യുഡിഎഫ് സ്ഥാനാര്‍ഥിയെ അപമാനിച്ച അന്‍വറിനോട് നോ കോംപ്രമൈസ് ലൈനില്‍ കോണ്‍ഗ്രസ്; തൃണമൂലിനെ യുഡിഎഫില്‍ ഘടകകക്ഷി ആക്കിയില്ലെങ്കില്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കി അന്‍വറും; വിലപേശലിന് വഴങ്ങില്ല, ആരാണ് മുഖ്യശത്രുവെന്ന് അന്‍വര്‍ നിലപാട് അറിയിക്കട്ടെയെന്ന് കോണ്‍ഗ്രസ്; എല്‍ഡിഎഫ് ഇല്ലത്തു നിന്നും ഇറങ്ങിയ അന്‍വര്‍ അമ്മാത്ത് എത്തില്ല..?
എല്‍ഡിഎഫ് ഇല്ലത്തു നിന്നും ഇറങ്ങിയ അന്‍വര്‍ അമ്മാത്ത് എത്തില്ല..?
മലപ്പുറം: പി വി അന്‍വറിന് മുന്നില്‍ യുഡിഎഫ് പ്രവേശന സാധ്യതകള്‍ അടയുന്നു. നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെ അവഹേളിച്ചു കൊണ്ട് രംഗത്തുവന്ന അന്‍വറിനെതിരെ കടുത്ത അമര്‍ഷമാണ് കോണ്‍ഗ്രസിനുള്ളില്‍ രൂപം കൊണ്ടിരിക്കുന്നത്. മുന്നണിയില്‍ കയറാന്‍ വേണ്ടി കോണ്‍ഗ്രസുമായി വീണ്ടും വിലപേശുന്ന അന്‍വറിനെ അനുനയിപ്പിക്കാന്‍ നില്‍ക്കാതെ സ്വന്തം നിലയില്‍ പ്രചരണങ്ങളുമായി മുന്നോട്ടു പോകാനാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയില്‍ കയറാന്‍ വേണ്ടി ഇങ്ങനെ വിലപേശുന്ന അന്‍വറുമായി എങ്ങനെ മുന്നോട്ടു പോകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. അതുകൊണ്ട് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി. ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കണക്കാക്കുന്നത്. മുസ്ലിം ലീഗിലും അന്‍വറിന്റെ നിലപാടില്‍ അമര്‍ശമുണ്ടായിട്ടുണ്ട്. ഒറ്റക്കെട്ടായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിള്ളലുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്‍വറിനോട് സംസാരിച്ച് ധാരണയിലെത്തിയിരുന്നു. എന്നാല്‍ എല്ലാ ധാരണയും കാറ്റില്‍ പറത്തുന്ന സമീപനമായിരുന്നു കഴിഞ്ഞ ദിവസം അന്‍വറിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. സ്ഥാനാര്‍ത്ഥിക്ക് മോശം പ്രതിച്ഛായ മാധ്യമങ്ങളിലൂടെയുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വിമര്‍ശനം. നേരത്തെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച അന്‍വര്‍ എന്തിനാണ് നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതെന്ന ചോദ്യവും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അന്‍വറിന്റെ പ്രസ്താവന ലളിതമായി കാണുന്നില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍കുമാറും വ്്യക്തമക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ അന്‍വര്‍ നടത്തിയ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അന്‍വറിനോടുള്ള കോണ്‍ഗ്രസിന്റെ അതൃപ്തി പരസ്യമാക്കുന്നതായിരുന്നു എ പി അനില്‍കുമാറിന്റെ പ്രതികരണം.
അതേസമയം കോണ്‍ഗ്രസ് കൈവിടുമെന്ന സൂചന വന്നതോടെ അവസാനവട്ട ബ്ലാക്‌മെയില്‍ തന്ത്രമാണ് അന്‍വര്‍ പയറ്റുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന് യുഡിഎഫില്‍ പ്രവേശനം അനുവദിച്ചില്ലെങ്കില്‍ അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. യുഡിഎഫിന് രണ്ടു ദിവസത്തെ സമയം നല്‍കുമെന്നും തീരുമാനമായില്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് ടിഎംസി നിലമ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇഎ സുകു പറഞ്ഞു.
'യുഡിഎഫ് പ്രവേശനത്തില്‍ തീരുമാനം ഇല്ലെങ്കില്‍ പി.വി അന്‍വര്‍ മത്സരിക്കും. യുഡിഎഫ് പ്രവേശനത്തിന് കത്ത് നല്‍കി അഞ്ചുമാസം ആയിട്ടും തീരുമാനമായിട്ടില്ല.യുഡിഎഫുമായി വിലപേശലല്ല നടക്കുന്നത്. നാളിതു വരെ മുന്നണി പ്രവേശനത്തില്‍ നടപടി ഇല്ലാത്തതിനാലാണ് തീരുമാനമെന്നും ഇഎ സുകു പറഞ്ഞു. 'അന്‍വറിന് ജയിക്കുന്ന സാഹചര്യം നിലമ്പൂരില്‍ ഉണ്ട്.യുഡിഎഫ് ഘടകകക്ഷികള്‍ക്ക് തുല്യമായ പരിഗണന വേണം.വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ചൂണ്ടിക്കാണിക്കുകയാണ് അന്‍വര്‍ ചെയ്തത്'.ഞങ്ങളോട് നീതി കാണിക്കുന്നില്ലെങ്കില്‍ അതിന്റേതായ തീരുമാനം എടുക്കേണ്ടി വരുമെന്നും ടിഎംസി നേതാക്കള്‍ പറഞ്ഞു.
അതേസമയം ടിഎംസിയുടെ വിലപേശലിന് കോണ്‍ഗ്രസ് വഴങ്ങില്ലന്നാണ് സൂചന. അങ്ങനെയെങ്കിലു യുഡിഎഫിലും കയറാന്‍ കഴിയാത്ത അവസ്ഥയിലേക്ക് അന്‍വര്‍ പോയേക്കും. അതേസമയം കോണ്‍ഗ്രസ് കടുംപിടുത്തം തുടരുമ്പോല്‍ ലീഗ് നേതാക്കളെ കണ്ട് അനുനയ ശ്രമത്തിനാണ് അന്‍വര്‍ ഒരുങ്ങുന്നത്. പി.കെ കുഞ്ഞാലിക്കുട്ടിയെയും പിഎംഎ സലാമിനെയും കാണുമെന്നാണ് വിവരം. മലപ്പുറം കാരത്തോടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ വീട്ടില്‍ വെച്ചാകും കൂടിക്കാഴ്ച നടക്കുന്നത്.
അതേസമയം, പി. വി അന്‍വറിനെ അനുനയിപ്പിക്കാന്‍ മുസ്ലിം ലീഗ് ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി. വി അബ്ദുല്‍ വഹാബ് എം. പിയും പഞ്ഞു. പി. വി അന്‍വര്‍ യുഡിഎഫിനോപ്പം നില്‍ക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പി. വി അബ്ദുല്‍ വഹാബ് വ്യക്തമാക്കി.
പി വി അന്‍വര്‍ രാജിവെച്ചതോടെ ഒഴിവ് വന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 23 നാണ് വോട്ടെണ്ണല്‍. നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂണ്‍ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂണ്‍ രണ്ടിനാണ് നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി. നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ചാണ്.