കെ. സുരേന്ദ്രനെ പി.വി അന്‍വര്‍ വിളിക്കാറുള്ളത് ബ്രോ എന്ന്; ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലില്‍; പി.വി അന്‍വറിന് ബി.ജെ.പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം

പി.വി അന്‍വറിന് ബി.ജെ.പി ബന്ധം

Update: 2025-03-06 16:43 GMT

കൊച്ചി: പി.വി അന്‍വറിന് ബി.ജെ.പി ബന്ധമുള്ളതായി മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി ബി.ജെ.പിയുമായി ബന്ധമുള്ള പി.വി അന്‍വറിനെതിരെ മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സി.ജി ഉണ്ണിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗമാണ് മമത ബാനര്‍ജിയെ കണ്ട് പരാതി നല്‍കാന്‍ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേഷന്‍ ചുമതലയുണ്ടായിരിക്കെ പഞ്ചായത്തംഗത്തെ പണം നല്‍കി കാലുമാറ്റിച്ച് വയനാട് പനമരത്തും നിലമ്പൂര്‍ ചുങ്കത്തറയിലും യു.ഡി.എഫിന് ഭരണം പിടിച്ചു നല്‍കി രാഷ്ട്രീയ വിലപേശല്‍ നടത്തുകയാണ് അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണ പങ്കാളിത്തം നേടാനല്ല യു.ഡി.എഫിന് ഭരണം നേടിക്കൊടുത്ത് മുന്നണിയില്‍ കയറാനുള്ള തന്ത്രമാണ് അന്‍വര്‍ പയറ്റുന്നത്. യു.ഡി.എഫ് പ്രതീക്ഷ മങ്ങിയാല്‍ ബി.ജെ.പിയുടെ എന്‍.ഡി.എ സഖ്യത്തിനൊപ്പം പോകാനും അന്‍വര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എന്‍.ഡി.എ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് കേരള കോണ്‍ഗ്രസ് ചെയര്‍മാനായ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്. ബി.ജെ.പിയെയോ എന്‍.ഡി.എ നേതൃത്വത്തെയോ തള്ളിപ്പറയാതെയാണ് സജിയുടെ തൃണമൂല്‍ പ്രവേശനം.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ പി.വി അന്‍വര്‍ ബ്രോ എന്നാണ് അഭിസംബോധന ചെയ്യാറ്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തില്‍ അന്‍വറിനെതിരെയുള്ള ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ കള്ളപ്പണ ഇടപാടിലെ ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലിലാണ്. കെ.സുരേന്ദ്രനെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിലെ പരാതിക്കാരിയായ പ്രസീത അഴീക്കോടിന് തൃണമൂല്‍ കോണ്‍ഗ്രസ് അംഗത്വം നല്‍കി സുരേന്ദ്രനുവേണ്ടി കേസ് അട്ടിമറിക്കാനുള്ള ക്വട്ടേഷനാണ് അന്‍വര്‍ ഏറ്റെടുത്തതെന്നും ആരോപിച്ചു.

പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ 20,000 കോടി രൂപയുടെ സ്വര്‍ണഖനനമുണ്ടെന്ന് അന്‍വര്‍ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരന് വിദേശത്ത് ബിസിനസ് നിക്ഷേപം നടത്തുന്നതിന് ഇവിടെ നിന്നും കൊണ്ടുപോകുന്ന പണം നികുതി അടച്ചതാണെന്ന് തെളിയിക്കുന്ന ആദായനികുതി വകുപ്പിന്റെ 15 സിബി ടാക്സ് ഡിറ്റര്‍മിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അത്തരമൊരു സര്‍ട്ടിഫിക്കറ്റ് ആദായ നികുതിപോലും അടുക്കാത്ത അന്‍വറിന് ആദായനികുതി വകുപ്പ് നല്‍കിയിട്ടില്ല. ആഫ്രിക്കയിലെ സ്വര്‍ണഖനനത്തിലെ കള്ളപ്പണ ഇടപാടിലെ കേന്ദ്ര അന്വേഷണം അട്ടിമറിച്ചതും അന്‍വറിന്റെ ബി.ജെ.പി ബന്ധമാണ്.

മഞ്ചേരിയില്‍ 100 ഏക്കര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ച പി.വി അന്‍വറിന്റെ പീവീആര്‍ മെട്രോ വില്ലേജിലെ ഓഡിറ്റോറിയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനമെന്നപേരില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ലീഗുകാരും കോണ്‍ഗ്രസുകാരുമാണ്. ഇടുക്കിയില്‍ നിന്നടക്കം ദിവസക്കൂലിക്ക് തോട്ടംതൊഴിലാളികളെയും എത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പണം നല്‍കി എത്തിച്ചവരുടെ വിവരങ്ങളടക്കം ശേഖരിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ അന്‍വറിന്റെ വലംകൈയ്യായി പങ്കെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ മിന്‍ഹാജാണ് അന്‍വര്‍ എന്‍.ഡി.എയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ് തൃണമൂല്‍ വിട്ടത്.

തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ കക്ഷിനേതാവ് ഡെറിക് ഒബ്രിയാന്‍ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് ശക്തി തെളിയിക്കുമെന്നും അതിനു ശേഷം മാത്രമേ മുന്നണികളുമായി ചര്‍ച്ച നടത്തുകയുള്ളൂ എന്നുമാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. എന്നാല്‍ യു.ഡി.എഫ് പ്രവേശനത്തിന് വേണ്ടി പ്രതിപക്ഷ നേതാവിനും കെ.പി.സി.സി.സി പ്രസിഡന്റിനും മുസ്ലീം ലീഗിനും കത്തു നല്‍കി കാത്തിരിക്കുകയാണ് അന്‍വര്‍.

പി.വി അന്‍വറിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ക്രിമിനല്‍ പശ്ചാത്തലമോ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ചോ പ്രാഥമികമായ അന്വേഷണം പോലും നടത്താതെയാണ് അദ്ദേഹത്തിന് സംസ്ഥാനത്തെ പാര്‍ട്ടി കോ ഓര്‍ഡിനേഷന്‍ ചുമതല നല്‍കിയതെന്നാണ് മനസിലാകുന്നത്.

പി.വി അന്‍വറിനെ തൃണമൂല്‍ ആസ്ഥാനത്തെത്തിച്ച സുനില്‍ അലിയാര്‍ എന്നയാള്‍ കേരളത്തില്‍ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച നിരവധി പരാതികള്‍ നേരിടുന്നയാളാണ്. അഭിഷേക് ബാനര്‍ജിയുമായി ബന്ധമുണ്ടെന്നു പറഞ്ഞ് വ്യാപകമായി ഇയാള്‍ കേരളത്തില്‍ നിന്നും പണം പിരിക്കുന്നുണ്ട്.

പണം നഷ്ടപ്പെട്ട പലരും പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ഇയാള്‍ സ്വാധീനം ഉപയോഗിച്ച് ഒത്തുതീര്‍പ്പുണ്ടാക്കുകയായിരുന്നു.

രാജ്യസഭാ സീറ്റ് ദേശീയ നേതൃത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് അന്‍വര്‍ ജില്ലാ തലം മുതല്‍ പാര്‍ട്ടി ഭാരവാഹിത്വം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുക്കുന്നത്. സ്വര്‍ണക്കടത്ത് അടക്കം ക്രിമിനല്‍ പശ്ചാത്തലമുള്ളവരും മതവര്‍ഗീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരുമാണ് തൃണമൂല്‍ ഭാരവാഹികളായി ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. ഇത് സംഘടനക്ക് അവമതിപ്പുണ്ടാക്കുന്നതാണ്.

ബിക്രംജിത്ത് ബട്ടാചാര്യ എന്നയാളെ കോഴിക്കോട്ടെത്തിച്ച് കേരളത്തിലെ സാധ്യതകള്‍ പഠിക്കാന്‍ ബംഗാളില്‍ നിന്നും മമത ബാനര്‍ജി അയച്ചതാണെന്ന് പറഞ്ഞ് പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ നടത്തി തട്ടിപ്പിനു ശ്രമിച്ചിരുന്നു. ഇത്തരമൊരാളെ കേരളത്തിലേക്ക് അയച്ചിട്ടില്ലെന്ന് ദേശീയ നേതൃത്വം അറിയിച്ചതോടെ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുകയും ഇവര്‍ ഉടന്‍ അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരില്‍ നടത്തുന്ന രണ്ട് സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും തൃണമൂല്‍ സംസ്ഥാന നേതൃത്വം പരാതി നല്‍കിയട്ടുണ്ട്. രണ്ടിലും അന്വേഷണം ആരംഭിച്ചതായാണ് അറിയിപ്പ് ലഭിച്ചത്. യു.ഡി.എഫിലോ എന്‍.ഡി.എയിലോ പോകുന്നതിന് മുമ്പുള്ള ഇടത്താവളം മാത്രമായാണ് പി.വി അന്‍വര്‍ ദേശീയ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ കാണുന്നത്.

2016ല്‍ നിലമ്പൂര്‍ എം.എല്‍.എയായ ഉടന്‍ പൂക്കോട്ടുംപാടത്തെ റീഗള്‍ എസ്റ്റേറ്റ് ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ചയാളാണ് അന്‍വര്‍. എസ്റ്റേറ്റ് ഉടമ ജയ മുരുഗേഷിന്റെ പരാതിയില്‍ അന്‍വറിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. ഇതിനു പ്രതികാരമായി ജയ മുരുഗേഷിനും ഭര്‍ത്താവ് മുരുഗേഷ് നരേന്ദ്രനും കുടുംബത്തിനുമെതിരെ വധശ്രമത്തിനടക്കം പരാതി നല്‍കി കള്ളക്കേസില്‍ ജയിലിലടക്കാനാണ് അന്‍വര്‍ ശ്രമിച്ചത്. വിവരാവകാശ നിയമപ്രകാരം മുരുഗേഷ് നരേന്ദ്രന്‍ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ നിയമപോരാട്ടമാണ് അന്‍വറിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്.

1995 ഏപ്രില്‍ 13ന് മലപ്പുറം ജില്ലയിലെ ഒതായിയില്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍ മനാഫിനെ കുത്തികൊന്ന കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍. പ്രോസിക്യൂഷനുമായി ഒത്തുകളിച്ച് ഒന്നാം സാക്ഷിയെ കൂറുമാറ്റിയാണ് അന്‍വര്‍ വിചാരണക്കോടതിയില്‍ നിന്നും രക്ഷപ്പെട്ടത്. ഈ കേസില്‍ അന്‍വറിന് പരമാവധി ശിക്ഷനല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

മഞ്ചേരി മാലാംകുളത്ത് അന്‍വറിന്റെ 100 ഏക്കര്‍ഭൂമിയിലെ മെട്രോ വില്ലേജിലേക്ക് റോഡുണ്ടാക്കാന്‍ സി.പി ജോസഫ് എന്ന കുടിയേറ്റ കര്‍ഷകന്റെ ഭൂമി കരാര്‍ എഴുതിയതിനും കൂടുതലായി നാലുസെന്റ് ഭൂമി തട്ടിയെടുത്തതിന് മഞ്ചേരി സബ് കോടതി അന്‍വറിനെ ശിക്ഷിച്ചു. കോടതി വിധിച്ച നഷ്ടപരിഹാരം നല്‍കാത്തതിന് നാല് തവണ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എം.എല്‍.എയായ ശേഷമാണ് അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പണമടച്ച് തടിയൂരിയത്.

കേരള നിയമ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന പി.വി അന്‍വര്‍ നിയമസഭ നിര്‍മ്മിച്ച നിയമം പോലും അഗീകരിക്കാതെയും നിയമിരുദ്ധമായും പ്രവര്‍ത്തിക്കുന്നയാളാണ്. കേരള നിയമസഭ പാസാക്കിയ കേരള ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് പരിധിയില്‍ കവിഞ്ഞ് പി.വി അന്‍വറും കുടുംബവും സ്വന്തമാക്കിയ 6.24 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശേരി താലൂക്ക് ലാന്റ് ബോര്‍ഡ് 2023 ആഗസ്റ്റ് 26ന് ഉത്തരവിട്ടിട്ടുണ്ട്്.

കര്‍ണാടക മംഗലാപുരം ബെല്‍ത്തങ്ങാടി തണ്ണീരുപന്ത പഞ്ചായത്തില്‍ 26 ഏക്കര്‍ ഭൂമിയും ക്രഷറും സ്വന്തമാണെന്ന് വിശ്വസിപ്പിച്ച് മാസം 10 ശതമാനം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് 50 ലക്ഷം തട്ടിയെടുത്ത കേസില്‍ മഞ്ചേരി പോലീസ് പി.വി അന്‍വറിനെ പ്രതിയാക്കി കേസെടുത്തിരുന്നു. ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് ഈ കേസ്‌ ്രൈകം ബ്രാഞ്ച് അന്വേഷിക്കുകയാണ്.കേരളത്തിലെ ഏറ്റവും സമ്പന്നനായ എം.എല്‍.എയായിട്ടും പി.വി അന്‍വര്‍ ആദായനികുതി അടക്കാതെ നികുതിവെട്ടിപ്പ് നടത്തിയതില്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുകയാണ്.

64.14 കോടി രൂപ ആസ്തിയുള്ള കേരളത്തിലെ ഏറ്റവും സമ്പന്നനായ എം.ല്‍.എയായ അന്‍വര്‍ കഴിഞ്ഞ 10 വര്‍ഷമായി ആദായനികുതി അടക്കുന്നില്ല. കഴിഞ്ഞ 8 വര്‍ഷം സി.പി.എമ്മിനെ പിന്തുണച്ച സ്വതന്ത്ര എം.എല്‍.എയായ പി.വി അന്‍വര്‍ സ്വര്‍ണകള്ളക്കടത്തടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണവും പിന്തുണയും ലഭിക്കാതായതോടെയാണ് സര്‍ക്കാരുമായി തെറ്റി എം.എല്‍.എ സ്ഥാനം രാജിവെച്ചത്.

നേരത്തെ കോണ്‍ഗ്രസുകരനായ അന്‍വര്‍ രാഷ്ട്രീയ സത്യസന്ധതയോ മാന്യതയോ വിശ്വാസ്യതയോ ഇല്ലാത്ത മാഫിയാ പ്രവര്‍ത്തനവും നിയമലംഘനവും തട്ടിപ്പുകളും നടത്തുന്ന രാഷ്ട്രീയക്കാരനാണെന്നത് അന്‍വറിന്റെ കഴിഞ്ഞകാല രാഷ്ട്രീയ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മനസിലാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ സ്വന്തം രാഷ്ടീയ നേട്ടത്തിനും തട്ടിപ്പുകള്‍ക്കും മറയായും വിലപേശാനുള്ള അത്താണിയായും മാത്രമായി അന്‍വര്‍ കാണുന്നത് സംസ്ഥാന നേതൃത്വത്തിന് അംഗീകരിക്കാാവില്ല. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എത്തണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മമതബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണി, വൈസ് പ്രസിഡന്റുമാരായ ലിസി എലിസബത്ത്, ഹംസ നെട്ടുകുഴി, സംസ്ഥാന സെക്രട്ടറിമാരായ എം.കെ അലി, സി.എം രാജേന്ദ്രന്‍ പങ്കെടുത്തു.

Tags:    

Similar News