'മുസ്ലിം ആയതു കൊണ്ട് വര്‍ഗീയവാദിയാക്കാന്‍ ശ്രമം; അഞ്ച് നേരം നിസ്‌ക്കരിക്കുന്ന ആളാണെന്ന് പറഞ്ഞതാണ് പ്രശ്‌നം; പോലീസില്‍ 25 ശതമാനം ക്രിമിനലുകള്‍; മൂന്ന് വര്‍ഷമായി സ്വര്‍ണം പൊട്ടിക്കലും ഗുണ്ടാ ആക്രമണങ്ങളും നടക്കുന്നു'; ചന്തക്കുന്നിലെ അന്‍വറിന്റെ പ്രസംഗം

മുസ്ലിം ആയതു കൊണ്ട് വര്‍ഗീയവാദിയാക്കാന്‍ ശ്രമം

Update: 2024-09-29 14:31 GMT

നിലമ്പൂര്‍: സിപിഎമ്മിനെയും സര്‍ക്കാറിനെയും വെല്ലുവിളിച്ച് പി.വി. അന്‍വര്‍ നിലമ്പൂരില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം. ആയിരങ്ങളാണ് അന്‍വറിനെ കേള്‍ക്കാന്‍ ചന്തക്കുന്നില്‍ സംഘടിപ്പിച്ച യോഗത്തിന് എത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പനെ അനുസ്മരിച്ചാണ് അന്‍വര്‍ പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് അന്‍വര്‍ തന്റെ പ്രസംഗത്തില്‍ മുന്‍പ് ഉന്നയിച്ച ആരോപണങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്.

തന്നെ വര്‍ഗീയവാദിയാക്കാനാണ് ശ്രമം എന്ന് പി വി അന്‍വര്‍ പറഞ്ഞു. പേര് നോക്കി വര്‍ഗീയവാദിയാക്കുന്ന കാലമാണ് ഇതെന്നും എല്ലാവരേയും ഒന്നായേ താന്‍ കണ്ടിട്ടുള്ളൂവെന്നും അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു. സി.പി.എമ്മിനെതിരേ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെതന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ രീതിയില്‍ നിങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് കരുതിയതല്ലെന്നും നിലമ്പൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

മനുഷ്യനെ വര്‍ഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്. ഒരാള്‍ ഒരു വിഷയം ഉന്നയിച്ചാല്‍ ആ വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം. എന്റെ പേര് അന്‍വര്‍ ആയതുകൊണ്ട് മുസ്ലിം വര്‍ഗീയ വാദിയാക്കാനുള്ള പരിശ്രമമാണ്. അഞ്ചുനേരം നമസ്‌കരിക്കുന്നവരാണ് എന്നതാണ് ഇപ്പോള്‍ വലിയ ചര്‍ച്ച.- അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ ചന്തക്കുന്നിലെ ബസ്സ്റ്റാന്‍ഡിനടുത്താണ് വന്‍ ജനാവലി പങ്കെടുത്ത യോഗം നടക്കുന്നത്. സിപിഎം മുന്‍ പ്രാദേശിക നേതാവും അന്‍വറിനൊപ്പം വേദിയിലെത്തി. സിപിഎം മരുത മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.എ സുകുവാണ് വേദിയിലെത്തി യോഗത്തിന് സ്വാഗതം പറഞ്ഞത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നും സമീപ ജില്ലകളില്‍നിന്നും ആളുകള്‍ പരിപാടിക്കെത്തി. വൈകുന്നേരം 6.30ഓടെ പ്രകടനമായാണ് അന്‍വര്‍ യോഗസ്ഥലത്തേക്ക് എത്തിയത്.

സിപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മേളനത്തിയവരിലുണ്ട്. അന്‍വര്‍ പറയുന്നത് കേള്‍ക്കാനാണെത്തിയതെന്നായിരുന്നു സ്ഥലത്ത് നിന്നും ജനങ്ങള്‍ പ്രതികരിച്ചത്. അന്‍വറിന്റെ അടുത്ത നീക്കമെന്തെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയ കേരളം. മാമി തിരോധാനവുമായി ബന്ധപ്പെട്ട് നാളെ മുതലക്കുളത്ത് നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. മലപ്പുറം ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി വരും ദിവസങ്ങളില്‍ പൊതുസമ്മേളനം നടത്താനാണ് അന്‍വര്‍ തീരുമാനിച്ചിട്ടുള്ളത്.

സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച ശേഷം പി.വി അന്‍വര്‍ എംഎല്‍എയുടെ ആദ്യ വിശദീകരണയോഗമാണ് ഇന്ന് നടക്കുന്നത്. മുഖ്യമന്ത്രിക്കും പൊലീസിനും സിപി.എമ്മിനും എതിരായ വിമര്‍ശനമാകും പ്രധാനമായും ഉണ്ടാവുക.

Tags:    

Similar News