില്‍ സിപിഎമ്മിന് 39,400 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. അവിടെ കൊണ്ടുപോയി നിര്‍ത്തിയ സ്ഥാനാര്‍ഥിയെ കുറിച്ച് താന്‍ പറയണോ?. കോണ്‍ഗ്രസുകാരാണ് പറയുന്നത്. എനിക്ക് അവരെ കുറിച്ച് അറിയില്ല. അവര്‍ പാട്ടുപാടുന്നത് ഇടയ്ക്ക് കേട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം അവര്‍ എംപിയായ മണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഈ ചേലക്കര. അവിടുത്തെ അവരുടെ കമ്യൂണിറ്റി പറയുന്നു, ഞങ്ങളുടെ പേര് പറയുന്നത് പോലും അവര്‍ക്ക് ഇഷ്ടമില്ലെന്ന്. ഈ കമ്യൂണിറ്റിയില്‍ നിന്ന് എംഎല്‍എമാരും എംപിയുമൊക്കെ ആയിട്ടുള്ള പല നേതാക്കന്‍മാരുടെ സ്വഭാവം ഇത് തന്നെയാണ്. പിന്നെ അവര്‍ക്ക് ആ കമ്യൂണിറ്റിയെ കണ്ട് കൂടാ. ആ പേര് പറയുന്നത് അവര്‍ക്ക് അലര്‍ജി പോലെയാണ്.
ചിലരൊക്കെ ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നത്. ഒരുനിലയ്ക്കും കാഴ്ചയില്‍ അങ്ങനെ ഒരു തോന്നലുണ്ടാവരുതെന്ന് കരുതി. ഈ കമ്യൂണിറ്റിയുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയാല്‍ പിന്നെ അവരുടെ സ്വഭാവം തന്നെ മാറുകയാണ്. ഒരു ദിവസം മൂന്ന് ഷര്‍ട്ട് മാറും, നാല് മുണ്ട് മാറും, മെയ്ക്കപ്പ് സാധനങ്ങള്‍ കാറിന്റെ പോക്കറ്റിലാണ്. പൊതുസ്ഥലത്തെത്തുമ്പോള്‍ സിനിമാനടന്‍മാരെ പോലെ പൗഡറിട്ട് സുന്ദരക്കുട്ടപ്പന്‍മാരായി ഇറങ്ങുകയാണ്. അതാണ് ഈ കമ്യൂണിറ്റിയിലെ ആളുകളുടെ സ്വഭാവം. ഇതൊക്കെ കേരളത്തിലെ ജനം കാണുന്നുണ്ട്. ഈ സോപ്പിടലും ചുണ്ട് ചുവപ്പിക്കലും ഈ മുഖം മിനുക്കലും ചേലക്കരയിലെ ജനം കാണുന്നുണ്ട്'- അന്‍വര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടും
പാലക്കാട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്നും പി.വി അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ തോല്‍ക്കും എന്ന് ഇന്നലെ മനസ്സിലായത് കൊണ്ടാണ് ഇന്ന് വി.ഡി.സതീശന്‍ തനിക്കെതിരെ സംസാരിച്ചത്. സതീശന്റെയത്ര ബുദ്ധിയില്ലെങ്കിലും അത്ര പൊട്ടനല്ല താന്‍. പാലക്കാട് ഉണ്ടാകാന്‍ പോകുന്ന തോല്‍വിയുടെ ഉത്തരാവാദിത്വം തന്റെ തലയിലേക്ക് ഇടാനാണ് ശ്രമമെന്നും ഡി.എം.കെ സ്ഥാനാര്‍ഥികളെ പിന്‍വലിക്കില്ലെന്നും പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.