ചെന്താരകം പാര്‍ട്ടിയ്ക്കുള്ളില്‍ പൊട്ടിത്തെറിച്ചപ്പോള്‍ പുറത്ത് വെല്ലുവിളി നടത്തിയ പദ്മകുമാര്‍; സുരേഷ് കുറുപ്പിന്റെ ഇടപെടല്‍ രീതിയും മാതൃകയാക്കിയില്ല; എന്നിട്ടും പത്തനംതിട്ടയില്‍ സിപിഎം മൃദു സമീപനത്തിലേക്കോ? ആറന്മുളയിലെ മുതിര്‍ന്ന നേതാവിനെ പുറത്താക്കില്ല; രാജു എബ്രഹാം ഫാക്ടര്‍ നിര്‍ണ്ണായകം; പദ്മകുമാര്‍ ജില്ലാ കമ്മറ്റയില്‍ പങ്കെടുക്കും

Update: 2025-03-11 04:54 GMT

പത്തനംതിട്ട: പദവിയുടെ പേരില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച മുതിര്‍ന്ന നേതാവ് എ. പദ്മകുമാറിനെതിരെ സിപിഎം നടപടി വരാന്‍ സാധ്യതയില്ല. കര്‍ശന നടപടി ഉണ്ടാകില്ല. നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യ പ്രതിഷേധത്തില്‍ ശക്തമായ നടപടി വേണമെന്ന അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറി രാജു എബ്രാഹാം മറിച്ചുള്ള നിലപാടിലാണ്. പദ്മകുമാറിനെ കാണാന്‍ ആറന്മുളയിലെ വീട്ടില്‍ ഇന്നലെ രാത്രി ബിജെപി നേതാക്കള്‍ എത്തിയതിലും നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. പക്ഷേ ബിജെപിയില്‍ ചേരില്ലെന്ന് പദ്മകുമാര്‍ വിശദീകരിച്ചിട്ടുണ്ട്. തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിലാണ് പദ്മകുമാറിന്റെ വിരോധം. കൊല്ലം സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ പദ്മകുമാര്‍ അച്ചടക്ക നടപടിയെ ഭയക്കുന്നില്ലെന്നും തുറന്നടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ പദ്മകുമാറും പങ്കെടുക്കില്ലെന്ന വിലയിരുത്തല്‍ വന്നു. പക്ഷേ രാജു എബ്രഹാം തന്ത്രപരമായ ഇടപെടല്‍ നടത്തി. തുടര്‍ന്ന് തന്റേത് വൈകാരിക പ്രതികരണമായിരുന്നുവെന്ന തിരുത്തലുമായി പദ്മകുമാറും രംഗത്തു വന്നു. അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പരസ്യ പ്രതികരണം തെറ്റായി പോയി എന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.ഇതോടെ പദ്മകുമാറിനെതിരെ കടുത്ത നടപടികള്‍ സിപിഎം എടുക്കില്ല. വൈകാരികമായി പറഞ്ഞതെല്ലാം പിന്‍വലിക്കുന്നുവെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളന തീരുമാനത്തിനെതിരേ എ.പദ്മകുമാറിന്റെ നടത്തിയ ആഞ്ഞടിക്കല്‍ പത്തനംതിട്ടയിലെ സിപിഎമ്മിനേയും ഞെട്ടിച്ചു. കണ്ണൂരിലെ ചെന്താരകമായ പി ജയരാജന് പോലും കഴിയാത്ത ധൈര്യമാണ് പദ്മകുമാര്‍ കാട്ടിയത്. പി ജയരാജന്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം നടത്തി. അതിന് അപ്പുറത്തേക്ക് വിമര്‍ശനത്തിന് പിജെ പോലും ധൈര്യം കാട്ടുന്നില്ല. കോട്ടയത്തെ മുന്‍ എംപി സുരേഷ് കുറുപ്പും ബഹളമുണ്ടാക്കാതെയാണ് സിപിഎം കമ്മറ്റികളില്‍ നിന്നും മാറിയത്. ഞാന്‍ 66-ാം വയസ്സില്‍ എല്ലാം ത്യജിക്കുന്നുവെന്നാണ് പദ്മകുമാര്‍ പറഞ്ഞത്. മന്ത്രി വീണാജോര്‍ജിനെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതാണ് തന്റെ അതൃപ്തിക്ക് കാരണമെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും പതിവായി താന്‍ തഴയപ്പെടുന്നതിലുള്ള വികാരവും ഒപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. എം.എല്‍.എ., ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ടെങ്കിലും 52 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹത്തിന് പാര്‍ട്ടിയില്‍ ജില്ലയ്ക്കപ്പുറത്തേക്ക് പാര്‍ട്ടിയില്‍ പദവി ഒന്നും ലഭിച്ചില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് രാജു എബ്രഹാം ഇടപെട്ടത്.

പരസ്യമായി പാര്‍ട്ടിയുടെ തീരുമാനത്തെ ചോദ്യംചെയ്ത പദ്മകുമാറിനെ ജില്ലാസെക്രട്ടറി രാജു എബ്രഹാം, ജില്ലാ കമ്മിറ്റിയംഗവും സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ബി. ഹര്‍ഷകുമാര്‍ എന്നിവര്‍ വീട്ടില്‍വന്നുകണ്ടത് പാര്‍ട്ടിയില്‍ പതിവില്ലാത്ത മറ്റൊരു കാര്യമായി. വിഷയം ജില്ലാകമ്മിറ്റി ചര്‍ച്ചചെയ്യുമെന്നും തുടര്‍നടപടി അതിനുശേഷമായിരിക്കും ഉണ്ടാവുകയെന്നും രാജു എബ്രഹാം വ്യക്തമാക്കി. സമ്മേളനത്തിന്റെ സമാപനദിവസം സംസ്ഥാനസമിതി അംഗങ്ങളുടെ പട്ടികവന്നശേഷം അതില്‍ താനില്ലെന്നറിഞ്ഞതോടെയാണ് പദ്മകുമാര്‍ ഇടഞ്ഞത്. 52 വര്‍ഷമായി പ്രവര്‍ത്തനരംഗത്തുള്ള തന്നെ അവഹേളിച്ചതായിക്കാണിച്ച് ഫെയ്സ്ബുക്കിലിട്ട പോസ്റ്റായിരുന്നു തുടക്കം. പിന്നീട് വാചകങ്ങള്‍ പിന്‍വലിച്ചെങ്കിലും നിരാശനായിരിക്കുന്ന ചിത്രം നിലനിര്‍ത്തി. പിന്നീട് പരസ്യ വിമര്‍ശനവും നടത്തി. അതിന് ശേഷം രാജു എബ്രഹാം നിരന്തരം ബന്ധപ്പെട്ടു. ഇതോടെ പദ്മകുമാറും നിലപാടില്‍ നിന്നും പിന്നോട്ട് പോയി. ജില്ലാ കമ്മറ്റിയില്‍ പങ്കെടുക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.

1983-ല്‍ ആദ്യ ജില്ലാസമ്മേളനം മുതല്‍ ജില്ലാ കമ്മിറ്റിയംഗമാണ് പദ്മകുമാര്‍. 36 വര്‍ഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. ഇത്തവണത്തെ ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരില്‍ ഒരാളായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയിലെത്തുമെന്ന പ്രതീക്ഷ പുലര്‍ത്തിയിരുന്ന ചിലര്‍ ജില്ലയിലുണ്ടായിരുന്നു. അവരും നിരാശരാണ്. നിലവില്‍ സി.പി.എം. മന്ത്രിമാരെല്ലാം സംസ്ഥാനകമ്മിറ്റിയിലുണ്ട്. അതുകൊണ്ടാണ് സിപിഎം വീണയെ പരിഗണിച്ചത്. ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവും. പരസ്യമായി പറയുകയല്ല വേണ്ടത്. പറയേണ്ട വേദികളില്‍ പറയണം. പല പ്രതികരണങ്ങള്‍ ഇനിയുമുണ്ടാകാമെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യം പദ്മകുമാറിനേയും അറിയിച്ചു.

പദ്മകുമാര്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിശോധിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. മന്ത്രി വീണാ ജോര്‍ജ് സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മന്ത്രിമാര്‍ സംസ്ഥാന സമിതിയില്‍ ഇല്ലെങ്കില്‍ അവരെ ക്ഷണിതാവാക്കാറുണ്ട്. സി. രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാന സമിതിയിലേക്ക് ക്ഷണിച്ചിരുന്നു. നയപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതിയില്‍ മന്ത്രിമാരെ ക്ഷണിക്കാറുണ്ട്. പദ്മകുമാര്‍ അഭിപ്രായം പറയേണ്ടത് അദ്ദേഹത്തിന്റെ ഘടകത്തിലാണ്. പരസ്യമായി ഉന്നയിച്ചത് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു. പദ്മകുമാറിനേയും രാജു എബ്രഹാം എല്ലാം പറഞ്ഞു മനസ്സിലാക്കി.

അതിനിടെ ബി.ജെ.പി. നേതാക്കള്‍ വീട്ടിലെത്തിയതില്‍ പദ്മകുമാര്‍ പ്രതികരിച്ച രീതിയും ശ്രദ്ധേയമായി. ബി.ജെ.പി. പ്രസിഡന്റും മറ്റൊരാളും താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നതെന്നും ബി.ജെ.പിയില്‍ ചേരില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് ബി.ജെ.പി. പത്തനംതിട്ട ജില്ലാ പ്രസിഡന്റും ജോയന്റ്. സെക്രട്ടറിയും ആറന്മുളയിലെ വീട്ടിലെത്തിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റും മറ്റൊരാളും ഇവിടെ വന്നുവെന്ന് പറയുന്നത് കേട്ടു. ഞാന്‍ എസ്.ഡി.പി.ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരുന്ന പ്രശ്നമില്ല. അത് പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. - എ പദ്മകുമാര്‍ പറഞ്ഞു. ഇവര്‍ താനില്ലാത്ത സമയത്താണ് വീട്ടിലേക്ക് വന്നത്. തന്റെ അനുവാദം കൂടാതെയാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതെന്നും മുറിയുടെ ചിത്രം പകര്‍ത്തിയെന്നും പദ്മകുമാര്‍ പറഞ്ഞു.

Tags:    

Similar News