ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: മുഖ്യമന്ത്രി അറിയാതെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അജിത്കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തിവെച്ചു; ആരോപണവുമായി പി വി അന്‍വര്‍

വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്

Update: 2024-09-11 09:31 GMT

മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാറിനും, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ് ആരോപണം.

ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. അജിത് കുമാറും പി ശശിയും ചേര്‍ന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും മലപ്പുറം പ്രസ് ക്ലബ്ബില്‍ അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'ആര്‍.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. അജിത് കുമാര്‍ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആ സമയത്തുതന്നെ നല്‍കിയിരുന്നെന്നും എന്നിട്ടുമെന്താണ് മുഖ്യമന്ത്രി അതില്‍ നടപടിയെടുക്കാതിരുന്നതെന്നും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചര്‍ച്ചയാണ്. ആ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തില്‍, ചില പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്.' -പി.വി. അന്‍വര്‍ പറഞ്ഞു.

'സ്പെഷ്യല്‍ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമായിരിക്കും അത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവര്‍ ചതിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. വിശ്വസിച്ചവര്‍ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.'-അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

'അജിത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും, മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യം വരുന്നതോടെ അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.' -അന്‍വര്‍ പറഞ്ഞു.

Tags:    

Similar News