'ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്; ഇഎംഎസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോ? ഹെഡ്‌ഗേവാര്‍ ദേശീയ വാദിയെന്നതിന് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി

'ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് ഇഎംഎസ് പറഞ്ഞിട്ടുണ്ട്;

Update: 2025-04-13 11:04 GMT

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ഭിന്നശേഷിക്കാര്‍ക്കായി നിര്‍മിക്കുന്ന നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാറിന്റെ പേരിട്ടതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി. ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമര പോരാളിയാണെന്നും ഹെഡ്‌ഗേവാറിന്റെ പേരിലെ ആദ്യ സ്ഥാപനമല്ല ഇതെന്നും ബിജെപി വ്യക്തമാക്കി. പാര്‍ട്ടി നേതാക്കളായ പാലക്കാട് ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ അഡ്വ. ഇ കൃഷ്ണദാസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കി.

ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് പറഞ്ഞിട്ടുണ്ട്. ഇഎംഎസിന്റെ പ്രസ്താവനയെ സിപിഎം തള്ളിപറയുമോയെന്നും ബിജെപി നേതാക്കള്‍ ചോദിച്ചു. ഹെഡ്‌ഗേവാര്‍ ദേശീയ വാദിയെന്നതിന് കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ബിജെപി വ്യക്തമാക്കി. '

മലപ്പുറം ജില്ലയില്‍ വാരിയംകുന്നന്‍ സ്മാരകം ഉള്‍പ്പെടെ സ്ഥാപിച്ചു. ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമല്ലാത്ത ആളുകളുടെ പേര് പല സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ഇതെല്ലാം മുസ്ലിംവല്‍ക്കരണമാണെന്ന് പറയാന്‍ തയാറാകുമോ? മലപ്പുറത്ത് ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നന്റെ പേരിട്ടതിന് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കണം.പരിചിതമല്ലാത്ത പല രീതികളും കേരളത്തില്‍ വരുന്നുണ്ട്. മതരാഷ്ട്രം കൈകാര്യം ചെയ്യുന്നവര്‍ പലതും തിരികികയറ്റാന്‍ ശ്രമിക്കുന്നു. പേരല്ല പ്രശ്‌നം.

പദ്ധതി നടപ്പക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കാതിരിക്കാന്‍ ശ്രമിച്ച പാലക്കാട് എംഎല്‍എ ഭിന്നശേഷിക്കാരോടും മാതാപിതാക്കളോടും പരസ്യമായി മാപ്പ് പറയണം. പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി. പൊലീസ് നടപടിയെടുക്കാത്തതിനാല്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. ഹെഡ്‌ഗേവാറിനെ അപമാനിച്ചതില്‍ എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും'- ബിജെപി കൂട്ടിച്ചേര്‍ത്തു.

നൈപുണ്യ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തറക്കല്ല് ഇടേണ്ട സ്ഥലത്ത് വാഴത്തൈകള്‍ നട്ടാണ് ഇവര്‍ പ്രതിഷേധിച്ചത്. ഇതോടെ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Tags:    

Similar News